ഗഗന്‍യാന്‍ മാതൃകയില്‍ കൂടുതല്‍ പദ്ധതികളും സ്‌പേസ് സ്റ്റേഷനും

ഗഗന്‍യാന്‍ മാതൃകയില്‍ കൂടുതല്‍ പദ്ധതികളും സ്‌പേസ് സ്റ്റേഷനും

2022 ജനുവരിയില്‍ ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്‍ പദ്ധതിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഐഎസ്ആര്‍ഒ. 2022 ജനുവരിയിലേക്കാണ് ഗഗന്‍യാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന കൂടുതല്‍ പദ്ധതികളും സ്‌പേസ് സ്റ്റേഷനുമാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്ന പ്രധാന കാര്യങ്ങളെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കിയിരുന്നു.

ഗഗന്‍യാന്‍ പദ്ധതി വിജയത്തിലെത്തിച്ച ശേഷം സമാനമായ നിരവധി പദ്ധതികള്‍ സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം സ്‌പേസ് സ്റ്റേഷനും-അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ കേന്ദ്രമായി ഐഎസ്ആര്‍ഒ യ്ക്ക് കീഴില്‍ ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററിന് (എച്ച്എസ്എഫ്‌സി) കഴിഞ്ഞ വര്‍ഷമാണ് രൂപം നല്‍കിയത്. മൂന്ന് ബഹിരാകാശ യാത്രികരുമായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് ചെലവിട്ട ശേഷം സുരക്ഷിതമായി അവരെ തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ഉദ്ദേശ്യം.

ആറ് വിക്ഷേപണ വാഹന ദൗത്യങ്ങളും ഏഴ് ഉപഗ്രഹ ദൗത്യങ്ങളുമായി 13 ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഐസ്ആര്‍ഒയ്ക്ക് സാധിച്ചിരുന്നു. ഏഴ് രാജ്യങ്ങളില്‍ നിന്നായി 50 വിദേശ ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കുകയും ചെയ്തു. പിഎസ്എല്‍വി-സി44 ജനുവരി 24ന് മൈക്രോസാറ്റ്- ആര്‍, കലാംസാറ്റ്- വി2 എന്നിവ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്ന് ഫെബ്രുവരി 6ന് ജി സാറ്റ് 31 വാര്‍ത്താവിനിമയ ഉപഗ്രഹം ഏരിയന്‍ സ്‌പേസ് റോക്കറ്റില്‍ വിജയകരമായി നിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഏപ്രില്‍ ഒന്നിന് പിഎസ്എല്‍വി- സി45ല്‍ എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് മേയില്‍ റിസാറ്റ് 2ബി റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹം പിഎസ്എല്‍വി സി46ല്‍ വിജയകരമായി വിക്ഷേപിച്ചതും ശ്രദ്ധേയമായി.

ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം, ജിഎസ്എല്‍വി എംകെ 3 എം1 വിക്ഷേപണം ജൂലൈ 22നാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. നാല് ടണ്‍ ഭാരം വരുന്ന ഉപഗ്രഹം ജിയോസിംക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റി(ജിറ്റിഒ)ല്‍ എത്തിക്കാന്‍ ഈ വിക്ഷേപണ വാഹനം പര്യാപ്തമാണ്. ഈ ദൗത്യം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ വാഹനത്തെ അതിന്റെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിച്ചു.

മൂന്നാം തലമുറ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3, റിസാറ്റ് 2ബിആര്‍1 റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹം തുടങ്ങിയവയും പോയ വര്‍ഷമാണ് നിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം)’ മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചുവെന്നതും ശ്രദ്ധേയ നേട്ടമായി.

പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) പ്രവര്‍ത്തനം തുടങ്ങിയതും ഐഎസ്ആര്‍ഒയ്ക്ക് കരുത്ത് പകരും. ഇന്ത്യയിലെ വ്യവസായങ്ങളെ ഉപഗ്രഹ സംവിധാനവുമായിച്ചേര്‍ത്ത് ഉല്‍പ്പാദനക്ഷമമാക്കുകയും രാജ്യത്തിന്റെ ഉപഗ്രഹ പരിപാടികളില്‍ നിന്നുണ്ടാകുന്ന വാണിജ്യപരമായ അവസരങ്ങള്‍ വിനിയോഗിക്കുകയുമാണ് എന്‍എസ്‌ഐഎല്ലിന്റെ പ്രവര്‍ത്തനം.

Comments

comments

Categories: FK News