കാശിയില്‍ കലയും കാപ്പിയും ഒരുമിച്ച് ആസ്വദിക്കാം

കാശിയില്‍ കലയും കാപ്പിയും ഒരുമിച്ച് ആസ്വദിക്കാം

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഫോര്‍ട്ട് കൊച്ചി. എറണാകുളം ജില്ലയിലെ ഒരു പ്രകൃതിദത്ത തുറമുഖമാണ് ഫോര്‍ട്ട് കൊച്ചി. ചീനവലകള്‍, വാസ്‌കോഡ ഗാമ സ്‌ക്വയര്‍, സാന്താക്രൂസ് ബസിലിക്ക, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, വി.ഒ.സി. ഗേറ്റ്, ബാസ്റ്റിയന്‍ ബംഗ്ലാവ് തുടങ്ങി ഇവിടെ സഞ്ചാരികള്‍ക്ക് കാണാനുള്ളത് നിരവധി കാഴ്ചകളാണ്. ഇത് മാത്രമല്ല, കലയും കാപ്പിയും ഒരുമിച്ച് ആസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഡച്ച് മാതൃകയില്‍ പണിത കാശി ആര്‍ട്ട് കഫേ സന്ദര്‍ശിക്കാം

ഫോര്‍ട്ട് കൊച്ചിയിലെ ബര്‍ഗര്‍ സ്ട്രീറ്റിലാണ് പ്രശസ്തമായ കാശി ആര്‍ട്ട് കഫേ സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ ആര്‍ട്ടും കഫേയും ചേര്‍ന്നതാണ് ഈ മനോഹരമായ ഇടം. കേരളത്തിലെ ആദ്യത്തെ ആര്‍ട്ട് കഫേയാണ് കാശി. കാശി ആര്‍ട്ട് കഫേയിലേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, നിങ്ങള്‍ ഒരു കഫേയിലേക്കോണോ അതോ ആര്‍ട്ട് മ്യൂസിയത്തിലേക്കാണോ എത്തിയിരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു പോകും. മുമ്പ് ഡച്ച് കുടുംബം താമസിച്ച സ്ഥലമാണ് ഇത്. ഇന്ന് കേരളത്തിലെ കലാകാരന്‍മാരുടെയും യുവാക്കളുടെയും ഇഷ്ട സ്ഥലമാണ് കാശി ആര്‍ട്ട് കഫേ.

ഫോര്‍ട്ട് കൊച്ചി സ്വദേശിയും വ്യവസായിയുമായ എഡ്ഗര്‍ പിന്റോയാണ് ഇന്ന് കാശി ആര്‍ട്ട് കഫേയുടെയും ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെയും ഉടമ. 1985ലാണ് എഡ്ഗര്‍ പിന്റോ മിഡില്‍ ഈസ്റ്റില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഏകദേശം 19 വര്‍ഷത്തോളം സൗദി അറേബ്യയില്‍ ചെലവഴിച്ചെങ്കിലും ഒരു വിദേശ രാജ്യത്ത് തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. മിഡില്‍ ഈസ്റ്റില്‍ അദ്ദേഹം വര്‍ഷങ്ങളോളം താമസിച്ചെങ്കിലും, സ്വന്തം നാടിനെകുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.

‘2004 ലാണ് ഞാന്‍ സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ കൊച്ചിയിലും മുംബൈയിലുമാണ്. സൗദിയില്‍ നിന്ന് തിരിച്ചു വന്നപ്പോളാണ് കൊച്ചി ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടല്‍ എന്റെ ശ്രദ്ധയില്‍പെട്ടത്. ഇത് വില്‍പനക്കാണെന്ന് അറിഞ്ഞപ്പോള്‍ സ്വന്തമാക്കണമെന്ന് തോന്നി. അങ്ങനെ ഇത് വാങ്ങുകയും ഒരു സ്വിസ് ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു’ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടല്‍ ഉടമ എഡ്ഗര്‍ പിന്റോ പറയുന്നു.

