2020 ല്‍ തൊഴില്‍ സൃഷ്ടി 16 ലക്ഷം കുറഞ്ഞേക്കും

2020 ല്‍ തൊഴില്‍ സൃഷ്ടി 16 ലക്ഷം കുറഞ്ഞേക്കും

തൊഴിലവരങ്ങളുടെ കാര്യത്തില്‍ അപായ സൂചനയുമായി എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട്

വൈദഗ്ധ്യമില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആദ്യം ജോലി ലഭിക്കുന്നത് അസംഘടിത മേഖലയിലാണ്. അവിടെ നിന്ന് ലഭിക്കുന്ന കഴിവുകള്‍ ഉപയോഗിച്ചാണ് അവര്‍ സംഘടിത മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു

-പ്രണബ് സെന്‍, സാമ്പത്തിക വിദഗ്ധന്‍

മുംബൈ: സര്‍ക്കാര്‍ മേഖലയിലും, അസംഘടിത മേഖലയിലും തൊഴിലവസരങ്ങള്‍ കുറയുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. വര്‍ഷാവര്‍ഷം തൊഴില്‍മേഖലയിലേക്ക് എത്തുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മേഖലകളിലാണ് മാന്ദ്യം ദൃശ്യമായിരിക്കുന്നത്. 2020 ല്‍ ഇരു മേഖലകളും കൂടി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളില്‍ 16 ലക്ഷത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് ഇക്കോറാപ്പ് റിപ്പോര്‍ട്ടില്‍ എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് സൂചിപ്പിക്കുന്നത്.

‘ഇപിഎഫ്ഒ കണക്കുകളനുസരിച്ച് 2019 ല്‍ രാജ്യത്ത് 89.7 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ 2020 ല്‍ ഈ കണക്ക് 158 ലക്ഷം വരെ കുറയാം’ ഇക്കോറാപ്പ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. 73.9 ലക്ഷം പുതിയ തൊഴിലുകളാണ് നടപ്പ് കലണ്ടര്‍ വര്‍ഷം പ്രതീക്ഷിക്കുന്നത്. പുതിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ ലഭ്യതയുടെ കണക്കുകള്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലാണ് (എന്‍പിഎസ്) ലഭ്യമാവുക. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന തൊഴില്‍ ലഭ്യതയിലും 39,000 ന്റെ കുറവാണ് പ്രവചിക്കപ്പെടുന്നത്. കുടിയേറ്റ തൊളിലാളികളുടെ കണക്ക് പരിശോധിച്ചപ്പോള്‍ അസം ബിഹാര്‍, രാജസ്ഥാന്‍, ഒഡീഷ, യുപി എന്നിവിടങ്ങളിലേക്കുള്ള വരുമാന ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാപ്പരത്ത നിയമ കേസുകളില്‍ പ്രശ്‌ന പരിഹാരം വൈകുന്നത് മൂലം കമ്പനികള്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറച്ചതാവാം ഇതിന് കാരണമെന്ന് എസ്ബിഐ നിരീക്ഷിക്കുന്നു. ഡെല്‍ഹി ഇപ്പോഴും കുടിയേറ്റ തൊഴിലാളികളുടെ ഇഷ്ട നഗരമായി തുടരുന്നു.

നിലവില്‍ 45 വര്‍ങ്ങള്‍ക്കിടയിലെ ഏറ്റവും മോശം തൊഴിലില്ലായ്മാ നിരക്കാണ് രാജ്യം നേരിടുന്നത്. അസംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സ്ഥിതിവിവര വിദഗ്ദ്ധനായ പ്രൊണാബ് സെന്‍ പറയുന്നത്. 2016 ലെ നോട്ട് അസാധുവാക്കല്‍, കറന്‍സിയില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അസംഘടിത മേഖലയുടെ നട്ടെല്ലൊടിച്ചെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

Categories: FK News, Slider

Related Articles