ഹ്യുണ്ടായ് സൊണാറ്റ തിരിച്ചുവരും ?

ഹ്യുണ്ടായ് സൊണാറ്റ തിരിച്ചുവരും ?

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ സെഗ്‌മെന്റിനെക്കുറിച്ച് വിശദമായ പഠനം നടത്തും

ന്യൂഡെല്‍ഹി: ഹ്യുണ്ടായ് സൊണാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നു. ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍, പുതിയ കാലത്തെ പ്രീമിയം സെഡാനുകളില്‍ കാണുന്ന എല്ലാ ഫീച്ചറുകളും ഹ്യുണ്ടായ് സൊണാറ്റയില്‍ പ്രതീക്ഷിക്കാം. എന്നാല്‍ അതിനുമുമ്പ്, ഇന്ത്യയിലെ പ്രീമിയം സെഡാന്‍ സെഗ്‌മെന്റിനെക്കുറിച്ച് ഹ്യുണ്ടായ് വിശദമായ പഠനം നടത്തും.

2019 ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് എട്ടാം തലമുറ ഹ്യുണ്ടായ് സൊണാറ്റ അനാവരണം ചെയ്തത്. 2018 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഹ്യുണ്ടായുടെ ‘ല ഫില്‍ റൂഷ്’ കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണ് പുതിയ സൊണാറ്റ. സ്‌പോര്‍ട്ടി 4 ഡോര്‍ കൂപ്പെയുടെ ഛായാരൂപമുള്ളതാണ് പുതിയ മോഡല്‍. ഹ്യുണ്ടായുടെ ‘സെന്‍സുവസ് സ്‌പോര്‍ട്ടിനെസ്’ എന്ന പുതിയ ഡിസൈന്‍ ഭാഷ പുതിയ സൊണാറ്റയില്‍ അരങ്ങേറിയിരിക്കുന്നു. അഗ്രസീവ് സ്റ്റൈലിംഗ് ലഭിച്ചു.

ഹ്യുണ്ടായുടെ നിരവധി പുതിയ ഫീച്ചറുകള്‍ പുതു തലമുറ സൊണാറ്റയിലാണ് അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ചാര വിമാനങ്ങളുടെ കാബിനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൊണാറ്റയുടെ കാബിന്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അനാവരണ സമയത്ത് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. അളവുകള്‍ പരിശോധിച്ചാല്‍, മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ നീളം 45 എംഎം, വീതി 25 എംഎം, വീല്‍ബേസ് 35 എംഎം എന്നിങ്ങനെ വര്‍ധിച്ചു. അതേസമയം, ഉയരം 30 മില്ലി മീറ്റര്‍ കുറഞ്ഞു.

ഹ്യുണ്ടായ് സൊണാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അറിയാന്‍ കഴിയും. എന്നാല്‍ പുതിയ ഹ്യുണ്ടായ് സൊണാറ്റ ഈ വര്‍ഷം ഇന്ത്യയില്‍ എത്തില്ല. 2021 ലോ അതിനുശേഷമോ വരുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto