വമ്പന്‍ ഇടപാടിന് പ്രതിഫലം പോരാ; കൂടുതല്‍ പണമാവശ്യപ്പെട്ട് ഐപിഒ ബാങ്കുകള്‍

വമ്പന്‍ ഇടപാടിന് പ്രതിഫലം പോരാ; കൂടുതല്‍ പണമാവശ്യപ്പെട്ട് ഐപിഒ ബാങ്കുകള്‍

ഐപിഒയില്‍ കമ്പനിയെ സഹായിച്ച ബാങ്കുകള്‍ക്ക് ആകെ ലഭിച്ചത് 60 മില്യണ്‍ ഡോളര്‍ അലിബാബയുടെ ഐപിഒയില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത് 300 മില്യണ്‍ ഡോളര്‍

റിയാദ്: റെക്കോഡ് നേട്ടമുണ്ടാക്കിയ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) പ്രവര്‍ത്തിച്ച ബാങ്കുകള്‍ കൂടുതല്‍ പ്രതിഫലത്തിനായി കമ്പനിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഇത്രയും വലിയ ഇടപാടിന് ബാങ്കുകള്‍ക്ക് താരതമ്യേന കുറഞ്ഞ വരുമാനമാണ് ലഭിച്ചതെന്ന കാരണം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പണമാവശ്യപ്പെട്ട് ഇവര്‍ അരാംകോയെ സമീപിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര വിപണിയിലെ ഐപിഒ വേണ്ടെന്നുവെക്കാനുള്ള അരാംകോയുടെ തീരുമാനമാണ് ബാങ്കുകളുടെ പ്രതിഫലം കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും കാര്യമായ പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് അരാംകോ അന്താരാഷ്ട്ര തലത്തിലുള്ള ഐപിഒ പദ്ധതി വേണ്ടെന്നുവെച്ചത്.

പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെട്ട ഓരോ ബാങ്കിനും 5 മില്യണ്‍ ഡോളറില്‍ താഴെ മാത്രമേ പ്രതിഫലം ലഭിച്ചിരിക്കുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെക്കോഡ് നേട്ടമുണ്ടാക്കിയ വമ്പന്‍ ഐപിഒ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ പ്രതിഫലമാണ്. കഴിഞ്ഞ ദിവസം ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 450 മില്യണ്‍ ഓഹരികള്‍ അധികമായി വിറ്റ അരാംകോ ഐപിഒയിലൂടെ ആകെ 29.4 ബില്യണ്‍ ഡോളര്‍ ഇതുവരെ സമാഹരിച്ചതായി വ്യക്തമാക്കിയിരുന്നു. നേരത്തെ തന്നെ ഏറ്റവും വലിയ ഐപിഒ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഐപിഒ കഴിഞ്ഞ ദിവസത്തെ ഇടപാടോടെ ഈ നേട്ടം ദൃഢമാക്കി.

ഈ സാഹചര്യത്തിലാണ് ‘ ഇന്‍സെന്റീവ് ഫീസ്’ എന്ന പേരില്‍ ഐപിഒ ബാങ്കുകള്‍ കൂടുതല്‍ പണമാവശ്യപ്പെട്ട് അരാംകോയെ സമീപിച്ചിരിക്കുന്നത്. ലിസ്റ്റിംഗ് വിജയകരമായാല്‍ ബാങ്കുകള്‍ക്ക് അധികപണം നല്‍കാന്‍ അരാംകോയ്ക്ക് ബാധ്യതയുണ്ടെന്ന കരാറിലെ ഉടമ്പടി ഉയര്‍ത്തിക്കാട്ടിയാണ് ബാങ്കുകളുടെ ഈ നീക്കം. ആ ആവശ്യം സാധിച്ചെങ്കില്‍ മാത്രമേ ഭാവിയില്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അരാംകോയ്ക്ക്് ഒപ്പം നില്‍ക്കുകയുള്ളുവെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

അടിസ്ഥാന ഫീസ് കുറച്ച് ഐപിഒയില്‍ ബാങ്കുകളുടെ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി നല്‍കിവരുന്ന ‘ഇന്‍സെന്റീവ് ഫീസ്’ യൂറോപ്പിലും അമേരിക്കയിലും സാധാരണമാണെങ്കിലും ഗള്‍ഫില്‍ ഇത് അപൂര്‍വ്വമാണ്.

ഓരോ ബാങ്കുകള്‍ക്കും എത്രത്തോളം തുക ഇന്‍സെന്റീവ് ഫീസായി ലഭിച്ചേക്കുമെന്ന് വ്യക്തമല്ല. ജെപി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ്, ക്രെഡിറ്റ് സ്യൂസ്സെ, ഗോള്‍ഡ്മാന്‍ സാക്ക്‌സ്, എച്ച്എസ്ബിസി, എന്‍സിബി കാപ്പിറ്റല്‍, സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബാങ്കുകളെയാണ് പ്രാഥമിക ഓഹരി വില്‍പ്പനയില്‍ കമ്പനിയെ സഹായിക്കുന്നതിനുള്ള അന്താരാഷ്ട്ര ബാങ്കിംഗ് പങ്കാളികളായി അരാംകോ തെരഞ്ഞെടുത്തിരുന്നത്. ഇടപാട് മൂല്യത്തിന്റെ 25 ബേസിസ് പോയിന്റാണ് ഇവര്‍ക്കുള്ള അടിസ്ഥാന ഫീസായി അരാംകോ നല്‍കിയത്. ഇതനുസരിച്ച് ബാങ്കുകള്‍ക്ക് ആകെ 60 മില്യണ്‍ ഡോളര്‍ മാത്രമാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ അരാംകോയ്ക്ക് മുമ്പ് ഏറ്റവും വലിയ ഐപിഒ എന്ന റെക്കോഡ് നേടിയ ചൈനയിലെ ഇ-കൊമേഴ്‌സ് ഭീമന്‍ അലിബാബ ന്യൂയോര്‍ക്കില്‍ നടത്തിയ ഐപിഒയില്‍ ബാങ്കുകള്‍ക്ക് 300 മില്യണ്‍ ഡോളറാണ് പ്രതിഫലമായി നല്‍കിയത്.

Comments

comments

Categories: Arabia
Tags: Aramco, IPO Banks