ഒരുങ്ങിയിറങ്ങിയ ‘ആപ്പി’നുള്ളില്‍ പുകയുന്നത് അസ്വാരസ്യങ്ങള്‍

ഒരുങ്ങിയിറങ്ങിയ ‘ആപ്പി’നുള്ളില്‍ പുകയുന്നത് അസ്വാരസ്യങ്ങള്‍
  • പാര്‍ട്ടി അവഗണിച്ചത് 15 എംഎല്‍എമാരെ
  • ദിവസങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയിലെത്തിയവര്‍ക്ക് ടിക്കറ്റ്

ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടി പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു. അതിനുകാരണം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ അസ്വാരസ്യങ്ങളും അസംതൃപ്തിയുമാണ്. പാര്‍ട്ടിയുടെ 2015ലെ മികച്ച വിജയത്തിന് ചുക്കാന്‍ പിടിച്ച പലരെയും ഇക്കുറി അവഗണിച്ചതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലര്‍ ആപ്പ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പണംകൈപ്പറ്റിയതായി ആരോപിച്ച് രാജിവെച്ചിട്ടുമുണ്ട്. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്നാണ് സംശയിക്കപ്പെടുന്നത്. എന്തായാലും ഈ ആരോപണം പ്രതിപക്ഷത്തിന് പ്രചാരണത്തിനിടെലഭിക്കുന്ന ശക്തമായ ആയുധമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല.

ഒരുകാലത്ത് ന്യൂഡെല്‍ഹിയിലെ ജനപഥങ്ങളില്‍ മികച്ച സ്വാധീനം നേടിക്കൊണ്ടാണ് അരവിന്ദ് കേജ്‌രിവാള്‍ അധികാത്തിലെത്തിയത്. ഇന്ന് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തിലും അസംതൃപ്തിയും എല്ലാറ്റിനും പിന്നില്‍ പ്രധാനമന്ത്രിയും എന്ന പഴയ നിലപാട് പൂണമായും ഉപേക്ഷിച്ച് പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനമാണ് പുതിയ പ്രതിച്ഛായ സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. അതില്‍ അദ്ദേഹം ഏറെ മുന്നോട്ടുപോകുകയും ജനങ്ങള്‍ക്കിടയില്‍ ഒരു താരമാകുകയും ചെയ്തു. ഇപ്പോള്‍ ഭരണത്തുടര്‍ച്ച പ്രവചിക്കപ്പെട്ട തട്ടകത്തിലാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ പടപ്പുറപ്പാട് ആംആദ്മി പാര്‍ട്ടിക്ക് നേരിടേണ്ടിവരുന്നത്. ഇവിടെ പാര്‍ട്ടി എന്തുചെയ്യും എന്നതിനെ അടിസ്ഥാനമാക്കിയാകും ആപ്പിന്റെ മുന്നോട്ടുള്ള പ്രയാണം വിലയിരുത്തപ്പെടുക. എന്നാല്‍ ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തുടക്കത്തില്‍ പ്രതികരിച്ചിട്ടില്ല.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി ഉള്‍പ്പെടെ 2015 ലെ ആംആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 15 എംഎല്‍എമാരെ നേതൃത്വം അവഗണിച്ചു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഒച്ചപ്പാടാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അരവിന്ദ് കെജ്രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും കൈക്കൂലി വാങ്ങിയെന്ന് ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ ആരോപിച്ചു. അദ്ദേഹം പിന്നീട് രാജിവെച്ചു. മറ്റുള്ളവര്‍ തങ്ങളുടെ കഠിനാധ്വാനം അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. 23 പുതിയ മുഖങ്ങള്‍, 8 സ്ത്രീകള്‍, കൂറുമാറിയെത്തിയ 6 മുന്‍ കോണ്‍ഗ്രസുകാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ്.

