പ്രതിഷേധത്തിനിടയില്‍ ഒതുങ്ങി നിന്നവര്‍

പ്രതിഷേധത്തിനിടയില്‍ ഒതുങ്ങി നിന്നവര്‍
  • കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തിനെ പ്രതിഷേധങ്ങള്‍ക്ക് ഒരുക്കുന്നു
  • പാര്‍ട്ടി നിര്‍ദേശം പ്രതീകാത്മകം മാത്രമെന്ന് വിമര്‍ശകര്‍

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള കാമ്പസുകളില്‍ പൗരത്വഭേദഗതി നിയമത്തിനും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനും എതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ദേശീയതലത്തില്‍ ബിജെപിക്കെതിരായി നില്‍ക്കുന്ന നിര്‍ണായകശക്തി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിവിഭാഗത്തിന് – നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) -ഈ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വഴിതെറ്റിയ പ്രതികരണങ്ങളില്‍ സ്വയം ഒതുങ്ങി നില്‍ക്കുന്ന എന്‍എസ്യുഐ ഇടതുപക്ഷത്തെ നേതൃത്വം ഏറ്റെടുക്കുന്നതിന് അനുവദിച്ചു. ഇത് പ്രസ്ഥാനത്തിനേറ്റ തിരിച്ചടിയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സമരം ഹൈജാക്ക് ചെയ്യുകയും മറ്റ് സംഘടനകള്‍ അപ്രസക്തമാകുകയും ചെയ്തു. വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ അതിന്റെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാനുള്ള അവസരമായി ഇടതുപാര്‍ട്ടികള്‍ നിലവിലെ സംഘട്ടനത്തെ കാണുകയാണ്.

ജെഎന്‍യുവില്‍ അടുത്തിടെ നടന്ന അക്രമത്തിനെതിരായ ശബ്ദം കാമ്പസില്‍ മാത്രം ഒതുങ്ങാതെ രാജ്യത്തുടനീളമുള്ള കാമ്പസുകളില്‍ പ്രതിഫലിച്ചിരുന്നു. ജെഎന്‍യുവിലോ ദേശീയ തലസ്ഥാനത്തിന്റെ തെരുവുകളിലോ മാത്രമല്ല, മറ്റ് അക്കാഡമിക് സ്ഥാപനങ്ങളിലും പ്രകടനങ്ങളും പ്രതിഷേധ മാര്‍ച്ചുകളും റാലികളും നടന്നു. ഇടതുപക്ഷ അഫിലിയേറ്റഡ് വിദ്യാര്‍ത്ഥി യൂണിയനുകളാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഇടതുപക്ഷത്തിന്റെ ചുവന്ന പതാക മിക്കവാറും എല്ലായിടത്തും ദൃശ്യമാകുമ്പോള്‍, എന്‍എസ്യുഐയുടെ ശബ്ദം ദുര്‍ബലമായിരുന്നു എന്നതാണ് വാസ്തവം. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കോട്ട എന്നാണ് ജെഎന്‍യു അറിയപ്പെടുന്നത്. ഇവിടെ ബിജെപിയുടെ യുവജനവിഭാഗം(എബിവിപി) നടത്തിയ ചെറുത്തുനില്‍പ്പാണ് പിന്നീട് അക്രമത്തിലേക്ക് വഴിതെറ്റിവീണത്. ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയ എല്ലാ കാമ്പസുകളിലും എബിവിപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തിറങ്ങിയിരുന്നു. ഇതിനിടയില്‍, എന്‍എസ്യുഐയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും (ഐവൈസി) ചിത്രത്തില്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. അവര്‍ പുറത്തുനിന്നുള്ള കാഴ്ചക്കാര്‍ മാത്രമായിരുന്നു.ഇത് മനഃപൂര്‍വമാണോ അതോ കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്ര വ്യക്തതയില്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അതോ പാര്‍ട്ടിയിലെ പൊതുവായ അവസ്ഥ പ്രതിഫലിപ്പിക്കുകയാണോ എന്ന് ചിലര്‍ സംശയിക്കുന്നു. ഇതിനുത്തരം പൊളിറ്റിക്കല്‍ കമന്റേറ്ററും സോണിയയുടെ ജീവചരിത്ര രചയിതാവുമായ റഷീദ് കിദ്വായ് നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ അഫിലിയേറ്റഡ് വിദ്യാര്‍ത്ഥി യൂണിയനുകളില്‍ നിന്നോ എബിവിപിയില്‍ നിന്നോ വ്യത്യസ്തമായി എന്‍എസ്യുഐയ്ക്കും യൂത്ത് കോണ്‍ഗ്രസിനും പ്രത്യയശാസ്ത്രപരമായ വ്യക്തത ഇല്ല എന്ന് കിദ്വായ് പറയുന്നു. ഒപ്പം കോണ്‍ഗ്രസിന്റെ യുവജന ബ്രിഗേഡിന് പാര്‍ട്ടിയുടെ ഉന്നതരില്‍ നിന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നതും പരസ്പരവിരുദ്ധവുമായ സിഗ്‌നലുകളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എസ്യുഐക്ക് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയനില്‍ (ജെഎന്‍യുയു) പ്രാതിനിധ്യം ഉണ്ടായിരിക്കില്ല, പക്ഷേ ഡെല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയനില്‍ (ഡിയുസു) സാന്നിധ്യമുണ്ട്. മുന്‍കാലങ്ങളില്‍ പോലും എന്‍എസ്യുഐക്ക് ഡിയു കാമ്പസില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ഇത്തവണ അത് അടയാളപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. സെക്രട്ടറിയുടെ പോസ്റ്റില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. എന്നാല്‍ ഇടതു യൂണിയനുകളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി എന്‍എസ്യുഐ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ജെഎന്‍യു കാമ്പസിലെ അക്രമത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് ഈ മാസം ആറിന് ഇന്ത്യാ ഗേറ്റിലേക്ക് പ്രകടനം നടത്തി.എന്‍എസ്യുഐ അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് കേന്ദ്രസര്‍ക്കാരിനെതിരായ സമരം അവരുടേതാക്കാന്‍ കഴിഞ്ഞില്ല. ഇത് രാഷ്ട്രീയതലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കാമായിരുന്ന മുന്‍തൂക്കമാണ് ഇല്ലാതാക്കിയത്. ഈ പ്രതിഷേധങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തില്ലാതിരുന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി.എന്‍എസ്യുഐ തിരിച്ചടി നേരിട്ടത് ദേശീയ തലസ്ഥാനത്തു മാത്രമായിരുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ്് അല്ലെങ്കില്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പോലും സമരങ്ങള്‍ നയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇവിടെയും അവിടെയും ഒരു ദിവസത്തെ പ്രകടനം എന്നതായി അവരുടെ പ്രതിഷേധം. ജെഎന്‍യുവിലും ഡെല്‍ഹിയിലെ മറ്റ് കാമ്പസുകളിലും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍ എന്നും എന്‍എസ്യുഐ ഓര്‍ക്കേണ്ടതുണ്ട്.

