കുറവും വേണ്ട കൂടുതലും വേണ്ട; എണ്ണവിലയില്‍ സ്ഥിരതയുണ്ടാകണമെന്ന് സൗദി ഊര്‍ജമന്ത്രി

കുറവും വേണ്ട കൂടുതലും വേണ്ട; എണ്ണവിലയില്‍ സ്ഥിരതയുണ്ടാകണമെന്ന് സൗദി ഊര്‍ജമന്ത്രി

ആവശ്യകതയിലും വിതരണത്തിലും സ്ഥിരത ഉണ്ടാകണം

ദഹ്‌റാന്‍: എണ്ണവിലയില്‍ സ്ഥിരതയുണ്ടാകണമെന്നും എണ്ണയുടെ ആവശ്യകത വര്‍ധിക്കണമെന്നുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കും ഇറാനും തമ്മിലുള്ള പ്രശ്‌നം സങ്കീര്‍ണമായിരിക്കുന്ന സാഹചര്യത്തില്‍ എണ്ണവിപണിയില്‍ സ്ഥിരത കൊണ്ടുവരുന്നതിനായി സൗദി യജ്ഞിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ചില്‍ അവസാനിക്കുന്ന നിലവിലെ എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാറുമായി എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും അവരുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട ഒപെക് പ്ലസും മുമ്പോട്ടുപോകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാന്‍ സാധിക്കില്ലെന്ന് അബ്ദുള്‍അസീസ് പറഞ്ഞു. ആവശ്യകതയിലും വിതരണത്തിലും സ്ഥിരതയുള്ളൊരു എണ്ണവിപണിയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. വളരെ കൂടിയ വിലയും കുറഞ്ഞ വിലയും വിപണിയുടെ സ്ഥിരതയ്ക്ക് യോജിച്ചതല്ല. വിപണിക്ക് സ്ഥായിയായ നാശം ഉണ്ടാക്കുന്ന രീതിയില്‍ എണ്ണവില കുറയുന്നതാണ് ഏറ്റവും മോശം അവസ്ഥയെന്നും അബ്ദുള്‍അസീസ് അഭിപ്രായപ്പെട്ടു.

ജനുവരി 3ന് ഇറാന്‍ സൈനിക ജനറല്‍ ഖാസിം സൊലെയ്മാനി കൊല്ലപ്പെട്ടതിന് ശേഷം പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും ആരംഭിച്ച സംഘട്ടത്തിന് താത്കാലിക ശമനമുണ്ടായതോടെ കഴിഞ്ഞ ദിവസം എണ്ണവില ഏറെക്കുറെ സ്ഥിരത കൈവരിച്ചിരുന്നു. അന്താരാഷ്ട്ര സുരക്ഷയില്‍ വലിയ പങ്കുള്ള സൗദിയുടെ തന്ത്രപ്രധാന പങ്കാളിയാണ് അമേരിക്കയെന്ന് അബ്ദുള്‍അസീസ് പറഞ്ഞു. അനുയോജ്യമെന്ന് അവര്‍ക്ക് തോന്നുന്ന ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് സ്വാതന്ത്രമുണ്ടെന്ന് അമേരിക്കയുടെ നിലപാടുകളില്‍ ഇടപെടില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് അബ്ദുള്‍അസീസ് പറഞ്ഞു.

രാജ്യത്തിന്റെ എണ്ണയുല്‍പ്പാദനം പകുതിയായി കുറച്ച സെപ്റ്റംബര്‍ 14ലെ അരാംകോ ആക്രമണസമയത്തും ലോകത്തിലെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട, ആശ്രയിക്കാവുന്ന എണ്ണ വിതരണക്കാരായിരുന്നു സൗദി അറേബ്യയെന്നും അബ്ദുള്‍അസീസ് അവകാശപ്പെട്ടു.

Comments

comments

Categories: Arabia
Tags: Oil price