ആഗോള ഐടി ചെലവിടല്‍ 3.9 ട്രില്യണ്‍ ഡോളറിലേക്ക് എത്തും

ആഗോള ഐടി ചെലവിടല്‍ 3.9 ട്രില്യണ്‍ ഡോളറിലേക്ക് എത്തും

ക്ലൗഡിലെ ചെലവിടല്‍ വേഗത്തില്‍ വര്‍ധിക്കും

പൂനെ: ആഗോള ഐടി ചെലവിടല്‍ 2020 ല്‍ 3.4 ശതമാനം വര്‍ധിച്ച് 3.9 ട്രില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് ഗാര്‍ട്ട്‌നര്‍ ഇന്‍കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ പ്രവചനം. അടുത്ത വര്‍ഷം ഇത് 4 ട്രില്യണ്‍ ഡോളര്‍ മറി കടക്കുമെന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ-ഉപദേശക സ്ഥാപനം നിരീക്ഷിക്കുന്നു.

‘രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിന് അടുത്തെത്തിച്ചെങ്കിലും അത് 2019 ല്‍ സംഭവിച്ചില്ല, 2020 ലും അതിനുശേഷവും മാന്ദ്യം അഭിമുഖീകരിക്കേണ്ട സാഹചര്യം ഉണ്ടാകില്ല,’ ഗാര്‍ട്‌നറിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജോണ്‍ഡേവിഡ് ലൗലോക്ക് പറഞ്ഞു.
ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍, വരുമാന വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ബിസിനസുകള്‍ ഐടിയിലെ നിക്ഷേപം ഇരട്ടിയാക്കുന്നു. പക്ഷേ, അവരുടെ ഐടി ചെലവിടല്‍ രീതികളും മുന്‍ഗണനകളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം അതിവേഗം വളരുന്ന പ്രധാന മേഖലയായിരിക്കും സോഫ്റ്റ്‌വെയര്‍. നിഗമനം അനുസരിച്ച് 10.5 ശതമാനം വളര്‍ച്ച ഈ മേഖലയിലെ ചെലവിടലില്‍ ഉണ്ടാകും. സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് അഥവാ സാസ് എന്നറിയപ്പെടുന്ന മേഖലയായിരിക്കും പുതിയ ചെലവിടുകളില്‍ ഏറെയും സ്വന്തമാക്കുക. ക്ലൗഡ് അല്ലാത്ത സോഫ്റ്റ്‌വെയറുകളിലെ ചെലവിടലും മന്ദഗതിയിലാണെങ്കിലും വളര്‍ച്ച തുടരുമെന്നാണ് കരുതപന്നത്. ലൈസന്‍സ് അധിഷ്ഠിത സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം 2023 വരെ വിപുലീകരണത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കായുള്ള എന്റര്‍പ്രൈസ് ഐടി ചെലവിടലുകള്‍ 2022 ഓടെ പരമ്പരാഗത (ക്ലൗഡ് ഇതര) ഐടി സേവനങ്ങള്‍ക്കായുള്ള ചെലവിടലുകളേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുമെന്ന് ഗാര്‍ട്ട്‌നര്‍ അഭിപ്രായപ്പെടുന്നു. ഐടി ചെലവിടലുകള്‍ക്കായി ഉയര്‍ന്ന തുക നീക്കിവെക്കുന്ന സംരംഭങ്ങള്‍ ക്ലൗഡിലേക്കുള്ള മാറ്റം വേഗത്തില്‍ ആക്കുന്നതും ഭാവിയിലേക്കുള്ള സൂചന മനസിലാക്കിയാെേണന്ന് ഗാര്‍ട്‌നര്‍ നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy
Tags: global IT