ഭീകരത അവസാനിപ്പിക്കാന്‍ യുഎസിന്റെ മാര്‍ഗം സ്വീകരിക്കണം

ഭീകരത അവസാനിപ്പിക്കാന്‍ യുഎസിന്റെ മാര്‍ഗം സ്വീകരിക്കണം

പരിരക്ഷിക്കുന്നവര്‍ നിലനില്‍ക്കുമ്പോള്‍ തീവ്രവാദം നിലനില്‍ക്കുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡെല്‍ഹി: മറ്റു രാജ്യങ്ങള്‍ ഭീകരതയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം തീവ്രവാദം നിലനില്‍ക്കുമെന്ന് ഇന്ത്യയുടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരതക്കെതിരായ യുദ്ധം അവസാനിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് അവസാനിപ്പിക്കുന്നതിന് 2011 സെപ്റ്റംബറില്‍ യുഎസിലുണ്ടായ ആക്രമണത്തിനുശേഷം അവര്‍ സ്വീകരിച്ച സമ്പ്രദായം നാം പിന്തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

‘ ഭീകരതക്ക് അറുതി വരുത്തേണ്ടതുണ്ട്, 9/11 ന് ശേഷം അമേരിക്കക്കാര്‍ ആരംഭിച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ മാത്രമേ ഇത് യാഥാര്‍ത്ഥ്യമാകു. ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തെക്കുറിച്ച് നമുക്ക് മുന്നോട്ട് പോകാമെന്ന് അവര്‍ പറയുന്നു. അതിനായി നിങ്ങള്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്’ – ഇന്ത്യയുടെ സ്വാധീനമുള്ള തിങ്ക്-ടാങ്ക് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച റൈസീന സംഭാഷണത്തില്‍ ജനറല്‍ റാവത്ത് മറ്റ് ലോക നേതാക്കളോടൊപ്പം സംസാരിക്കുകയായിരുന്നു.

ഇന്ന് ശത്രുക്കള്‍ നിഴല്‍യുദ്ധത്തിന് ഭീകരരെയാണ് ഉപയോഗിക്കുന്നത്. ഇതിനായി ഭീകര്‍ക്ക് അവരെ സംരക്ഷിക്കുന്നവര്‍ ആയുധങ്ങള്‍ ലഭ്യമാക്കുന്നു, ധനസഹായം നല്‍കുന്നു, പരിശീലനവും നല്‍കുന്നു. സ്റ്റേറ്റ് തന്നെ ഭീകരത വളര്‍ത്തുമ്പോള്‍ അതിനെ നിയന്ത്രിക്കാനാവില്ല. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കണം. ഇങ്ങനെയുള്ള രാജ്യങ്ങളെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പെടുത്തുന്നത് ഒരു നല്ല നടപടിയായി തനിക്ക് തോന്നുന്നു. നയതന്ത്രതലത്തിലെ ഒറ്റപ്പെടുത്തല്‍ ഇവിടെ അനിവാര്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം പാക്കിസ്ഥാന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ജനറല്‍ റാവത്തിന്റെ പ്രസ്താവന ഇസ്ലാമാബാദിന് കര്‍ശനമായ താക്കീതായി വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാന്‍ 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഉള്‍പ്പെടെയുള്ള കൊടും ഭീകരര്‍ക്ക് അഭയം നല്‍കിയതായി ഇന്ത്യ മുന്‍പുതന്നെ ആരോപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യുഎസും താലിബാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചക്ക് ഇന്ത്യ പിന്തുണ നല്‍കിയതായും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.അവര്‍ തീവ്രവാദം അവസാനിപ്പിക്കുന്നതിന് ഈ ചര്‍ച്ച വഴിയൊരുക്കണം. കൂടാതെ അഫ്ഗാനിസ്ഥാനില്‍ യുഎസ് സാന്നിധ്യം നിലനിര്‍ത്തണ്ടതുണ്ട്. അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ നേരിടാന്‍ അഫ്ഗാന്‍ സുരക്ഷാ സേന ഇപ്പോള്‍ സജ്ജരാണെങ്കിലും അവര്‍ക്ക് ഇപ്പോഴും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനാ മേധാവി സ്ഥാനം ജനറല്‍ മനോജ് മുകുന്ദ് നരവാനെക്ക് കൈമാറിയ ജനറല്‍ റാവത്തിനെ പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായും നിയമിച്ചിരുന്നു. ആയുധശേഖരണ നടപടിപടിക്രമങ്ങളില്‍ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനും അദ്ദേഹത്തിന് ചുമതലയുണ്ട്.

Comments

comments

Categories: FK News