ഗള്‍ഫ് മേഖല സംഘര്‍ഷ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍

ഗള്‍ഫ് മേഖല സംഘര്‍ഷ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍

സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇറാന്‍ തുടരുന്ന തിരിച്ചടികള്‍ യുദ്ധത്തിന്റെ ആശങ്കകള്‍ ഗള്‍ഫ് മേഖലയില്‍ വിതച്ചിട്ടുണ്ട്. മലയാളികളടക്കം വലിയൊരു ഇന്ത്യന്‍ പ്രവാസി സാന്നിധ്യമുള്ള മേഖലയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നത് നമ്മെ സംബന്ധിച്ച് ഒട്ടും ഗുണപരമായ സാഹചര്യമല്ല. ഇന്ധന വിലക്കയറ്റവും രൂപയുടെ മൂല്യമിടിവും എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാണ്

ലോക ചേരികള്‍ മാറിമറിയുന്നു. റഷ്യയും ചൈനയും ഇറാനുമായി കൂടുതല്‍ അടുക്കുന്നു. മറുപുറത്ത് സൗദിയും ഇസ്രയേലും ബദ്ധ വൈരികളായ ഇറാനെ അടിക്കാന്‍ അമേരിക്കയുമായി ഒട്ടിനില്‍ക്കുന്നു. ഇതാണ് ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു ശേഷമുള്ള ലോകക്രമം. മധ്യപൂര്‍വദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിലെ നിര്‍ണായക വഴിത്തിരിവാണു ജനറല്‍ കാസിം സുലൈമാനിയുടെ വധം. ഇറാഖിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടാണ് തലസ്ഥാന നഗരിയിലെ വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ കമാന്‍ഡര്‍ സുലൈമാനിയെ അമേരിക്ക വധിച്ചത്.

മൂന്നു പതിറ്റാണ്ടിനിടെ ഇറാഖില്‍ യുഎസ് സ്‌പോണ്‍സര്‍ ചെയ്യുന്ന നാലാം യുദ്ധത്തിന്റെ ഭീതിയിലാണ് പശ്ചിമേഷ്യ. രണ്ടു വട്ടം സദ്ദാം ഹുസൈനെതിരെയും ഒരുവട്ടം ഐഎസിന് (ഇസ്ലാമിക് സ്‌റ്റേറ്റ്) എതിരെയും. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖ് ഗവണ്‍മെന്റ് അമേരിക്കന്‍ സേനയെ അവരുടെ മണ്ണിലേക്ക് ക്ഷണിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാനായിരുന്നു ഇത്. ഇതിന്റെ ഭാഗമായി 5,000 അമേരിക്കന്‍ സൈനികരാണ് വിവിധ കേന്ദ്രങ്ങളിലായി ഇറാഖില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മേഖലയിലെ യുഎസ് താല്‍പ്പര്യ സംരക്ഷണത്തിന് പശ്ചിമേഷ്യയില്‍ മാത്രം 60,000 ഓളം യുഎസ് സൈനികരുണ്ട്. അവരെ കാക്കാന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും മറ്റ് എണ്ണമറ്റ ആയുധങ്ങളും. ഒന്നുകൂടി വിശാലമാക്കിയാല്‍, ബ്രസീല്‍ മുതല്‍ സിംഗപ്പൂര്‍ വരെയും പസഫിക് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയും കടലിലും കരയിലുമായി 860 ഓളം സൈനിക താവളങ്ങള്‍ യുഎസിന്റേതായുണ്ട്. യുദ്ധക്കപ്പലുകള്‍ മാത്രം വരും 293. ഇവയില്‍ മൂന്നിലൊന്ന് വിന്യസിച്ചിരിക്കുന്നത് അമേരിക്കയ്ക്ക് പുറത്താണ്.

