തുടര്‍ച്ചയായ അഞ്ചാം മാസവും കയറ്റുമതിയില്‍ ഇടിവ്

തുടര്‍ച്ചയായ അഞ്ചാം മാസവും കയറ്റുമതിയില്‍ ഇടിവ്

ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത് 8.8 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ അഞ്ചാം മാസവും രാജ്യത്തു നിന്നുള്ള കയറ്റുമതി ചുരുങ്ങിയതായി വാണിജ്യ വ്യവസായ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്‌കരിച്ച പെട്രോളിയം കയറ്റുമതിയില്‍ ഉണ്ടായ ഇടിവും വിദേശനാണ്യം നേടിത്തരുന്ന മേഖലകളെയെല്ലാം പൊതുവില്‍ ബാധിച്ചിട്ടുള്ള മാന്ദ്യയവുമാണ് ഡിസംബറില്‍ കയറ്റുകതിയെ പരിമിതപ്പെടുത്തിയത്. മുന്‍ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 2019 ഡിസംബറില്‍ കയറ്റുമതി ഇടിവ് 1.8 ശതമാനമാണ്. നവംബറിലെ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

2019-20 സാമ്പത്തിക വര്‍ഷത്തെ (എഫ്‌വൈ 20) ആദ്യ ഒമ്പത് മാസങ്ങളില്‍ ആറെണ്ണത്തിലും കയറ്റുമതി ചുരുങ്ങുകയായിരുന്നു. ഡിസംബര്‍ വരെയുള്ള മൊത്തം കയറ്റുമതി 239 ബില്യണ്‍ ഡോളറാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ രണ്ട് ശതമാനം കുറവാണ് കയറ്റുമതി. ഇറക്കുമതിയിലും ഡിസംബറില്‍ ഇടിവാണ് രേഖപ്പെടുത്തിയത്, 8.8 ശതമാനം. നടപ്പു സാമ്പത്തിക വര്‍ഷം ഏഴാം മാസമാണ് ഇറക്കുമതി കുറയുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ, വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ദുര്‍ബലാവസ്ഥയില്‍ തുടരുന്നതാണ് ഇതിന് കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 16.4 ശതമാനം ഇടിവ് ഇറക്കുമതിയില്‍ രേഖപ്പെടുത്തിയ ഒക്‌റ്റോബറിന് ശേഷം ഇറക്കുമതിയിലെ ഇടിവ് മയപ്പെട്ടിട്ടുണ്ട്. ഏപ്രില്‍-ഒക്‌റ്റോാബര്‍ കാലയളവില്‍ ഇന്ത്യ 306 ബില്യണ്‍ ഡോളര്‍ വിലവരുന്ന ഇറക്കുമതിയാണ് നടത്തിയിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 8.37 ശതമാനം കുറവാണിത്.

ഇറക്കുമതിയിലെ വന്‍ ഇടിവിന്റെ പശ്ചാത്തലത്തില്‍, ചരക്ക് വ്യാപാരക്കമ്മി താരതമ്യേന താഴ്ന്ന നിലയില്‍ എത്തി. ഡിസംബറില്‍ 11.2 ബില്യണ്‍ ഡോളറാണ് വ്യാപാരക്കമ്മി. നവംബറിലെ 12.1 ബില്യണ്‍ ഡോളറിനേക്കാള്‍ അല്‍പ്പം കുറവാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വ്യാപാരക്കമ്മി ഡിസംബര്‍ വരെ 118 ബില്യണ്‍ ഡോളറാണ്. വ്യാവസായിക ഉല്‍പ്പന്നങ്ങളായ കല്‍ക്കരി, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, ഫെറസ് ഇതര ലോഹങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം ഇറക്കുമതിയില്‍ അനുഭവപ്പെട്ട വിപുലമായ ഇടിവാണ് വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് പ്രധാനമായും ഇടയാക്കിയിട്ടുള്ളത്. വിലയേറിയ രത്‌നങ്ങള്‍ പോലുള്ള ഉപഭോക്തൃവസ്തുക്കളുടെ ഇറക്കുമതിയും കുറഞ്ഞെന്ന് എസിആര്‍എയിലെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നയര്‍ പറഞ്ഞു.

ഡിസംബറില്‍ കയറ്റുമതി 27.36 ബില്യണ്‍ ഡോളറായിരുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 30 പ്രധാന കയറ്റുമതി മേഖലകളില്‍ 19 എണ്ണത്തിലും ഇടിവ് രേഖപ്പെടുത്തി. സംസ്‌കരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി ഡിസംബറില്‍ 4.2 ശതമാനം കുറഞ്ഞ് 3.8 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ നവംബറിലെ 13 ശതമാനം ഇടിവിനേക്കാള്‍ കുറവാണിത്. രത്‌ന-ആഭരണ കയറ്റുമതി എട്ട് ശതമാനം കുറഞ്ഞ് ഡിസംബറില്‍ 2.8 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ മേഖലയില്‍ മാന്ദ്യം നേരിടുകയാണ്.

എന്‍ജിനീയറിംഗ് കയറ്റുമതി ഡിസംബറില്‍ 1.2 ശതമാനം ചുരുങ്ങി. നവംബറില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വിദേശ നാണ്യത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖലയിലെ കയറ്റുമതി തുടര്‍ച്ചയായ ഇടിവിന് ശേഷം ഒക്‌റ്റോബറിലാണ് തിരിച്ചുവരവ് പ്രകടമാക്കിയിരുന്നത്. വസ്ത്ര കയറ്റുമതിയില്‍ നാമമാത്രമായ 2.4 ശതമാനം വളര്‍ച്ച മാത്രമാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് (30 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (13 ശതമാനം) എന്നിവയും വളര്‍ച്ച രേഖപ്പെടുത്തി.

Comments

comments

Categories: FK News
Tags: Export