പുതിയ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ അനാവരണം ചെയ്തു

പുതിയ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ അനാവരണം ചെയ്തു

മൂന്ന് കാറുകളും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നവയാണ്

ന്യൂഡെല്‍ഹി: പരിഷ്‌കരിച്ച നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ മോഡലുകളുടെ ഔദ്യോഗിക ചിത്രങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. മൂന്ന് കാറുകളും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നവയാണ്. ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളിലോ അതാത് മോഡലുകളുടെ വെബ്‌സൈറ്റിലോ ബുക്കിംഗ് നടത്താന്‍ സൗകര്യമുണ്ട്. ബിഎസ് 6 പാലിക്കുന്ന ആദ്യ ടാറ്റ കാറുകളാണ് പരിഷ്‌കരിച്ച നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ എന്നിവ. മൂന്ന് മോഡലുകളും ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഡിസൈന്‍, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത കാറുകള്‍ വരുന്നത്. മൂന്ന് കാറുകളിലും കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ‘ഇംപാക്റ്റ് ഡിസൈന്‍ 2.0’ ഡിസൈന്‍ ഭാഷയില്‍ മൂന്ന് മോഡലുകളും ഇപ്പോള്‍ അണിഞ്ഞൊരുങ്ങി. നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ്, നെക്‌സോണ്‍ ഇവി മോഡലുകളുടെ രൂപകല്‍പ്പന ഏറെക്കുറേ സമാനമാണ്. അതേസമയം, ആള്‍ട്രോസ് ഹാച്ച്ബാക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ടിയാഗോ, ടിഗോര്‍ മോഡലുകളുടെ മുഖം. പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, പുതിയ ഗ്രില്‍ എന്നിവ പുതിയ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ നല്‍കിയിരിക്കുന്നു. പുതിയ ടിഗോറിന്റെ മുന്നിലെ ബംപറില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. മൂന്ന് കാറുകളുടെയും കാബിനിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

മൂന്ന് മോഡലുകളുടെയും എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ബിഎസ് 6 പാലിക്കുന്ന എന്‍ജിനുകളുടെ കരുത്ത്, ടോര്‍ക്ക് എന്നിവയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് 26 ഉല്‍പ്പന്നങ്ങള്‍ അണിനിരത്തുമ്പോള്‍ ഈ മൂന്ന് മോഡലുകളും ഉണ്ടായിരിക്കും. ബിഎസ് 6 പാലിക്കുന്ന പുതിയ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ കാറുകള്‍ക്ക് നിലവിലെ ബിഎസ് 4 മോഡലുകളേക്കാള്‍ വില വര്‍ധിക്കും.

Comments

comments

Categories: Auto