ഛത്തീസ്ഗഡിലെ കോര്‍ബ മുതല്‍ ജഗദല്‍പൂര്‍ വരെ വിവിധ ജില്ലകളില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും സിപിഎമ്മും എസ്എഫ്‌ഐയും വിവിധ ഘട്ടങ്ങളായി നടത്തി.കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളും ജെഎന്‍യുവിലെ അക്രമങ്ങളും ഇവിടെ വിശദീകരിക്കപ്പെട്ടതായി ഛത്തീസ്ഗഡ് സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ജയ് പരതെ വ്യക്തമാക്കിയിരുന്നു. സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരായി ആംഭിച്ച പ്രതിഷേധം ജെഎന്‍യുവിലെ അക്രമത്തിനുശേഷം വ്യാപിച്ചു. അതിന്റെ ആഴം വര്‍ധിച്ചു എന്നുപറയുകയാവും ശരി. ജെഎന്‍യുവിലെ ഫീസ് വര്‍ധനാ പ്രതിഷേധവും ഇതിനോടൊപ്പം ചേര്‍ന്നപ്പോള്‍ ഏറ്റവും വലിയ പാന്‍-ഇന്ത്യ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ഇത് ഉയരുകയായിരുന്നു. ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനുള്ള അവസരം കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു. 1990 ലെ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭമായിരുന്നു ഇതിനു മുന്‍പ് നടന്ന പ്രധാന വിദ്യാര്‍ത്ഥി പ്രതിഷേധം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, ഒരു അഖിലേന്ത്യാ വിദ്യാര്‍ത്ഥി സമരം ഇത്രയും വ്യാപകമായി ഉയര്‍ന്നിട്ടില്ല എന്ന് പറയാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 ല്‍ സംവരണ വിരുദ്ധ പ്രക്ഷോഭം അത്ര തീവ്രമായിരുന്നില്ലഎന്നു പറയാം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി, എല്ലായ്‌പ്പോഴും ഇടതുപക്ഷം ജനങ്ങളുടെ ലക്ഷ്യത്തിനായി പോരാടുന്നു എന്ന് പശ്ചിമ ബംഗാളില്‍ നിന്ന് മുന്‍പ് എട്ടുതവണ എംപിയും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ ഹന്നന്‍ മൊല്ല പറയുന്നു. സ്വാതന്ത്ര്യസമരകാലത്താണെങ്കിലും അടിയന്തരാവസ്ഥയ്‌ക്കെതിരെയായാലും ജനാധിപത്യത്തിലെ ഏതൊരു പ്രസ്ഥാനത്തിന്റെയും കേന്ദ്രമാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനം. ഇടതുപക്ഷത്തിന്റെ അടിസ്ഥാന തത്വം സമൂഹത്തിലെ ദരിദ്രരും, നിരാലംബരും, അടിച്ചമര്‍ത്തപ്പെട്ടവരും, ചൂഷണം ചെയ്യപ്പെടുന്നവരുമായ ആളുകള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്- ഹന്നന്‍ മൊല്ല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഭരണഘടനയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ യുവാക്കളുമായും വിദ്യാര്‍ത്ഥികളുമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും ഇന്ത്യയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. യോഗത്തില്‍ കാമ്പസിലെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നത് മുതല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് അവതരിപ്പിച്ച പാര്‍ട്ടി പ്രമേയത്തിലാണ് പ്രതിഷേധത്തിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഈ തീരുമാനം ഏറെ വൈകിപ്പോയിരുന്നു. പലസ്ഥലങ്ങളിലും പ്രതിഷേധം കെട്ടടങ്ങിക്കഴിഞ്ഞു. ഇനിഉള്ളതാകട്ടെ പൂര്‍ണമായും ഇടത് സംഘടനകളുടെ പൂര്‍ണനിയന്ത്രണത്തിലുമാണ്. എന്നാല്‍ പാര്‍ട്ടിയുടെ പ്രമേയം യുവജന വിഭാഗത്തിന് വ്യക്തമായ ദിശ നല്‍കുന്നില്ല. അത് പ്രതീകാത്മകമാണ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി, യുവജന നേതാക്കള്‍ക്ക് അവര്‍ പിന്തുടരേണ്ട അടുത്ത ഘട്ടത്തെക്കുറിച്ച് ഇപ്പോഴും ഇതില്‍ സൂചനയില്ല എന്നതാണ് വാസ്തവം.

