ഫ്ലിപ്കാർട്ടിനും ആമസോണിനും എതിരേ സിസിഐ അന്വേഷണം

ഫ്ലിപ്കാർട്ടിനും ആമസോണിനും എതിരേ സിസിഐ അന്വേഷണം

ന്യൂഡെല്‍ഹി: ആമസോണ്‍ ഡോട്ട് കോം, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവ വിപണിയിലെ മല്‍സരം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം കോംപറ്റിഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള പ്രത്യേക വില്‍പ്പന ക്രമീകരണങ്ങളെ കുറിച്ചും ഇ-കൊമേഴ്‌സ് കമ്പനികള്‍ ചില വില്‍പ്പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന ആരോപണവും അന്വേഷിക്കപ്പെടേണ്ടതാണെന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്തിന്റെ വിദേശ നിക്ഷേപ നിയമങ്ങള്‍ ഇരു പ്ലാറ്റ്‌ഫോമുകളും ലംഘിക്കുന്നുണ്ടെന്ന് ചെറുകിട വ്യാപാരികളുടെ സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. അനുചിതമായ വില്‍പ്പന രീതികള്‍ തിരുത്തണമെന്നും കര്‍ക്കശയമായ വിലയിരുത്തല്‍ ഉണ്ടാകുമെന്നും അടുത്തിടെയും സിസിഐ ഇരു കമ്പനികള്‍ക്കും താക്കീത് നല്‍കിയിരുന്നു. കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തന രീതി ഈ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കഴിഞ്ഞയാഴ്ച നടന്നൊരു ചടങ്ങില്‍ സിസിഐ ചെയര്‍മാന്‍ അശോക് കുമാര്‍ ഗുപ്ത പറഞ്ഞിരുന്നു.

രണ്ട് കമ്പനികളും ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. തങ്ങള്‍ നേരിട്ട് ഒരു ആനുകൂല്യങ്ങളും വിപണിയിലെ മല്‍സരത്തെ അട്ടിമറിക്കാന്‍ നല്‍കുന്നില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഇന്ന് ഇന്ത്യയില്‍ എത്താനിരിക്കെയാണ് സിസിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: FK News