ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലബാറി കഫെ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലബാറി കഫെ

ഇത് സോഷ്യല്‍ മീഡിയയില്‍ വീഡിയോകളുടെ കാലമാണ്. ഇന്‍ഫര്‍മേഷനും എന്റെര്‍റ്റൈന്മെന്റും ഇഴചേരുന്ന ഇന്‌ഫോര്‍റ്റൈന്മെന്റ് വീഡിയോകള്‍ അരങ്ങു വാഴുമ്പോള്‍ കണ്ണൂര്‍ സ്വദേശികളായ വിജിലും ഭാര്യ അംബിക മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഫൈവ് സ്റ്റാര്‍ റേട്ടിംഗില്‍ ഇടം പിടിക്കുന്നു. പ്രവാസിദമ്പതികളായ ദിനേശന്റെയും സുലോചനയുടെയും കഥ പറഞ്ഞുകൊണ്ട് യുട്യൂബിലും ഫേസ്ബുക്കിലും ചിരിയുടെ മാലപ്പടക്കവുമായെത്തുന്ന മലബാറി കഫെയിലൂടെ സോഷ്യല്‍ മീഡിയയെ വരുമാനമാര്‍ഗമാക്കി മാറ്റുന്നതില്‍ വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയാണ് വിജിലും അംബികയും

ശ്രീനിവാസന്‍ ചിത്രമായ വടക്കുംനോക്കിയന്ത്രം ഇറങ്ങിയിട്ട് വര്‍ഷം 30 കഴിഞ്ഞു. എന്നിരുന്നാലും ചിത്രത്തിലെ പ്രധാന കഥാപാത്രമായ തലത്തില്‍ ദിനേശന്‍ ഇന്നും മലയാളികളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. തളത്തില്‍ ദിനേശനും ശോഭക്കും ശേഷം അതേ പേസില്‍ മലയാളികളെ ചിരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് മലബാറി കഫെയിലെ ദിനേശനും സുലോചനയും. യുട്യൂബില്‍ 75000 ലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള മലബാറികഫെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചിട്ടേയുള്ളൂ. എന്നാല്‍ അവതരണ ശൈലിയിലെ വ്യത്യസ്തതയും ആശയത്തിലെ പുതുമയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടാന്‍ ഈ ചാനലിന് ഇതിനോടകം സാധിച്ചു.

പ്ര്വാസിദമ്പതിമാരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ വര്ധമാനകാലത്തോട് ചേര്‍ത്തുവച്ചാണ് മലബാറി കഫെയില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ
ചിരിയോടൊപ്പം ചിന്തയ്ക്കും വഴിയൊരുക്കിയാണ് ദുബായിലെ തളത്തില്‍ ദിനേശനും സുലോചനയും നമ്മുടെ മുന്നിലെത്തുന്നത്. സദാ ചിന്താവിഷ്ടനായ ദിനേശനും അല്‍പം പൊങ്ങച്ചവും കുശുമ്പും നാക്കിന് ലൈസന്‍സില്ലാത്തവളുമായ സുലോചനയും ആളുകളെ മടുപ്പിക്കുന്നില്ലെന്നു മാത്രമല്ല, ഓരോ എപ്പിസോഡിനായും കാത്തിരുത്തുകയും ചെയ്യുന്നു. . യു ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് മലബാറി കഫെ ജനങ്ങളിലേക്ക് എത്തുന്നത്.

സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ദമ്പതിമാര്‍ തലശ്ശേരിക്കാരനായ ശ്രീനിവാസന്റെ വടക്കു നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനില്‍ നിന്നും മിഥുനത്തിലെ കുശുമ്പുകാരി സുലോചനയില്‍ നിന്ന് സുലുവിനെയും സംയോജിപ്പിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്ന നിലക്കുള്ള കെമിസ്ട്രി വീഡിയോകളിലും കാണാനാകും.

സമകാലിക വിഷയങ്ങളാണ് ഹൈലൈറ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് വിജിലും അംബികയും അപരിചിതരല്ല. ഏത് വിഷയവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും വാക്ചാതുരിയുമാണ് മറ്റ് വീഡിയോ ചാനലുകളില്‍ നിന്നും അവതാരകാരില്‍ നിന്നും മലബാര്‍ കഫെയേയും അഭിനേതാക്കളെയും വ്യത്യസ്തരാക്കുന്നത്. സമകാലിക വിഷയങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടി ചാര്‍ത്തി അവതരിപ്പിക്കുന്നതില്‍ ഇരുവര്‍ക്കും പ്രത്യേക കഴിവാണ്. അതിനാല്‍ തന്നെ കുടുംബ സദസ്സുകളുടെ പ്രിയതാരങ്ങളായി ഇരുവരും മാറിക്കഴിഞ്ഞു. തീര്‍ത്തും മലബാര്‍ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂര്‍ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയതെന്ന് വിജിലും അംബികയും പറയുന്നു. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നുള്ള മലയാളിയും ആസ്വദിക്കുന്ന തരത്തിലാണ് കണ്ണൂര്‍ ഭാഷ ഇവര്‍ കൈകാര്യം ചെയ്യുന്നത്.

