യുഎഇയും ഇന്തോനേഷ്യയും 23 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു

യുഎഇയും ഇന്തോനേഷ്യയും 23 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു
  • ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലകളിലായി 11 ബിസിനസ് കരാറുകള്‍
  • ഇന്തോനേഷ്യ ആരംഭിക്കുന്ന സൊവറീന്‍ വെല്‍ത്ത് ഫണ്ടില്‍ യുഎഇ പങ്കാളിയാകും

അബുദാബി: ഊര്‍ജ, അടിസ്ഥാന സൗകര്യമേഖലകളിലായി യുഎഇയും ഇന്തോനേഷ്യയും 23 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 11 ബിസിനസ് കരാറുകളില്‍ ഒപ്പുവെച്ചു. യുഎഇ സന്ദര്‍ശനത്തിനിടെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദദോയാണ് ഇക്കാര്യം അറിയിച്ചത്. വിദദോയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സൊവറീന്‍ വെല്‍ത്ത് ഫണ്ടില്‍ പങ്കാളിയാകാനും യുഎഇ താല്‍പ്പര്യമറിയിച്ചു.

അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിദദോ നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇയും അബുദാബിയും വിവിധ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചത്. ഊര്‍ജം, അടിസ്ഥാന സൗകര്യം, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകളിലെ കരാറുകളെ കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നീ മേഖലകളിലായി മറ്റ് അഞ്ച് കരാറുകളിലും ഇരു സര്‍ക്കാരുകളും ഒപ്പുവെച്ചു.

പെട്രോകെമിക്കല്‍, പ്രകൃതിവാതക മേഖലയില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി (അഡ്‌നോക്) ഇന്തോനേഷ്യന്‍ എണ്ണക്കമ്പനികളായ പിടി പെര്‍ട്ടാമിനയുമായും പിടി ചന്ദ്ര അസ്രി പെട്രോകെമിക്കല്‍സും കരാറില്‍ ഒപ്പുവെച്ചു. പടിഞ്ഞാറന്‍ ജാവയിലെ ബലോണ്‍ഗണ്‍ റിഫൈനറിയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ഈ കരാര്‍. കരാര്‍ പ്രകാരം 2020 അവസാനത്തോടെ പെര്‍ട്ടാമിനയ്ക്ക് അഡ്‌നോക് 528,000 ടണ്‍ എല്‍പിജി വിതരണം ചെയ്യും.

വിദദോയുടെ നേതൃത്വത്തില്‍ ഇന്തോനേഷ്യ ആരംഭിക്കുന്ന സൊവറീന്‍ വെല്‍ത്ത് ഫണ്ടിനെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ജപ്പാനിലെ സോഫ്റ്റ്ബാങ്ക്, അമേരിക്കയിലെ ഇന്റെര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങിയവരും ഈ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രവശ്യയായ ബോര്‍ണിയോ ദ്വീപില്‍ ഇന്തോനേഷ്യ പദ്ധതിയിടുന്ന പുതിയ തലസ്ഥാനഗരിയിലെ നിര്‍മാണ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഈ ഫണ്ടിലൂടെ യുഎഇക്ക് സാധിക്കും. സുമാത്ര ദ്വീപിലെ എക് പ്രവശ്യയിലെ പ്രോപ്പര്‍ട്ടി പദ്ധതികളിലും സൊവറീന്‍ വെല്‍ത്ത് ഫണ്ട് നിക്ഷേപം നടത്തും.

വര്‍ഷങ്ങളായി 5 ശതമാനം വളര്‍ച്ചയില്‍ കുരുങ്ങിക്കിടക്കുന്ന തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ഇന്തോനേഷ്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിച്ചും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ഒക്ടോബറില്‍ രണ്ടാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിദദോ. ഏതാണ്ട് 260 ദശലക്ഷം ആളുകള്‍ അധിവസിക്കുന്ന ഇന്തോനേഷ്യയെ ആധുനികവല്‍ക്കരിക്കുന്നതിനായി ബൃഹത്തായ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ജോക്കോവി എന്നും അറിയപ്പെടുന്ന വിദദോ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 400 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്.

Comments

comments

Categories: Arabia
Tags: Indonesia