കാര്‍ഷിക പ്രതിസന്ധിയുടെകാര്യത്തില്‍ 2017 നും 2019 നും ഇടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ നിര്‍ണായകവും സജീവവുമായിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റായിരിക്കുകയും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ബിജെപി ഭരിച്ച മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ ഒറ്റയടിക്ക് വിജയിപ്പിച്ചാണ് അവര്‍ ഈ അധ്വാനത്തിന്റെ ഫലം കൊയ്തത്. കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി, ബിജെപിയും ഇടതുപക്ഷവും പ്രത്യയശാസ്ത്ര അധിഷ്ഠിത പാര്‍ട്ടികളാണ്. അത് അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഏത് വിഷയത്തിലും മുന്‍നിരയിലേക്ക് നയിക്കുന്നു. ദേശീയ പാര്‍ട്ടികളായി കോണ്‍ഗ്രസും ബിജെപിയും ആസ്വദിക്കുന്ന സംഘടനാ ശക്തിയും അഖിലേന്ത്യാ കാഴ്ചപ്പാടും എന്നാല്‍ ഇടതുപക്ഷത്തിന് ഇല്ല. രാഷ്ട്രീയ തലത്തില്‍ മുതലാക്കാന്‍ കഴിയില്ലെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് ഇടതുപക്ഷം തള്ളിവിടുകയാണ്. പ്രതിപക്ഷത്തിന്റെ സ്വാഭാവിക നേതാവായ കോണ്‍ഗ്രസിന് ഇത് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇനി കോണ്‍ഗ്രസിന്റെ മുന്നില്‍ പ്രതിഷേധത്തിനൊപ്പം നല്‍ക്കുക എന്നതുമാത്രമാണ് വഴി. അതിന്റെ നേട്ടം അവര്‍ക്ക് ലഭിക്കുകയുമില്ല. അത് ഇടതുപക്ഷത്തോടൊപ്പമായിക്കഴിഞ്ഞു.

Categories: Top Stories