‘പുതുക്കി പണിത കെട്ടിടം വീണ്ടും 2006 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 13 മുറികള്‍ ഇവിടെയുണ്ട്. പഴമയും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലാണ് 300 വര്‍ഷം പഴക്കമുള്ള കെട്ടിടം പുതുക്കി നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങളാണ് ഇവിടുത്തെ റെസ്റ്റോറന്റില്‍ ഉള്ളത്. പ്ലാസ്റ്റിക് മുക്തമാണ് ഈ ഹോട്ടല്‍. ജൈവ പച്ചക്കറികള്‍ മാത്രമേ ഞങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. ഹോട്ടല്‍ കടലിനോട് ചേര്‍ന്നിരിക്കുന്നതിനാല്‍, ഞങ്ങളുടെ അതിഥികള്‍ പലതരം സമുദ്രവിഭവങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിനായി, ഇവിടുത്തെ ഗാര്‍ഡനില്‍ എല്ലാ രാത്രിയിലും ഞങ്ങള്‍ക്ക് ഒരു പ്രത്യേക സീഫുഡ് മെനു തയാറാക്കുന്നു,’ അദ്ദേഹം പറയുന്നു.

‘കലയോടുള്ള താത്പര്യമാണ് കാശി ആര്‍ട്ട് കഫേ സ്വന്തമാക്കാന്‍ കാരണം. കലാകാരന്മാര്‍ക്കായി ആര്‍ട്ട് റെസിഡന്‍സിയും ഇവിടെ ഉണ്ട്. എല്ലാ മൂന്ന് മാസവും കൂടുമ്പോള്‍ ആര്‍ട്ട് എക്സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി ബിനാലെയുമായും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ജ്യു ടൗണില്‍ ഒരു പുതിയ ബ്രാഞ്ചും ഉടനെ ആരംഭിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു,’ അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ നിന്നും ലോകത്തെ മറ്റു പല ഭാഗങ്ങളില്‍ നിന്നും എത്തുന്ന ആര്‍ട്ടിസ്റ്റുകളാണ് അവരുടെ സൃഷ്ടികള്‍ കാശി ആര്‍ട്ട് കഫേയുടെ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവിടെ വരുന്ന ആളുകള്‍ക്ക് ചിത്രപ്രദര്‍ശനവും കാണാം അതുപോലെ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കുകയും ചെയ്യാം. 300 വര്‍ഷം പഴക്കമുള്ള ആര്‍ട്ട് കഫേ പ്രാചീനതയുടെ എല്ലാ എടുപ്പോടെയുമാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ആര്‍ട്ട് കഫേയില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് പ്രശസ്തരായ കലാകാരന്മാരുടെ ചിത്രങ്ങളും, ചുവരെഴുത്തുകളും ശില്‍പങ്ങളുമാണ്. ആര്‍ട്ട് കഫേയും കടന്ന് ഉള്ളില്‍ എത്തുമ്പോള്‍ കാപ്പിയുടെ മത്തു പിടിപ്പിക്കുന്ന മണം വരും. കാപ്പുച്ചിനോ, ടര്‍ക്കിഷ്, കോള്‍ഡ് കോഫി, ഐസ് ക്രീം കോഫി തുടങ്ങി വിവിധ രുചിയിലും മണത്തിലുമുള്ള കോഫി ഇവിടെ ലഭ്യമാണ്. ഫ്രെഷ് കാപ്പിക്കുരു അപ്പപ്പോള്‍ പൊടിച്ചെടുത്താണ് കാപ്പി തയാറാക്കുന്നത്. കൂടുതലും വിദേശികളാണ് ഇവിടെ എത്തുന്നത്.

‘വിഷരഹിത ഭക്ഷണമാണ് ആര്‍ട്ട് കഫേയില്‍ ഉള്ളത്. കോണ്ടിനെന്റല്‍ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കോള്‍ഡ് കോഫി വിത്ത് കോക്കനട്ട് മില്‍ക്ക്, വേഗന്‍ ജാക്ഫ്രൂട്ട് കേക്ക് പോലുള്ള വ്യത്യസ്ത വിഭവങ്ങള്‍ കഫെയില്‍ ലഭ്യമാണ്,’ എഡ്ഗര്‍ പിന്റോ പറയുന്നു.

1997 ലാണ് കാശി ആര്‍ട്ട് കഫേ ആരംഭിക്കുന്നത്. ഉടമസ്ഥര്‍ മാറി മാറി വന്നെങ്കിലും ഇവിടുത്തെ ഭക്ഷണവും രുചിയും പഴയത് തന്നെ. കലയെ സ്നേഹിക്കുന്നവര്‍ക്ക് പ്രത്യേക ക്യാമ്പും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത തവണ ഫോര്‍ട്ട് കൊച്ചിയില്‍ വരുമ്പോള്‍ കാശി ആര്‍ട്ട്കഫേ സന്ദര്‍ശിക്കാന്‍ മറക്കേണ്ട.

Categories: FK Special, Slider