ഐഇഇഇ കേരളയുടെ കെപിപി നമ്പ്യാര്‍ പുരസ്‌കാരം ഡോ.കെ ശിവന്

ഐഇഇഇ കേരളയുടെ കെപിപി നമ്പ്യാര്‍ പുരസ്‌കാരം ഡോ.കെ ശിവന്

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയേഴ്സ് (ഐഇഇഇ) കേരള വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള കെപിപി നമ്പ്യാര്‍ വാര്‍ഷിക പുരസ്‌കാര ദാന ചടങ്ങ് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ വെച്ച് നടന്നു. ഐഇഇഇ സ്ഥാപക ചെയര്‍മാനാണ് സംസ്ഥാനത്ത് ഇലക്ട്രോണിക് വ്യവസായത്തിന്റെ കുലപതിയായ കെപിപി നമ്പ്യാര്‍.

മാനവികതയിലൂന്നിയ ഗവേഷണ സാങ്കേതിക മുന്നേറ്റങ്ങള്‍, സാങ്കേതികവിദ്യയുടെ ഉപയോഗം ജനപ്രിയമാക്കുക, സാങ്കേതികവിദ്യ സേവനങ്ങള്‍ അടിത്തട്ടില്‍ എത്തിക്കുക തുടങ്ങിയ ഐഇഇഇ കാഴ്ചപ്പാടിന് അനുസൃതമായി സമഗ്ര സംഭാവനകള്‍ക്കാണ് കെപിപി നമ്പ്യാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഞ്ചിനീയറിംഗ് രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2019ലെ ഐഇഇഇ കെപിപി നമ്പ്യാര്‍ പുരസ്‌കാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന് നല്‍കി ആദരിച്ചു. ഡോ.ശിവനെ പ്രതിനിധീകരിച്ച് വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.എസ് സോമനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി.

ചന്ദ്രയാന്‍ അടക്കമുള്ള വിവിധ ദൗത്യങ്ങളെക്കുറിച്ചും മിഷന്‍ ടു സണ്‍ (ആദിത്യ), ശുക്രനിലേക്കുള്ള ദൗത്യം, ഇന്ത്യയുടെ തദ്ദേശീയ ആഗോള പൊസിഷനിംഗ് സിസ്റ്റത്തിന്റെ നവീകരണം തുടങ്ങിയ ഭാവി പരിപാടികളെക്കുറിച്ചും ഡോ.എസ് സോമനാഥന്‍ തന്റെ സന്ദേശത്തില്‍ വിശദീകരിച്ചു. ഐഇഇഇ ലൈഫ് സീനിയര്‍ മെമ്പര്‍ കോരുത്ത് പി വര്‍ഗ്ഗീസ്, കെപിപി നമ്പ്യാര്‍ സ്മാരക പ്രസംഗം നടത്തി. ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായം വികസിപ്പിക്കുന്നതിലും സംസ്ഥാനത്ത് നിരവധി ഇലക്ട്രോണിക്സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിലും നമ്പ്യാര്‍ സുപ്രധാന പങ്ക് വഹിച്ചുവെന്ന് കോരുത്ത് പി വര്‍ഗ്ഗീസ് പറഞ്ഞു. എപിജെ അബ്ദുള്‍ കലാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എംഎസ് മികച്ച വനിതാ എഞ്ചിനീയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി.

ടികെഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഷഹല്‍ ഹസ്സന്‍ മുസലിയാറിന് ‘ഫ്രണ്ട് ഓഫ് ഐഇഇഇ ഫോര്‍ അക്കാദമിയ അവാര്‍ഡ്’ നല്‍കി. വ്യവസായത്തിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും നിസ്സാന്‍ ഡിജിറ്റലിനും ‘ഫ്രണ്ട് ഓഫ് ഐഇഇഇ അവാര്‍ഡ്’ ലഭിച്ചു. നെസ്റ്റ് ഗ്രൂപ്പ് സിടിഒ ഡോ.സുരേഷ് നായര്‍ക്ക് മികച്ച റിസര്‍ച്ചര്‍ അവാര്‍ഡ്, പ്രൊഫ.കെപി മോഹന്‍ദാസിന് മികച്ച അദ്ധ്യാപക അവാര്‍ഡ്, ടിസിഎസിലെ ജ്യോതി രാമസ്വാമിക്ക് വ്യവസായ ലോകത്തെ സംഭാവനയ്ക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.

Comments

comments

Categories: FK News