അഞ്ച് ലക്ഷം വില്‍പ്പന താണ്ടി വിറ്റാര ബ്രെസ്സയുടെ കുതിപ്പ്

അഞ്ച് ലക്ഷം വില്‍പ്പന താണ്ടി വിറ്റാര ബ്രെസ്സയുടെ കുതിപ്പ്

2016 ലാണ് വിറ്റാര ബ്രെസ്സ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെയായി വിറ്റുപോയത് അഞ്ച് ലക്ഷം യൂണിറ്റ് മാരുതി സുസുകി വിറ്റാര ബ്രെസ്സ. 2016 ലാണ് വിറ്റാര ബ്രെസ്സ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നാല് വര്‍ഷത്തിനുള്ളിലാണ് ഈ വില്‍പ്പന നേട്ടം. ഇന്ത്യന്‍ വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് മാരുതി സുസുകി വിറ്റാര ബ്രെസ്സ.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ടോപ് ടെന്‍ പട്ടികയില്‍ സ്ഥിരമായി ഇടംപിടിക്കുന്ന കാറുകളിലൊന്നാണ് വിറ്റാര ബ്രെസ്സ. നിരവധി ഫീച്ചറുകള്‍ വാഹനത്തെ ആകര്‍ഷകമാക്കുന്നു. ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ ഫീച്ചറുകളാണ്.

1.3 ലിറ്റര്‍ ഡീസല്‍ മോട്ടോറാണ് വിറ്റാര ബ്രെസ്സ ഉപയോഗിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, എഎംടി എന്നിവയാണ് ഓപ്ഷനുകള്‍. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പരിഷ്‌കരിച്ച വിറ്റാര ബ്രെസ്സ അവതരിപ്പിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായ എസ്എച്ച്‌വിഎസ് എന്നിവ നല്‍കിയായിരിക്കും സബ്‌കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുന്നത്.

ആകര്‍ഷക ഫീച്ചറുകള്‍, സ്റ്റൈലിഷ് ഡിസൈന്‍, മികച്ച ഇന്ധനക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്ന ഒന്നാന്തരം പാക്കേജാണ് വിറ്റാര ബ്രെസ്സ എന്ന് മാരുതി സുസുകി വിപണന വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വിപണിയില്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ വളരെയധികം ജനപ്രീതി നേടാന്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കഴിഞ്ഞു. 47 മാസങ്ങള്‍ക്കുള്ളിലാണ് അഞ്ച് ലക്ഷം യൂണിറ്റ് വിറ്റുപോയത്. ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto