20 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് കൃതി അന്താരാഷ്ട്ര പുസ്തക മേള

20 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് കൃതി അന്താരാഷ്ട്ര പുസ്തക മേള
  • ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍
  • മേള സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് 250 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതുപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാം

കൊച്ചി: 20 കോടി രൂപയുടെ പുസ്തക വില്‍പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സഹകരണ, ദേവസ്വം, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ വിതരണം ചെയ്യും. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും. മേള സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് 250 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതുപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാം. കൃതി 2020 അന്താരാഷ്ട്ര പുസ്തക മേള ഫെബുവരി 6 മുതല്‍ 16 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തക മേളയുടെയും സാഹിത്യ-വൈജ്ഞാനിക ഉത്സവത്തിന്റെയും മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുസ്തക മേള,സാഹിത്യ-വൈജ്ഞാനികോത്സവം, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടുന്നതാകും കൃതി 2020. 230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുളള 150ല്‍പ്പരം പ്രസാധകര്‍ പുസ്തക മേളയില്‍ പങ്കെടുക്കും.

കല്‍ക്കത്ത, ഡല്‍ഹി പുസ്തക മേള പോലെ പ്രശസ്തി നേടുന്ന വിധത്തില്‍ കൃതി രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നുവെന്നും പ്രസാധകരില്‍ നിന്ന മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ആകെ 74,000 ചതുരശ്ര അടി വിസ്തൃതിയുളള പന്തലുകളാണ് കൃതി 2020ന് വേണ്ടി മറൈന്‍ഡ്രൈവില്‍ ഉയരുക. കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുളള മാജിക് ഷോ, വായന മത്സരം, കവിത രചനാ മത്സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്. ഷോര്‍ട്ട് ഫിലിം മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും കൃതി 2020 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ പട്ടണങ്ങളുടെ മുന്‍കാല ഫോട്ടോകളുടെ പ്രദര്‍ശനം എന്നിവയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ആറ് മുതല്‍ നടക്കുന്ന സാഹിത്യ-വൈജ്ഞാനികോത്സവത്തിലെ 36 സെഷനുകളിലായി പ്രതിഭാറായ്, ഭൈരപ്പ, കെ ശിവ റെഡ്ഡി, കനകമൈന്തന്‍, വെങ്കിടാചലപതി, പി സായ്നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുമുള്‍പ്പെടെ നൂറിലേറെ സാഹിത്യ-വൈജ്ഞാനിക പ്രതിഭകള്‍ പങ്കെടുക്കും. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. ഫെബ്രുവരി ഏഴു മുതല്‍ 10 ദിവസം വൈകിട്ട് ഏഴ് മുതല്‍ 9.30 വരെയാണ് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. 10,000 ചതുരശ്ര അടി വിസ്തൃതയില്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ രുചിഭേദങ്ങളുമായി 12 സ്റ്റാളുകളും കൃതി 2020ന്റെ ഭാഗമായുണ്ടാകും. പ്രവേശനം സൗജന്യം.

Comments

comments

Categories: FK News
Tags: Krithi

Related Articles