ഇതിനിടെ ട്രംപിന്റെ ഏകപക്ഷീയ നടപടിക്കെതിരെ അമേരിക്കയിലും അഭിപ്രായ രൂപവല്‍ക്കരണം നടക്കുന്നുണ്ട്. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റുകളാണ് ഇതിന്റെ പിന്നില്‍. വിദേശ രാജ്യത്ത് ആക്രമണം നടത്തിയ കാര്യം 48 മണിക്കൂറിനുള്ളില്‍ ന്യായീകരണങ്ങള്‍ സഹിതം പാര്‍ലമെന്റിനെ അറിയിക്കണമെന്ന നിയമം പാലിക്കാതെയാണ് സുലൈമാനിയെ അമേരിക്ക വധിച്ചതെന്നത് ജനപ്രതിനിധികളെ വകവെക്കാത്ത രാഷ്ട്രത്തലവന്റെ ഹുങ്കിന്റെ തെളിവാണെന്നാണ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പോലും പറഞ്ഞത്. ട്രംപിന്റെ പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം ഇന്നിംഗ്സിനായുള്ള ഗിമ്മിക്കുകളാണ് ഇതൊക്കെയെന്ന വികാരവും അവിടെ ശക്തമാണ്.

സൈനിക റാങ്കിംഗ് സംബന്ധിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ്’ പ്രകാരം ലോകത്തെ 136 രാജ്യങ്ങളില്‍ 14 ാമത്തെ വലിയ സൈനിക ശക്തിയാണ് ഇറാന്‍. ഈ സൂചിക പ്രകാരം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് അമേരിക്ക, റഷ്യ, ചൈന എന്നിവരാണ്. ഇന്ത്യയാണ് നാലാം സ്ഥാനത്തുള്ളത്. പശ്ചിമേഷ്യ മേഖലയിലെ കണക്കെടുത്താല്‍ ഒമ്പതാം സ്ഥാനത്ത് തുര്‍ക്കിയും 12 ാം സ്ഥാനത്ത് ഈജിപ്തും 16 ാം സ്ഥാനത്ത് ഇസ്രയേലും 26 ാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. ഇറാന്റെ മുഖ്യ എതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്. എന്നാല്‍ ചൈനയും റഷ്യയും ഇറാനുമായി സൗഹാര്‍ദ്ദത്തിലാണ്. ഇറാനുമായുള്ള സഹരണ കരാറുകളുമായി മുന്നോട്ടുപോകുമെന്നാണ് പുട്ടിനും ചൈനയും ആവര്‍ത്തിച്ച് പറയുന്നത്.

ആണവേതര യുദ്ധ മാര്‍ഗങ്ങള്‍, മാനവ വിഭവശേഷി, ഭൂമിശാസ്ത്രപരമായ കിടപ്പ്, സൈനിക ബജറ്റ് തുടങ്ങി 50 ഓളം ഘടകങ്ങള്‍ പരിഗണിച്ചാണ് ‘ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ്’ റാങ്കിംഗ് നല്‍കുന്നത്. 8.2 കോടി ജനങ്ങളുള്ള ഇറാന്‍ മാനവവിഭവ ശേഷിയില്‍ ഒട്ടും പിന്നിലല്ല എന്ന വിലയിരുത്തലും വെബ്‌സൈറ്റ് നടത്തുന്നു. അതേസമയം, ശത്രുപക്ഷത്തുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ ബജറ്റിനേക്കാള്‍ വളരെ കുറവാണ് ഇറാന്റേത്. 2017 ലെ കണക്കനുസരിച്ച് 16 ബില്യണ്‍ ഡോളറാണ് ഇറാന്റെ പ്രതിരോധ ബജറ്റ്. അമേരിക്കയുടേത് 600 ബില്യണ്‍ ഡോളറും ഇസ്രായേലിന്റേത് 18.5 ബില്യണ്‍ ഡോളറും.

