ചെയര്‍മാന്‍, എംഡി സ്ഥാനങ്ങള്‍ വേര്‍തിരിക്കുന്നതിന് 2 വര്‍ഷം കൂടി സമയം

ചെയര്‍മാന്‍, എംഡി സ്ഥാനങ്ങള്‍ വേര്‍തിരിക്കുന്നതിന് 2 വര്‍ഷം കൂടി സമയം

ഏപ്രില്‍ മുതലാണ് കോര്‍പ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുമെന്നാണ് നേരത്തേ സെബി പ്രഖ്യാപിച്ചിരുന്നത്

ന്യൂഡെല്‍ഹി: ചെയര്‍പേഴ്‌സണിന്റെയും മാനേജിംഗ് ഡയറക്റ്ററുടെയും പദവികള്‍ വിഭജിക്കുന്നതിനുള്ള കാലപരിധി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നീട്ടി. കോര്‍പ്പറേറ്റ് ഭരണം സംബന്ധിച്ച ഉദയ് കൊട്ടക് കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തേ സെബി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് നടപ്പാക്കുന്നത് 2022 ഏപ്രില്‍ 1ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് സെബി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം.

ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായിരിക്കണമെന്നും മാനേജിംഗ് ഡയറക്റ്ററുമായോ സിഇഒയുമായോ ബന്ധമുള്ളയാളാകരുതെന്നും നിര്‍ദിഷ്ട ചട്ടങ്ങളിലുണ്ട്. ഓഹരി വിഭജന ഘടന അനുസരിച്ച് പ്രൊമോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്ത കമ്പനികള്‍ക്ക് ഇത് ബാധകമല്ല. ലിസ്റ്റഡ് ആയ മുന്‍നിര 500 കമ്പനികളില്‍ പകുതിയും ഇതിന് അനുസൃതമായി തങ്ങളുടെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്നും പുനഃപരിശോധിക്കണമെന്നും നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ട് ചില കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

പുതിയ ചട്ടക്കൂടിലേക്ക് മാറാന്‍ കമ്പനികള്‍ക്ക് മതിയായ സമയം നല്‍കിയിട്ടുണ്ടെന്നാണ് സെബി ചെയര്‍മാന്‍ അജയ് ത്യാഗി നവംബറില്‍ പറഞ്ഞിരുന്നത്. 2018 മേയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അധികാരം കേന്ദ്രീകരിക്കപ്പെടാതെ വിഭജിക്കപ്പെട്ട നിലയിലുള്ളത് മെച്ചപ്പെട്ട കോര്‍പ്പറേറ്റ് കാര്യ നിര്‍വഹണം സാധ്യമാക്കുമെന്നും മേല്‍നോട്ടം എളുപ്പമാക്കുമെന്നുമാണ് സെബി കണക്കുകൂട്ടുന്നത്.

ഇപ്പോള്‍ വീണ്ടും രണ്ട് വര്‍ഷത്തോളം സമയം നീട്ട നല്‍കുന്നത് അനുചിതമാണെന്നും സെബിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും ഭരണ നിര്‍വഹണ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മതിയായ കൂടിയാലോചനകള്‍ക്കും അഭിപ്രായ സമാഹരണങ്ങള്‍ക്കും ശേഷമാണ് സെബി പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്നും വേണ്ടത്ര സമയം ഇത് നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഗൗരവകരമായ സമീപനം ഉണ്ടായിരുന്നെങ്കില്‍ കമ്പനികള്‍ക്ക് ഇതിനകം ഇത് യാഥാര്‍ത്ഥ്യമാക്കാമായിരുന്നു എന്നാണ് എക്‌സലന്‍സ് എനേബിള്‍സ് ചെയര്‍പേഴ്‌സണ്‍ എം ദാമോദരന്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Sebi

Related Articles