ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42 ബയനതിനെ ഏറ്റെടുത്തു

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42 ബയനതിനെ ഏറ്റെടുത്തു

സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം

അബുദാബി: അബുദാബി ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42, ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ജിയോസ്‌പേഷ്യല്‍ ഡാറ്റാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായ ബയനത് ഫോര്‍ മാപ്പിംഗ് ആന്‍ഡ് സര്‍വേയിംഗ് സര്‍വീസസിനെ ഏറ്റെടുത്തു. കമ്പനിയുടെ സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് 42 ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.

2010ല്‍ അബുദാബിയില്‍ സ്ഥാപിതമായ ബയനത് ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രത്യേക മേഖലയെ സംബന്ധിച്ച വിവരങ്ങളും മറ്റ് സേവനങ്ങളും നല്‍കിവരുന്ന കമ്പനിയാണ്. ടോപ്പോഗ്രാഫിക്, ഹൈഡ്രോഗ്രാഫിക്, എയറോനോട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചാര്‍ട്ടുകള്‍ക്കുമൊപ്പം ഒരു മേഖലയുടെ സര്‍വേ, അനാലിസിസ്, മാനേജ്‌മെന്റ് മോഡലിംഗ്, വിഷ്വലൈസേഷന്‍, കാര്‍ട്ടോഗ്രഫി തുടങ്ങിയ സേവനങ്ങളും ബയനത് നല്‍കിവരുന്നു.

ജിയോസ്‌പേഷ്യല്‍ രംഗത്ത് ബയനതിനുള്ള അനുഭവപരിചയം ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് 42 സിഇഒ പെംഗ് സിയോ പറഞ്ഞു. ബയനതിന്റെ സാങ്കേതികവിദ്യയും പ്രവര്‍ത്തനപരിചയവും ഭൂപ്രദേശങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും മേഖലയില്‍ അത്യാധുനിക, എഐ അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്നും സിയോ പറഞ്ഞു. ബയനതില്‍ പുതിയൊരു യുഗത്തിന്റെ തുടക്കമാണ് ഈ ഏറ്റെടുക്കല്‍ രേഖപ്പെടുത്തുന്നതെന്ന് ബയനത് സിഇഒ സയിദ് മുഹമ്മദ് അല്‍ ബെലൗഷി പ്രതികരിച്ചു.

Comments

comments

Categories: Arabia
Tags: Bayanat, Group 44

Related Articles