ഫിലിപ്പിനോകള്‍ക്കുള്ള വിലക്ക്; കുവൈറ്റില്‍ വീട്ടുജോലിക്കാര്‍ക്ക് ക്ഷാമം

ഫിലിപ്പിനോകള്‍ക്കുള്ള വിലക്ക്; കുവൈറ്റില്‍ വീട്ടുജോലിക്കാര്‍ക്ക് ക്ഷാമം

വീട്ടുജോലിക്കാരെ വിതരണം ചെയ്യുന്ന കുവൈറ്റിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ദുരിതത്തില്‍

കുവൈറ്റ്: വീട്ടുജോലിക്കായി കുവൈറ്റിലേക്ക് പോകുന്നതിന് ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ മതിയായ വീട്ടുജോലിക്കാരെ കണ്ടെത്താനാകാതെ കുവൈറ്റിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ദുരിതത്തില്‍. സ്‌പോണ്‍സറുടെ ഭാര്യയുടെ മര്‍ദ്ദനത്തില്‍ കുവൈറ്റില്‍ ഫിലിപ്പിനോ തൊഴിലാളി മരിച്ചതിനെ തുടര്‍ന്ന് ജനുവരി മൂന്ന് മുതലാണ് വീട്ടുജോലികള്‍ക്കായി കുവൈറ്റിലേക്ക് പോകരുതെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിലക്കിനെ തുടര്‍ന്ന് രാജ്യത്തെ 85 ശതമാനം ഏജന്‍സികളും ആവശ്യത്തിന് വീട്ടുജോലിക്കാരെ നല്‍കാനാകാതെ വിഷമമനുഭവിക്കുകയാണെന്ന് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത രണ്ട് മാസം കൂടി വിലക്ക് തുടര്‍ന്നാല്‍ മിക്ക ഏജന്‍സികളും പൂട്ടിപ്പോകുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി ഏജന്‍സി യൂണിയന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ ദഖാന്‍ പറഞ്ഞു. മിക്ക ഏജന്‍സികളിലും 40 വയസിന് മുകളിലുള്ള ശ്രീലങ്കയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പ്രായം കുറഞ്ഞ ജോലിക്കാരെയാണ് കുവൈറ്റികള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന യൂണിയന്റെ നിരന്തര ആവശ്യം മാനിക്കാതെ ഒരു രാജ്യത്ത് നിന്ന് മാത്രമുള്ള വീട്ടുജോലിക്കാരെ ആശ്രയിക്കുന്നതുകൊണ്ട് കൂടിയാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നും ദഖാന്‍ പറഞ്ഞു.

സ്‌പോണ്‍സറുടെ ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ഫിലിപ്പിനോ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫിലിപ്പീന്‍സ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. കുവൈറ്റിലേക്ക് പോകരുതെന്ന് വീട്ടുജോലിക്കാര്‍ക്ക് ഫിലീപ്പീന്‍സ് നിര്‍ദ്ദേശം നല്‍കിയെങ്കിലും മറ്റ് മേഖലകളിലുള്ളവരെയും നിലവില്‍ കുവൈറ്റില്‍ ജോലിയെടുക്കുന്നവരെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. കുവൈറ്റ് അധികാരികള്‍ക്കുള്ള കടുത്ത മുന്നറിയിപ്പാണിതെന്നും മരിച്ച ഫിലിപ്പിനോയ്ക്ക് നീതി ലഭ്യമാക്കിയില്ലെങ്കില്‍ ഇപ്പോഴുള്ള ഭാഗിക വിലക്ക് പൂര്‍ണതോതില്‍ നടപ്പിലാക്കുമെന്നും ഫിലിപ്പീന്‍സിലെ ലേബര്‍ സെക്രട്ടറി സില്‍വസ്റ്റ്‌ട്രെ ബെല്ലോ പറഞ്ഞു. ഏതാണ്ട് 200,000 ഫിലിപ്പിനോകളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്.

Comments

comments

Categories: Arabia
Tags: philippines