വോട്ടര്‍മാരെ വഞ്ചിക്കുകയാണ് ആംആദ്മിപാര്‍ട്ടി ചെയ്തിരിക്കുന്നതെന്ന് എന്‍ ഡി ശര്‍മ ആരോപിച്ചു. രാം സിംഗ് നേതാജിയാണ് ശര്‍മയ്ക്കുപകരം ആപ്പിന്റെ പട്ടികയില്‍ ഇടം നേടിയത്. പാര്‍ട്ടി ടിക്കറ്റുകള്‍ നേതാക്കള്‍ വില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ മണ്ഡലത്തില്‍ ടിക്കറ്റ് 20 കോടിക്ക് ആപ്പ് വില്‍ക്കുകയായിരുന്നു. ടിക്കറ്റിനായി തന്നോട് സിസോഡിയ 10 കോടി ആവശ്യപ്പെട്ടിരുന്നതായും ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഒരു സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദര്‍ശ് ശാസ്ത്രി ആപ്പിളിലെ ഒരു ഫാന്‍സി ജോലി ഉപേക്ഷിച്ച ശേഷമാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹം ദ്വാരകയെയാണ് പ്രതിനിധീകരിക്കുന്നത്. വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പാര്‍ട്ടിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പകരമായി കോണ്‍ഗ്രസ് മേതാവും ഡെല്‍ഹിയിലെ മുന്‍ എംപിയുമായ മഹാബല്‍ മിശ്രയുടെ മകനായ വിനയ് മിശ്രയെ ആണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഏതാനും ദിവസം മുന്‍പാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഈ തീരുമാനത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അങ്ങേയറ്റം അസ്വസ്ഥനാണെന്നും മാധ്യമങ്ങളോട് ശാസ്ത്രി വ്യക്തമാക്കി. എങ്കിലും ആപ്പിനോടൊപ്പം തുടരുമെന്നും തികഞ്ഞ അസ്വസ്ഥതയോടെ ശാസ്ത്രി പറഞ്ഞു. 26/11 ആക്രമണത്തിനെതിരായ ഓപ്പറേഷനില്‍ പങ്കെടുത്ത മുന്‍ എന്‍എസ്ജി കമാന്‍ഡോയായ ഡെല്‍ഹി കന്റോണ്‍മെന്റ് എംഎല്‍എ സുരേന്ദര്‍ സിംഗിനെയും പാര്‍ട്ടി മാറ്റിയിട്ടുണ്ട്. വീരേന്ദര്‍ സിംഗ് കദിയാനെയാണ് പകരം ആപ്പ് കണ്ടെത്തിയത്. താന്‍ വളരെ കഠിനാധ്വാനം ചെയ്തിരുന്നതായി സുരേന്ദര്‍ സിംഗ് പറയുന്നു. തന്റെ മേഖലയില്‍ ജനങ്ങള്‍ ആംആദ്മിപാര്‍ട്ടിയെ അറിയുന്നത് തന്നിലൂടെയാണ്. അല്ലാതെ കേജ്‌രിവാളിലൂടെ ആയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ താന്‍ സഞ്ജയ് സിംഗിനെ സമീപിച്ചതായും സിംഗ് അവകാശപ്പെട്ടു. പാര്‍ട്ടി തീരുമാനം മാറ്റിയേക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇപ്പോഴും സുരേന്ദര്‍സിംഗ് കരുതുന്നു. ഇതേക്കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിയെക്കാണാനും പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു സ്വതന്ത്രനായി മത്സരിക്കാനാവില്ല. കാരണം തന്റെ പക്കല്‍ പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. താന്‍ ഒരു പട്ടാളക്കാരനാണ്. തനിക്ക് ഇത്രയധികം പണം എങ്ങനെ ലഭിക്കും- സിംഗ് ചോദിക്കുന്നു.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചില നേതാക്കളുടെ യോഗ്യതാപത്രങ്ങളില്‍ ചിലര്‍ക്ക് നീരസമുണ്ട്. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആം ആദ്മി കൗണ്‍സിലര്‍ അബ്ദുള്‍ റഹ്മാന്‍ ഒഴിവാക്കപ്പെട്ട നേതാക്കളില്‍ ഒരാളാണ്. എന്നാല്‍ ഇന്ന് സീലാംപൂരില്‍ നിന്നുള്ള ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് റഹ്മാന്‍. ”അക്രമത്തിന് പ്രേരിപ്പിച്ച ഒരാള്‍ക്ക് പാര്‍ട്ടിക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയുമെങ്കില്‍, ആം ആദ്മി പാര്‍ട്ടി മറ്റ് പാര്‍ട്ടികളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കും?” പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനായ മറ്റൊരു നേതാവ് പറഞ്ഞു. 2013 ലെ ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ നിരവധി കേസുകളില്‍ പ്രതിയാകുകയും കേജ്രിവാളിനെ വ്യക്തിപരമായി ലക്ഷ്യമിടുകയും ചെയ്ത മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു ഷോയിബ് ഇക്ബാല്‍. അഞ്ച് തവണ എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന് ആം ആദ്മി പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്ന ഇക്ബാലിനെ ആം ആദ്മി പാര്‍ട്ടിയിലെ അസിം അഹമ്മദ് ഖാന്‍ 2015 ല്‍ പരാജയപ്പെടുത്തിയിരുന്നു. ആം ആദ്മി മന്ത്രിസഭയില്‍ മന്ത്രിയാക്കിയ ഖാനെ കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് പിന്നീട് സഭയില്‍ നിന്ന് പുറത്താക്കി. ഖാന്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി സര്‍വേകള്‍ അദ്ദേഹത്തിന് ഒരു മോശം ചിത്രം നല്‍കിയിട്ടുണ്ടെന്ന് ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍ പറയുന്നു. പുറത്താക്കപ്പെട്ട എംഎല്‍എ മാരില്‍ ഒരാള്‍ അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

