ഇന്‍ഡസ്ട്രി 4.0; ഇവിടെ ഇന്റര്‍നെറ്റ് അവകാശമാകണം

ഇന്‍ഡസ്ട്രി 4.0; ഇവിടെ ഇന്റര്‍നെറ്റ് അവകാശമാകണം

ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലത്ത് ഇന്റര്‍നെറ്റ് എന്നത് പൗരന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള ഭരണനിര്‍വഹണത്തിന് മാത്രമേ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ. മുഖ്യധാരാവല്‍ക്കരണമെന്നു പറയുമ്പോള്‍ അത് ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാകരുത്

നാല് ചക്രങ്ങളിലുള്ള കംപ്യൂട്ടറുകളായി കാറുകള്‍ വരെ മാറിക്കൊണ്ടിരിക്കുന്ന അതിസ്മാര്‍ട്ടായ സാങ്കേതികയുഗത്തിലാണ് നാം ജീവിക്കുന്നത്. ഡിജിറ്റല്‍ സങ്കേതങ്ങള്‍ അതിശക്തമാകുന്ന, സമൂഹത്തിന്റെ നാനാതുറകളെ സമഗ്രമായി പരിവര്‍ത്തനം ചെയ്യാന്‍ പ്രാപ്തമായി കൃത്രിമ ബുദ്ധി തയാറായി നില്‍ക്കുന്ന, നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയെന്നതില്‍ കവിഞ്ഞ മറ്റൊരു വൈരുദ്ധ്യമുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ മാത്രം ആഗോളതലത്തിലുണ്ടായ നഷ്ടം 56,800 കോടി രൂപയാണെന്നാണ് ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോളതലത്തില്‍ 18,000 മണിക്കൂറാണത്രെ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ടത്.

നേരത്തെ പറഞ്ഞ പോലെ, ഒന്നും രണ്ടും മൂന്നും കഴിഞ്ഞ് നാലാം വ്യവാസയിക വിപ്ലവത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ യുഗത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇന്റര്‍നെറ്റ് തന്നെയാണ്. വലിയൊരളവും പുതിയ വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് നിരോധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്ന നടപടി നീണ്ടുപോയാല്‍ നമ്മുടെ പുരോഗതി എത്രമാത്രം പുറകോട്ടായിപ്പോകും?

ഇന്റര്‍നെറ്റ് ഗവേഷണ സ്ഥാപനമായ ടോപ്10വിപിഎന്നിന്റെ കണക്കുകള്‍ പ്രകാരം 2015-16 കാലഘട്ടത്തെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് വിലക്ക് 2019ല്‍ 235 ശതമാനമാണ്. 6368 മണിക്കൂറുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം നേരിട്ടുവെന്നും കണക്കുകള്‍ പറയുന്നു. പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളുമുള്ള ഇടങ്ങളിലാണ് സാധാരണ ഇന്റര്‍നെറ്റിന് വിലക്ക് വീഴാറുള്ളത്. ഇത്തവണ ഇന്ത്യയുടെ പേര് ഇത്തരം റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടു എന്നത് ദൗര്‍ഭാഗ്യകരമാണ്. 2019ല്‍ 4196 മണിക്കൂറാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ടത്. ഇതിലൂടെ രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം 9,200 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികപരമായി ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാണെന്നത് ‘സൂപ്പര്‍ പവര്‍ ഇന്‍ വെയ്റ്റിംഗ്’ സ്റ്റാറ്റസിന് ഒട്ടും ഭൂഷണമല്ല.

ഈ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സുപ്രധാനമായ പരാമര്‍ശങ്ങളെയും കാണേണ്ടത്. ഒരു മേഖലയില്‍ അനിശ്ചിതമായി ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്ന കൃത്യമായ സന്ദേശമാണ് കോടതി നല്‍കിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭരണഘടനയിലെ അനുച്ഛേദം 19ന്റെ ഭാഗമായി തന്നെ കണക്കാക്കേണ്ടതാണെന്ന നിലപാട് ഒരു ഉദാര ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. മാത്രമല്ല ഇന്ത്യയുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കും ഇത് പ്രധാനം തന്നെ. അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കശ്മീരിന്റെ മുഖ്യധാരാവല്‍ക്കരണമാണ് കേന്ദ്രം ഉന്നമിട്ടത്. അങ്ങനെയുള്ളപ്പോള്‍ ഇന്റര്‍നെറ്റിനുള്ള നിയന്ത്രണങ്ങള്‍ ദീര്‍ഘകാലത്തേക്ക് വരുന്നത് അടിസ്ഥാനപരമായ ഉദ്ദേശ്യത്തിന് തന്നെ കടകവിരുദ്ധമാണ്. ഈ വിഷയത്തില്‍ സുപ്രധാനമായ നിലപാടാണ് സുപ്രീം കോടതി കൈക്കൊണ്ടിരിക്കുന്നത്.

Categories: Editorial, Slider

Related Articles