ഇറാഖിലെ ഷിയാ വിഭാഗം, സിറിയയിലെ വിമതര്‍, ലബനനിലെ ഹിസ്ബുള്ള വിഭാഗം, യമനിലെ ഹൂതികള്‍, പലസ്തീനിലെ വിമോചന പോരാളികള്‍ എന്നിവര്‍ക്കുള്ള സഹായങ്ങളിലൂടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സുലൈമാനിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് വേഗം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് ഇറാനെ സംബന്ധിച്ച് അതിപ്രധാനമാണ്. എണ്ണ നീക്കം തടസ്സപ്പെടുത്തി ലോക സമ്പദ്‌വ്യവസ്ഥക്ക് തന്നെ ഭീഷണി ഉയര്‍ത്തുക എന്നതാണ് ഇറാന്റെ നിര്‍ണായക പ്രതിരോധ മാര്‍ഗം. ലോകത്ത് വിപണനം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന് നീക്കം നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ചെക് പോയന്റുകള്‍ തടസ്സപ്പെടുത്താന്‍ മൈനുകളും കപ്പല്‍ വേധ മിസൈലുകളും ഉള്‍പ്പെടുത്തിയുള്ള നാവിക സൈനിക വിന്യാസം ഇറാന് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. യമന്‍ വഴിയും ഇത്തരം നീക്കം നടത്താന്‍ ഇറാന് കഴിയും. ഹൂതികളുമായി സഹകരിച്ച് ബാബല്‍ മന്ദാബ് കടലിടുക്ക് ഉപരോധിക്കുക വഴി ചാവു കടലിലൂടെയുള്ള എണ്ണ നീക്കം തടയാന്‍ ഖുദ്‌സ് ഫോഴ്‌സിന് കഴിയും. ലോകത്തെ നാല് ശതമാനം എണ്ണയുടെ നീക്കം നടക്കുന്നത് ഇതുവഴിയാണ്. ഇന്ത്യ അതിന്റെ ഇന്ധന ആവശ്യത്തിന്റെ എണ്‍പതു ശതമാനവും നിറവേറ്റുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ഏതു രീതിയിലുള്ള ഇന്ധന നീക്ക തടസവും രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഇന്ധന വില ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. രൂപയുടെ മൂല്യം അനുദിനം ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സുലൈമാനിയുടെ മരണം നമ്മളെയും പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നു.

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം തെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. തെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം ഇറാന്‍ വ്യോമസേന അവിചാരിതമായി വെടിവെച്ചിടുകയായിരുന്നെന്നാണ് അമേരിക്കന്‍ അധികൃതര്‍ ആരോപിക്കുന്നത്. ഇറാന്‍ കുറ്റസമ്മതം നടത്തിയതോടെ സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച ഇറാന്റെ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ ഇസ്രായേല്‍, ഭീകരവാദികളുടെ തലവന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. കാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെ ഇസ്രായേല്‍ അഭിനന്ദിച്ചിരുന്നു. ഇറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ശില്‍പ്പിയും മുഖ്യ സൂത്രധാരനുമായിരുന്നു കാസിം സുലൈമാനിയെന്നും പലപ്പോഴും പലയിടത്തും നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട എണ്ണമറ്റ ജനങ്ങളുടെ മരണത്തിനുത്തരവാദിയാണ് അയാളെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു. ഒരു യുദ്ധത്തിന് വേണ്ടി കൊതിക്കുന്ന ഇസ്രായേലിനു കിട്ടാവുന്ന ഏറ്റവും നല്ല പുതുവത്സര സമ്മാനമാണ് ട്രംപ് നല്‍കിയത്.

80 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുള്ള ഗള്‍ഫ് മേഖല യുദ്ധത്തിലേക്കു വീണാല്‍, അത് എങ്ങനെ നമ്മെ ബാധിക്കുമെന്നതിന് സിറിയയിലെയും യെമനിലെയും ആഭ്യന്തര യുദ്ധങ്ങള്‍ സമീപകാല ഉദാഹരണങ്ങളാണ്. പ്രവാസികളില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. പശ്ചിമേഷ്യയില്‍ ഉണ്ടാകുന്ന ഏതൊരു സംഘര്‍ഷവും നമ്മുടെ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും. കുവൈറ്റ് യുദ്ധത്തില്‍ നമ്മള്‍ അത് കണ്ടതാണ്. അതുകൊണ്ടു തന്നെ അമേരിക്കയെയും ഇറാനെയും യുദ്ധ വഴിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അവരുടെ സുഹൃദ് രാജ്യങ്ങള്‍ തുനിഞ്ഞിറങ്ങണം. യൂഫ്രട്ടീസ് നദിക്കരയും പഴയ പേര്‍ഷ്യയും എക്കാലവും സമാധാനം കാംക്ഷിച്ചവരായിരുന്നു. സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലില്‍ നിന്ന് സംഘര്‍ഷങ്ങള്‍ അകന്നു പോവും എന്ന് ആശിക്കാനേ ഇപ്പൊ നമുക്കാവൂ.

Categories: FK Special, Slider