”ഞാന്‍ പാര്‍ട്ടിക്കുവേണ്ടി വളരെ കഠിനാധ്വാനം ചെയ്തു. ഇത് പാര്‍ട്ടിക്ക് അവഗണിക്കാന്‍ കഴിയില്ല. ഞങ്ങളെപ്പോലുള്ള അംഗങ്ങളെച്ചൊല്ലി ദിവസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന നേതൃയോഗം പുറത്തുനിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കിയതില്‍ തനിക്ക് അവജ്ഞ തോന്നുന്നു” ഒരു നേതാവ് കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രധാന സ്ഥാനം നല്‍കുന്നില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും മാറിയ നാല് നേതാക്കള്‍ക്കുപകരം പാര്‍ട്ടിക്ക് പുതിയ മുഖങ്ങള്‍ കണ്ടെത്തേണ്ടി വന്നിട്ടുണ്ട്.

കോണ്‍ഗ്രസില്‍ ചേര്‍ന്ന ചാന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക ലാംബയ്ക്കുപകരം ആം ആദ്മി പാര്‍ട്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രഹ്ലാദ് സാവ്നിയെ രംഗത്തിറക്കി. കേജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന് കപില്‍ മിശ്രക്കെതിരെ കാരവാല്‍ നഗറില്‍ ആപ്പ് ദുര്‍ഗേഷ് പതക്കിനെ രംഗത്തിറക്കി. ബിജെപിയില്‍ ചേര്‍ന്ന ദേവേന്ദര്‍ ശേഖാവത്തിനനെതിരെ ബിജ്വാസനില്‍ ആം ആദ്മി അഭിഭാഷകനും പാര്‍ട്ടി അംഗവുമായ ബി എസ് ജൂണ്‍ മത്സരിക്കും. ബിജെപിയില്‍ ചേര്‍ന്ന അനില്‍ ബാജ്പേക്കെതിരെ ഗാന്ധി നഗറില്‍ നവീന്‍ ചൗധരിയെ ആംആദ്മിപാര്‍ട്ടി രംഗത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ആംആദ്മിപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടുള്ള ഭിന്നത ഉടന്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ നിലവില്‍ ഡെല്‍ഹിയില്‍ അവര്‍ക്കുള്ള മുന്‍തൂക്കത്തിന് മങ്ങലേല്‍ക്കും. പതിനഞ്ചോളം നേതാക്കളാണ് വിവിധ ആരോപണങ്ങളുമായി രംഗത്തുള്ളത്. ഇവരെ കഴിവുകേടുകൊണ്ട് ഒഴിവാക്കി എന്ന് പാര്‍ട്ടിക്ക് പറയാനാവില്ല. കൂടാതെ ദിവസങ്ങള്‍ക്കുമുന്‍പ് പാര്‍ട്ടിയിലേക്ക് എത്തിയവര്‍ക്കുവരെ ടിക്കറ്റ് നല്‍കിയിരിക്കുന്നു. ഇതെല്ലാം മണ്ഡലങ്ങളില്‍ പ്രചാരണത്തട്ടിലേക്ക് ഇറങ്ങിയാല്‍ ഡെല്‍ഹി മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാകും എന്ന് അവരുടെ നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നു. അതിനാല്‍ വരുംദിവസങ്ങള്‍ ആപ്പിന് വളരെ നിര്‍ണായകമാകുകയാണ്.

Comments

comments

Categories: Top Stories
Tags: AAP, Kejriwal

Related Articles