കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ന്യൂസിലാന്‍ഡ്

കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍ (ന്യൂസിലാന്‍ഡ്): രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എഴുതിയ കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഈ വര്‍ഷം മുതല്‍ ന്യൂസിലാന്‍ഡിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം പ്രതിഷേധം (ആക്ടിവിസം) ആസൂത്രണം ചെയ്യുന്നതിനും ആഗോള താപനത്തെക്കുറിച്ചുള്ള പരിസ്ഥിതി ഉത്കണ്ഠകള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നതുമായിരിക്കും പുസ്തകങ്ങളിലെ നിര്‍ദേശങ്ങള്‍. അതിനു സജ്ജമായ വിധത്തിലാണു പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. ഈ പാഠ്യപദ്ധതിയിലൂടെ ന്യൂസിലാന്‍ഡിനെ കാലാവസ്ഥ വ്യതിയാനത്തിനെതിരേ ആഗോളതലത്തില്‍ നടക്കുന്ന പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് എത്തിച്ചിരിക്കുകയാണ്.

ന്യൂസിലാന്‍ഡിന്റെ അയല്‍രാജ്യങ്ങളായ ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലെ സര്‍ക്കാരുകള്‍ കാലാവസ്ഥ വ്യതിയാനത്തിനെ പ്രതിരോധിക്കാന്‍ കാര്യമായ ഇടപെടലുകളൊന്നും നടത്താതിരിക്കുന്നതിന്റെ പേരില്‍ പഴി കേള്‍ക്കുമ്പോഴാണു ന്യൂസിലാന്‍ഡ് മാതൃകാപരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. 11 മുതല്‍ 15 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണു ന്യൂസിലാന്‍ഡിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി. ഈ പദ്ധതി ‘ദ ന്യൂസിലാന്‍ഡ് സ്‌കീം’ എന്നാണ് അറിയപ്പെടുന്നത്. 2018 ല്‍ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ ഒരു സ്‌കൂളില്‍ ഈ സ്‌കീം അവതരിപ്പിക്കുകയുണ്ടായി. ദേശീയാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനുള്ള സാമഗ്രികള്‍ അവതരിപ്പിക്കുന്നതിലേക്ക് വഴിവച്ചു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കുട്ടികളുടെ വികാരങ്ങളും കാഴ്ച്ചപ്പാടും രൂപീകരിക്കുന്നതിന് ഇത് സഹായിച്ചു.

2015 ല്‍ ഒപ്പുവച്ച പാരീസ് കാലാവസ്ഥ കരാര്‍ കാലാവസ്ഥ വിദ്യാഭ്യാസം നടപ്പാക്കാന്‍ ഒപ്പിട്ട രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പല രാജ്യങ്ങളും അത് പാലിച്ചിട്ടില്ല. ന്യൂസിലാന്‍ഡാണ് ഇക്കാര്യത്തില്‍ മാതൃപരമായ നീക്കം നടത്തിയിരിക്കുന്നത്. അതോടൊപ്പം ഇറ്റലിയും മുന്നോട്ടുവന്നിട്ടുണ്ട്. സുസ്ഥിരത, കാലാവസ്ഥ പ്രതിസന്ധി എന്നീ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ബന്ധിത വിഷയങ്ങളാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇറ്റലി ഈ വര്‍ഷം മാറുകയാണ്.

Comments

comments

Categories: World