ജെഫ് ബെസോസ് നാളെ ഇന്ത്യയില്‍

ജെഫ് ബെസോസ് നാളെ ഇന്ത്യയില്‍
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ആമസോണ്‍ മേധാവി സമയം തേടി
  • ഇന്ത്യയില്‍ നേരിടുന്ന നിയമപരമായ തടസങ്ങള്‍ നീക്കാന്‍ ജെഫ് ബെസോസ് ശ്രമം നടത്തും
  • രാജ്യമെങ്ങും ബെസോസിനെതിരെ പ്രതിഷേധിക്കാന്‍ വ്യാപാരി വ്യവസായികളുടെ തീരുമാനം

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് നാളെ തുടക്കം. ഇ-കൊമേഴ്‌സ് ബിസിനസ് ഇന്ത്യയില്‍ നേരിടുന്ന നിയമപരമായ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ബെസോസ് സമയം തേടിയിട്ടുണ്ട്. മറ്റ് മന്ത്രിമാരെയും ഉന്നത വകുപ്പ് മേധാവികളെയും കണ്ട് ചര്‍ച്ചകള്‍ നടത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആമസോണടക്കം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ബെസോസിന്റെ വരവ്. ആമസോണിന്റെയും മുഖ്യ എതിരാളികളായ, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്പ്കാര്‍ട്ടിന്റെയും പ്രവര്‍ത്തനം, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണമാണ് സിഎഐടി ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുകയും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുകൊണ്ട് ചെറുകിട വ്യാപാരികളുടെ സംഘടന യുഎസ് ഇ-കൊമേഴ്‌സ് വമ്പന്‍മാരെ ശ്വാസം മുട്ടിക്കാനാരംഭിച്ചിട്ടുണ്ട്. ഇരപിടിയന്‍ മനോഭാവത്തോടെ വിലക്കിഴിവുകള്‍ നല്‍കുകയും ഉല്‍പ്പാദന മേഖലയെ സ്വാധീനിക്കുകയും മുന്‍ഗണനാ വില്‍പ്പന സംവിധാനം ഒരുക്കുകയും ചെയ്തുകൊണ്ട് മത്സരത്തെ കൊല്ലാനും കുത്തകാവകാശം നേടാനുമാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ശ്രമിക്കുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയവും കോംപറ്റീഷന്‍ കമ്മീഷനും ആമസോണടക്കം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്.

സ്വന്തം കമ്പനികളില്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളൊന്നും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ വിറ്റഴിക്കരുതെന്ന മാനദണ്ഡം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സാരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരട് ദേശീയ ഇ-കൊമേഴ്‌സ് നയം കേന്ദ്ര സര്‍ക്കാര്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നയത്തെക്കുറിച്ച് ചര്‍ച്ച നടത്താനും തിരിച്ചടിയാവുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കാനുമുള്ള ശ്രമം ബെസോസ് നടത്തും.

പ്രതിഷേധം കനക്കും

മറ്റൊരിടത്തും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രക്ഷോഭമാണ് ബെസോസിനെ ഇന്ത്യയില്‍ കാത്തിരിക്കുന്നത്. 300 ല്‍ ഏറെ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുമെന്നാണ് സിഎഐടി വ്യക്തമാക്കിയിരിക്കുന്നത്. ധര്‍ണകളും റാലികളും ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാവും. ആമസോണ്‍ സംഭവ് പരിപാടി നടക്കുന്ന ഡെല്‍ഹിയിലാവും ഏറ്റവും വലിയ പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സിഎഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാല്‍ വ്യക്തമാക്കി. 2014 ല്‍ ഇന്ത്യയില്‍ ബെസോസ് നടത്തിയ സന്ദര്‍ശനം ഉത്സവാന്തരീക്ഷത്തിലായിരുന്നു. 3.5 ബില്യണ്‍ ഡോളറാണ് ഇതിനു ശേഷം ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്.

ആമസോണ്‍ സംഭവ്

ചെറുകിട, മധ്യവര്‍ത്തി ബിസിനസുകളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ത്തു നിര്‍ത്താനുള്ള ‘സംഭവ്’ (എസ്എംബിഎച്ച്എവി) പരിപാടിയില്‍ ബെസോസ് പങ്കെടുക്കും. 15, 16 തിയതികളില്‍ ഡെല്‍ഹിയിലാണ് പരിപാടി നടക്കുക. കൂടുതല്‍ ചെറുകിട വ്യാപാരികളെ സഹകരിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത് റിലയന്‍സിന്റെ പുതിയ ഇ-കൊമേഴ്‌സ് സംരംഭം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ്. രാജ്യത്തെ മുഴുവന്‍ ചില്ലറ വ്യാപാരികളേയും കോര്‍ത്തു നിര്‍ത്തുന്ന ഇ-കൊമേഴ്‌സ് ശൃംഖലയാണ് മുകേഷ് അംബാനി ഒരുക്കുന്നത്. സംഭവിലൂടെ ചെറുകിട വ്യാപാരികളുമായി ബന്ധം സ്ഥാപിക്കാന്‍ ആമസോണ്‍ നിര്‍ബന്ധിതമായത് ഇതോടെയാണ്. ആമസോണ്‍ ഇന്ത്യ മേധാവി അമിത്അഗര്‍വാള്‍, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി, ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി എന്നിവരും സംഭവ് വേദിയിലുണ്ടാവും.

Categories: FK News, Slider
Tags: Jeff Bezos