പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് ഖത്തര്‍ അമീര്‍

പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് ഖത്തര്‍ അമീര്‍
  • ഖത്തര്‍ അമീര്‍ ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി
  • മേഖലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്ക് സമ്മതമാണെന്ന് റൂഹാനി

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ച മാത്രമാണ് വഴിയെന്ന് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ഇറാനില്‍ എത്തിയതായിരുന്നു ഷേഖ് തമീം. പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം പ്രശ്‌നപരിഹാരമാണെന്ന് ഇറാന്‍ സമ്മതിച്ചതായി റൂഹാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷേഖ് തമീം പറഞ്ഞു.

അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക ജനറല്‍ ഖാസിം സൊലെയ്മാനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഷേഖ് തമീം. മേഖലയില്‍ ഇറാനുമായും അമേരിക്കയുമായും മികച്ച ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അതിനാല്‍ രണ്ടാഴ്ചയായി നീറിക്കൊണ്ടിരിക്കുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താനുള്ള മധ്യസ്ഥ ശ്രമമെന്ന നിലയില്‍ വേണം ഷേഖ് തമീമിന്റെ സന്ദര്‍ശനത്തെ കാണാന്‍. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇറാനും പ്രശ്‌ന പരിഹാരമെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നതായാണ് സൂചന.

പേര്‍ഷ്യന്‍ ഗള്‍ഫും ഹോര്‍മുസ് കടലിടുക്കും, ഒമാന്‍ കടലിടുക്കം അടക്കമുള്ള ജലപാതകള്‍ ഉള്‍പ്പടെ മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും സഹകരണത്തിനും രാജ്യം തയാറാണെന്ന് ഷേഖ് തമീമുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ റൂഹാനി അറിയിച്ചു. അമേരിക്ക മൂലം ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2013ല്‍ ഖത്തര്‍ അമീറായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ഷേഖ് തമീം ഇറാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഇറാനിലേക്ക് വരുന്നതിന് മുമ്പായി ഒമാനിലും ഷേഖ് തമീം സന്ദര്‍ശനം നടത്തിയിരുന്നു. മസക്റ്റില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ഷേഖ് തമീം മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സെയ്ദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Comments

comments

Categories: Arabia
Tags: Qatar, US-Iran