ഉപഭോക്തൃ പണപ്പെരുപ്പം 5 വര്‍ഷത്തെ ഉയരത്തില്‍

ഉപഭോക്തൃ പണപ്പെരുപ്പം 5 വര്‍ഷത്തെ ഉയരത്തില്‍

7.35 ശതമാനം പണപ്പെരുപ്പമാണ് കഴിഞ്ഞ മാസത്തില്‍ രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: രാജ്യത്ത് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ അഞ്ചുവര്‍ഷത്തിലേറെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വര്‍ധനയാണ് ഈ കുതിച്ചുകയറ്റത്തിന് പ്രധാനമായും ഇടയാക്കിയത്. 7.35 ശതമാനമായാണ് കഴിഞ്ഞ മാസത്തില്‍ ഉപഭോക്തൃ പണപ്പെരുപ്പം ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ പണപ്പെരുപ്പത്തിന് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിനും മുകളിലാണ് ഇത് എന്നതും ശ്രദ്ധേയമാണ്. 2016 ജൂലൈയിലാണ് അവസാനമായി സിപിഐ പണപ്പെരുപ്പം ഈ പരിധി ലംഘിച്ചത്.

നവംബറില്‍ 5.54 ശതമാനവും 2018 ഡിസംബറില്‍ 2.18 ശതമാനവുമായിരുന്നു ഉപഭോക്തൃ പണപ്പെരുപ്പം. 2014 ജൂലൈയില്‍ രേഖപ്പെടുത്തിയ 7.39 ശതമാനം പണപ്പെരുപ്പത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലമാണ് കഴിഞ്ഞ മാസത്തേത്. പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും വില ഉയരുന്നതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റം നവംബറിലെ 10.01 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 14.12 ശതമാനമായി ഉയര്‍ന്നു. 2018 ഡിസംബറില്‍ ഭക്ഷ്യവിലക്കയറ്റം (-) 2.65 ശതമാനമായിരുന്നു. നഗരങ്ങളില്‍ 16.12 ശതമാനംവും ഗ്രാമപ്രദേശങ്ങളില്‍ 12.97 ശതമാനവുമാണ് ഭക്ഷ്യവില പണപ്പെരുപ്പം രേഖപ്പെടുത്തിയത്.

ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റം കുറയ്ക്കുന്നതിന് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ‘സിപിഐ പണപ്പെരുപ്പം 2019 ഡിസംബറില്‍ രേഖപ്പെടുത്തിയ 7.35 ശതമാനത്തില്‍ നിന്ന് ജനുവരിയിലും തുടര്‍ന്ന് ഫെബ്രുവരിയിലും തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, അടുത്ത ഏതാനും പാദങ്ങളില്‍ ഇത് 4.3 ശതമാനത്തിന് മുകളില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഐസിആര്‍എയിലെ മുഖ്യ സാമ്പത്തിക വിദഗ്ധ അദിതി നായര്‍ പറഞ്ഞു.

പച്ചക്കറികളിലെ വിലക്കയറ്റ നിരക്ക് നവംബറിലെ 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായി ഉയര്‍ന്നു, പ്രധാനമായും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ പണപ്പെരുപ്പമാണ് കാരണം. ഉള്ളി-സവാള പണപ്പെരുപ്പം നവംബറിലെ 128 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 328 ശതമാനമായി ഉയര്‍ന്നു.

നവംബറിലെ 144 ശതമാനത്തില്‍ നിന്ന് വെളുത്തുള്ളിയുടെ പണപ്പെരുപ്പം 153 ശതമാനത്തിലെത്തി. നഗരപ്രദേശങ്ങളിലെ പച്ചക്കറി പണപ്പെരുപ്പം 75 ശതമാനത്തിലെത്തിയപ്പോള്‍ ഗ്രാമീണ മേഖലകളില്‍ ഇത് 53 ശതമാനമായിരുന്നു. പയര്‍വര്‍ഗങ്ങളുടെ വിലവര്‍ധന ഡിസംബറില്‍ 15.4 ശതമാനമാണ്.

മുഖ്യ പണപ്പെരുപ്പം ഡിസംബറില്‍ 3.7 ശതമാനമായി ഉയര്‍ന്നു. അതിവേഗം ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഭക്ഷ്യ, ഇന്ധന മേഖലയിലെ കണക്കുകള്‍ മാറ്റിനിര്‍ത്തിയാണ് മുഖ്യ പണപ്പെരുപ്പം കണക്കാക്കുന്നത്. നവംബറിനെ അപേക്ഷിച്ച് 0.2 ശതമാനം വര്‍ധന. ഡിസംബറിലെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് ടെലികോം മേഖലയിലെ പണപ്പെരുപ്പം 10.01 ശതമാനമായി. കഴിഞ്ഞ മാസം ഇത് 2.83 ശതമാനമായിരുന്നു.

ആരോഗ്യ മേഖലയിലെ വിലക്കയറ്റം ഡിസംബറില്‍ 3.80 ശതമാനമായി കുറഞ്ഞു. നവംബറില്‍ ഇത് 5.49 ശതമാനമായിരുന്നു. വിദ്യാഭ്യാസത്തില്‍ നവംബറിലെ 5.21 ശതമാനത്തില്‍ നിന്ന് 3.73 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു. ഇന്ധന മേഖലയിലെ പണപ്പെരുപ്പം കേവലം 0.7 ശതമാനം മാത്രമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ പണപ്പെരുപ്പ സാധ്യത വര്‍ധിച്ചു. ‘പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന’ പണപ്പെരുപ്പം രേഖപ്പെടുത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഡിസംബറില്‍ നടന്ന ധനനയ അവലോകനത്തില്‍ തന്നെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയാറായിരുന്നില്ല.

Comments

comments

Categories: FK News