ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണത്തില്‍ 17% വര്‍ധന

ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണത്തില്‍ 17% വര്‍ധന

നോയ്ഡ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്അപ്പ് പേ ടിഎമ്മാണ് 2019ല്‍ ഫണ്ട് സമാഹരണത്തില്‍ മുന്നിലെത്തിയത്

ബെംഗളൂരു: വിപണി ഗവേഷണ സ്ഥാപനമായ ട്രാക്‌സ്എന്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരം 2019ല്‍ മൊക്കം 10 ബില്യണ്‍ ഡോളറിലധികം ഫണ്ട് സമാഹണം നടത്താന്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്കായി. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ സമാഹരിച്ച 4.41 ബില്യണ്‍ ഡോളറാണ് ഇതില്‍ മുഖ്യ പങ്കുവഹിച്ചത്. 2018ല്‍ കമ്പനികള്‍ സമാഹരിച്ച മൊത്തം ഫണ്ട് 8.57 ബില്യണ്‍ ഡോളറായിരുന്നു.

വിലകുറഞ്ഞ ഡാറ്റാ നിരക്കുകളും കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതലായി എത്തിയതും ഇന്റര്‍നെറ്റ കമ്പനികളുടെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒരു ഡസനോളം ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികള്‍ ഗതാഗതം മുതല്‍ ഭക്ഷണ വിതരണം വരെയുള്ള വിഭാഗങ്ങളില്‍ വളര്‍ന്നുവന്നു. ടൈ-സിന്നോ(TIEZinnov)വിന്റെ 2019ലെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് പ്രമുഖ നഗരങ്ങളിലായി 21,155 സ്റ്റാര്‍ട്ടപ്പുകളുണ്ട്. 7,039 സ്റ്റാര്‍ട്ടപ്പുകളുമായി ഡെല്‍ഹി രാജ്യതലസ്ഥാന മേഖലയാണ് മുന്നില്‍, തൊട്ടുപിന്നാലെ ബെംഗളൂരുവും മുംബൈയും.

ഇന്ത്യയില്‍ ഇ-കൊമേഴ്‌സിന്റെ വളര്‍ച്ച പുതിയ ഘട്ടത്തിലേക്ക് എത്തിയെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. ഇ-കൊമേഴ്‌സിലെ പ്രധാന മേഖലയായ ഇ-ടെയ്ല്‍ വില്‍പ്പന ഇന്ത്യയിലെ മൊത്തം ചില്ലറ വില്‍പ്പനയുടെ 1.6% മാത്രമാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. വിപുലമായ വളര്‍ച്ചാ സാധ്യത ഈ മേഖലയില്‍ ഉണ്ട് എന്നത് കണക്കാക്കിയാണ് കമ്പനികള്‍ നിക്ഷേപം തുടരുന്നത്. 2021 ഓടെ റീട്ടെയ്ല്‍ വ്യവസായം 1,200 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഡെലോയിറ്റിന്റെ സമീപകാല കണക്കുകള്‍ കണക്കാക്കുന്നു. മൊത്തം റീട്ടെയ്ല്‍ വിപണിയില്‍ 7% വിഹിതം 2021 ഓടെ ഇ-ടെയ്‌ലിനുണ്ടാകും എന്നും ഈ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

നോയ്ഡ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്അപ്പ് പേ ടിഎമ്മാണ് 2019ല്‍ ഫണ്ട് സമാഹരണത്തില്‍ മുന്നിലെത്തിയത്. നവംബറില്‍ ടി റോ പ്രൈസ് ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നായി 1 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ഘട്ടത്തില്‍ പേ ടിഎമ്മിന്റെ മൂല്യനിര്‍ണയം 16 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. അലിപേ നയിക്കുന്ന ഒരു നിക്ഷേപ സമാഹരണ ഘട്ടത്തിലൂടെ 4,724.42 കോടി രൂപ പേ ടിഎം സമാഹരിക്കുകയാണെന്നും കമ്പനി സമര്‍പ്പിച്ച റെഗുലേറ്ററി രേഖകള്‍ വ്യക്തമാക്കുന്നു.

സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് (എസ്‌വിഎഫ്) നയിച്ച 231.42 മില്യണ്‍ ഡോളര്‍ (1,645 കോടി രൂപ) ഫണ്ടിംഗിലൂടെ കണ്ണട റീട്ടെയ്‌ലര്‍ ലെന്‍സ്‌കാര്‍ട്ട് കഴിഞ്ഞ വര്‍ഷത്തെ മൊത്തം സമാഹരണം 400 മില്യണ്‍ ഡോളറില്‍ എത്തിച്ചു. ഫരീദാബാദ് ആസ്ഥാനമായുള്ള സ്ഥാപനം കഴിഞ്ഞ വര്‍ഷമാണ് യൂണികോണ്‍ ക്ലബ്ബിലെത്തിയത്. ഒക്‌റ്റോബറില്‍ റൂം ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഒയോ 1.5 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് പ്രഖ്യാപിച്ചു. സ്ഥാപകനായ റിതേഷ് അഗര്‍വാളാണ് ഇതില്‍ 700 മില്യണ്‍ ഡോളര്‍ മൂലധന ഉള്‍ച്ചേര്‍ക്കര്‍ നടത്തിയത്.

Comments

comments

Categories: Current Affairs