മലയാളികളുടെ കപടസദാചാര ബോധത്തേയും പൊങ്ങച്ചം പറച്ചിലിനെയുമെല്ലാം കണക്കിന് കളിയാക്കുന്നുണ്ട് മലബാറി കഫെ. മഴയില്ലാത്തപ്പോള്‍ മഴയെ സ്‌നേഹിക്കുകയും വന്നുകഴിഞ്ഞാല്‍ ശല്യമായി കരുതുകയും ചെയ്യുന്ന മലയാളിയെയും പ്രവാസജീവിതം അടിപൊളിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ നാടകം കളിക്കുന്ന പ്രവാസിഭാര്യയെയുമെല്ലാം സുലോചനയെന്ന അംബിക അനായാസം അവതരിപ്പിച്ചു ഫലിപ്പിച്ചിരിക്കുന്നു. സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആളുകളെ കളിയാക്കുന്ന വകതിരിവ്, ഫെമിനിസ പൊങ്ങച്ചത്തിന്റെ തലക്കടിക്കുന്ന ‘ഒരു മുട്ടന്‍ ഫെമിനിസ്റ്റ്, വാലന്റൈന്‍സ് ദിവസം മറന്നു പോകുന്ന ഭര്‍ത്താക്കന്മാരെ രസകരമായി അതോര്‍മപ്പെടുത്തുന്ന ‘ഒരു സെറ്റപ് വാലന്റൈന്‍സ് ഡേ’ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.ക്രിസ്തുമസ് , ന്യൂ ഇയര്‍ സ്‌പെഷല്‍ എപ്പിസോഡുകളും ജനശ്രദ്ധ നേടിയവയാണ്.

മലബാറി കഫെ ബന്ന വഴി

സമകാലിക സംഭവ വികാസങ്ങള്‍ എന്നും ശ്രദ്ധിച്ചുവരാറുണ്ടായിരുന്ന വിജിലിനും അംബികക്കും എന്തു കൊണ്ട് നമ്മുടെ മനസ്സില്‍ അപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ചുകൂടാ എന്ന ചിന്ത മനസ്സില്‍ ഉദിച്ചത് രണ്ടര വര്‍ഷം മുന്‍പാണ്. 2017 നവംബറിലായിരുന്നു ആദ്യ ചിത്രം അപ് ലോഡ് ചെയ്തത്. പിന്നെ അത് യാഥാര്‍ഥ്യമാക്കാന്‍ ഒട്ടും വൈകിയില്ല.അങ്ങനെയാണ് മലബാറി കഫെയുടെ ജനനം. വിജിലിന്റെ എല്ലാ ആശയങ്ങള്‍ക്കും അംബിക നല്‍കുന്ന പിന്തുണയാണ് കാര്യങ്ങള്‍ പെട്ടെന്ന് യാഥാര്‍ഥ്യമാകാന്‍ കാരണം. സുലു എന്ന കഥാപാത്രത്തെ അംബിക തന്നെ അവതരിപ്പിക്കണമെന്ന് വിജില്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ഒന്നു അമ്പരന്നെങ്കിലും പിന്നീട് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ആദ്യ ചിത്രം ഹിറ്റായതോടെ 10 മാസത്തിനകം ഇരുപതോളം കുഞ്ഞു ചിത്രങ്ങള്‍ പ്രേക്ഷകര്‍ യു ട്യൂബില്‍ കണ്ടുകഴിഞ്ഞു. നിലവില്‍ മലബാറി കഫെയ്ക്ക് 76000 വരിക്കാറുണ്ട്. ഇപ്പോഴും മലബാര്‍ കഫെയുടെ പുത്തന്‍ എപ്പിസോഡ് പണിപ്പുരയിലാണ്. പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന വമ്പിച്ച പിന്തുണയാണ് മലബാറി കഫെയുടെ വിജയത്തിനുള്ള കാരണം. മിക്ക എപിസോഡുകള്‍ക്ക് ഒരു ലക്ഷത്തോളം കാഴ്ചക്കാരും.

Categories: FK Special, Slider