പുതുവര്‍ഷത്തിലെ സുക്കര്‍ബെര്‍ഗിന്റെ തീരുമാനങ്ങള്‍

പുതുവര്‍ഷത്തിലെ സുക്കര്‍ബെര്‍ഗിന്റെ തീരുമാനങ്ങള്‍

2009 മുതല്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഓരോ പുതുവര്‍ഷത്തിലും പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമായിരുന്നു. അതെല്ലാം പേഴ്‌സണല്‍ ചലഞ്ച് ആയിട്ടാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വ്യക്തിപരമായി അഭിമുഖീകരിക്കാന്‍ ആഗ്രഹിച്ച വെല്ലുവിളികളായിരുന്നു അവയെല്ലാം. ചൈനീസ് ഭാഷയായ മണ്ഡാരിന്‍ പഠിക്കുമെന്നും, ജോലി സമയത്ത് ടൈ ധരിക്കുമെന്ന്് പ്രഖ്യാപിച്ചതും അത്തരത്തില്‍ ചിലതായിരുന്നു. എന്നാല്‍ ഈ പുതുവര്‍ഷം അദ്ദേഹം ദീര്‍ഘകാല ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെന്നാണ് അറിയിച്ചിരിക്കുന്നത്. 2030 ല്‍ ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതിയുണ്ടെന്നും സുക്കര്‍ബെര്‍ഗ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചിരിക്കുന്നു.

ഒരു ദശകത്തിലേറെയായി, മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പൊതുജനങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിട്ട്. ആദ്യം ടെക് ലോകത്തെ ഗോള്‍ഡന്‍ ബോയ് (ഏറ്റവും ജനകീയനും വിജയിക്കുകയും ചെയ്ത വ്യക്തി) എന്നും സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിനു പിന്നിലെ പ്രതിഭയെന്നും അറിയപ്പെട്ടു. അടുത്തിടെ ഫേസ്ബുക്കിന്റെ ഉപയോക്താക്കളെ വഞ്ചിച്ച സൈബര്‍ വില്ലനെന്നും സുക്കര്‍ബെര്‍ഗിനു വിശേഷണം ലഭിക്കുകയുണ്ടായി. ഇതൊക്കെയാണെങ്കിലും സുക്കര്‍ബെര്‍ഗ് പുതുവര്‍ഷത്തില്‍ ചില്ലറ മാറ്റങ്ങളൊക്കെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 2) ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഓരോ പുതുവര്‍ഷത്തിലും സുക്കര്‍ബെര്‍ഗിന് ഒരു വ്യക്തിഗതമായ വെല്ലുവിളി (personal challenge) പ്രഖ്യാപിക്കുന്ന ശീലമുണ്ടായിരുന്നു. 2009 മുതലാണ് ഈ ശീലം അദ്ദേഹത്തില്‍ കണ്ടു തുടങ്ങിയത്. ഓരോ പുതുവര്‍ഷവും താന്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അഥവാ വെല്ലുവിളി നേരിടാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു.

2009 വര്‍ഷം പ്രഖ്യാപിച്ചത് ആ വര്‍ഷത്തിലുടനീളം എല്ലാ ദിവസവും ജോലി സമയത്ത് ടൈ ധരിക്കുമെന്നായിരുന്നു. ഫേസ്ബുക്കിന്റെ വളര്‍ച്ചയെക്കുറിച്ച് എത്രമാത്രം ഗൗരവമുള്ളവനാണെന്നു കാണിക്കാനാണു ടൈ ധരിക്കുമെന്നു സുക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചത്. പിറ്റേ വര്‍ഷം അതായത് 2010ല്‍ താന്‍ ചൈനീസ് ഭാഷ (മണ്ഡാരിന്‍) പഠിക്കുമെന്നായിരുന്നു സുക്കര്‍ബെര്‍ഗ് അറിയിച്ചത്. അതിനു ശേഷമുള്ള വര്‍ഷത്തില്‍, രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം സുക്കര്‍ബെര്‍ഗിന്റെ വെല്ലുവിളി ഫേസ്ബുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ അനധികൃത ഇടപെടല്‍ തടയുവാനും, ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തും വിധം സേവനങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനും വേണ്ടിയായിരുന്നു ഫേസ്ബുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വെല്ലുവിളി സുക്കര്‍ബെര്‍ഗ് ഏറ്റെടുത്തത്. എന്നാല്‍ 2020 ല്‍ വര്‍ഷാവര്‍ഷമുള്ള വ്യക്തിഗത വെല്ലുവിളി ഏറ്റെടുക്കില്ലെന്നാണു സുക്കര്‍ബെര്‍ഗ് അറിയിച്ചിരിക്കുന്നത്. പകരം ദീര്‍ഘകാല വെല്ലുവിളിയാണ് ഏറ്റെടുക്കുക. ഈ കാലയളവില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നതായും സുക്കര്‍ബെര്‍ഗ് പറഞ്ഞു.

മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്ന നിലയിലല്ല, പകരം ഒരു വ്യക്തിയായി സ്വന്തം കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു. അതോടൊപ്പം 2030 ല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതായത്, വര്‍ഷം തോറുമുള്ള വെല്ലുവിളികള്‍ മാറ്റിവച്ചിട്ട് പത്ത് വര്‍ഷം കൊണ്ടു കൈവരിക്കേണ്ട കാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരിക്കും താന്‍ ശ്രമിക്കുകയെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു. ‘ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഫേസ്ബുക്ക് ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓഗ്‌മെന്റഡ്, വെര്‍ച്വല്‍ റിയല്‍റ്റി ടെക്‌നോളജി മേഖലകള്‍ വളരെയധികം വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മൈലുകള്‍ അകലെയാണെങ്കിലും ആളുകള്‍ക്ക് അവര്‍ ഒരു മുറിയിലിരിക്കുകയാണെന്ന അനുഭവം സമ്മാനിക്കാന്‍ പ്രാപ്തമായിരിക്കും ഈ ടെക്‌നോളജി. ഇത്തരത്തില്‍ ടെക്‌നോളജിയുടെ മുന്നേറ്റത്തിലൂടെ എവിടെയും സാന്നിധ്യമറിയിക്കാന്‍ ഓരോരുത്തരെയും പ്രാപ്തമാക്കുന്ന കഴിവ് നമ്മളുടെ കാലത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളില്‍ ചിലതിനെ (ഉദാഹരണം ഉയര്‍ന്നു വരുന്ന ഭവനനിര്‍മാണ ചെലവ്) പരിഹരിക്കാന്‍ സഹായിക്കും ‘-സുക്കര്‍ബെര്‍ഗ് ചൂണ്ടിക്കാണിച്ചു. ഇന്ന്, നഗരങ്ങളിലേക്കു മാറണമെന്നു പലര്‍ക്കും തോന്നുന്നു, കാരണം അവിടെയാണു മികച്ച ജോലി, അല്ലെങ്കില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ നമ്മളുടെ സേവനം എവിടെയിരുന്നും നല്‍കാമെന്ന സാഹചര്യം അല്ലെങ്കില്‍ നമ്മള്‍ക്ക് ഉത്പന്നങ്ങള്‍ എവിടെയിരുന്നും വില്‍പ്പന നടത്താമെന്ന സാഹചര്യം 2030 ഓടെ കൈവരും-സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഫേസ്ബുക്കിനെ പോലെ വമ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ എങ്ങനെ പരിപാലിക്കാമെന്നതിനെ കുറിച്ചു ചിന്തിക്കാനും സമയം കണ്ടെത്തുമെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു.

ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം അഥവാ ഫ്രീ സ്പീച്ച്, സ്വകാര്യത, ഡാറ്റ ഉപയോഗം എന്നിവയെ എങ്ങനെയാണു സര്‍ക്കാരുകള്‍ നിയന്ത്രിക്കേണ്ടത് എന്നതിനെ കുറിച്ചും ഒരു ധാരണ രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നു സുക്കര്‍ബെര്‍ഗ് അറിയിച്ചു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും വര്‍ഷങ്ങളായി ഫേസ്ബുക്കിനെതിരേ അഴിമതിയാരോപണം വരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണു പുതിയ പ്രസ്താവനയുമായി സുക്കര്‍ബെര്‍ഗ് എത്തുന്നതെന്നും ശ്രദ്ധേയമാണ്. മറ്റൊരു കാര്യം സുക്കര്‍ബെര്‍ഗ് സൂചിപ്പിച്ചത്, ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവില്‍ നിക്ഷേപം തുടരുമെന്നാണ്. ആതുരസേവന, ചികിത്സാരംഗത്തെ സംരംഭമാണു ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണു ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്. ഇതിനു സുക്കര്‍ബെര്‍ഗും ഭാര്യ പ്രസില്ല ചാനും ചേര്‍ന്നാണു നേതൃത്വം കൊടുക്കുന്നത്. 2030 ഓടെ അവസരങ്ങള്‍ വികേന്ദ്രീകരിക്കുന്നതില്‍ (decentralizing opportunity)ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണു സുക്കര്‍ബെര്‍ഗ് പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര 2019ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസ് ലിബ്രയോട് അനുഭാവ സമീപനമല്ല പുലര്‍ത്തിയിരിക്കുന്നത്. എങ്കിലും 2020ല്‍ ലിബ്ര ലോഞ്ച് ചെയ്യാനാകുമെന്നാണു സുക്കര്‍ബെര്‍ഗ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി പ്രൊജക്റ്റുകളില്‍ ഫേസ്ബുക്കിനുള്ള ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചു വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് ജനുവരി രണ്ടിലെ സുക്കര്‍ബെര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത ദശകത്തില്‍, വാണിജ്യാവശ്യങ്ങള്‍ക്കും, പെയ്മെന്റിനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതിലൂടെ ഓരോ ചെറുകിട ബിസിനസ്സിനും, മുമ്പ് വലിയ കമ്പനികള്‍ക്കു മാത്രമുണ്ടായിരുന്ന സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നു സുക്കര്‍ബെര്‍ഗ് സൂചിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോര്‍ ഫ്രണ്ടുകള്‍ (Instagram storefront),മെസഞ്ചറിനെ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട്, വാട്ട്സ്ആപ്പ് വഴിയുള്ള പണമടയ്ക്കല്‍ എന്നിവ പോലുള്ള ഫേസ്ബുക്ക് ഇതിനകം പിന്തുടരുന്ന സാങ്കേതികവിദ്യകളും 2030 ലെ സുക്കര്‍ബെര്‍ഗിന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നുണ്ട്. ‘ലോകമെമ്പാടും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കാന്‍’ തന്റെ കമ്പനി നടത്തുന്ന ശ്രമങ്ങളിലൂടെ കഴിയുമെന്നു സുക്കര്‍ബെര്‍ഗ് പ്രതീക്ഷിക്കുന്നുണ്ട്.

ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ഉയര്‍ന്നു

2020 ല്‍ ഫേസ്ബുക്കിന്റെ ഓഹരിവില യുഎസിലെ നാസ്ഡാക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആറ് ശതമാനത്തോളം ഉയര്‍ന്നതോടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ മൊത്തം ആസ്തിമൂല്യം പത്ത് ദിവസത്തിനുള്ളില്‍ 4.8 ബില്യന്‍ ഡോളറാണു വര്‍ധിച്ചത്. അതായത് ശരാശരി 500 മില്യന്‍ ഡോളറിന്റെ നേട്ടം കൈവരിച്ചു. ഫേസ്ബുക്ക് അതിന്റെ നാലാം പാദ ഫലവും ഒരു വര്‍ഷത്തെ മുഴുവന്‍ ഫലങ്ങളും പുറത്തിറക്കാന്‍ ഇനി ഒരു മാസം കൂടി അവശേഷിക്കവേ, കമ്പനിയുടെ വരുമാന നില അനുകൂലമായി കാണപ്പെടുന്നുണ്ട്. അതിനു മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി, ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള അനുയോജ്യ ഇടമായി ഫേസ്ബുക്ക് മാറിയിരിക്കുന്നു എന്നതാണ്. രണ്ടാമതായി ഫേസ്ബുക്കിന്റെ വളര്‍ച്ചാ സാധ്യതകള്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നു. മൂന്നാമതായി ഓഹരി വിപണിയില്‍ ഫേസ്ബുക്കിന്റെ ഓഹരികള്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ടെന്നതാണ്. യുഎസിലെ വാള്‍ സ്ട്രീറ്റിലെ ഓഹരി വിദഗ്ധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 41 ഓഹരികളില്‍ ഫേസ്ബുക്കിന്റെ ഓഹരിയുണ്ട്.

Categories: Top Stories
Tags: zuckerberg

Related Articles