ഡ്രോണുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നേടാനൊരുങ്ങി കാഫു

ഡ്രോണുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നേടാനൊരുങ്ങി കാഫു

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ ഉദ്യമമെന്ന് കാഫു സിഇഒ

ദുബായ്: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുകയാണ് ദുബായില്‍ പിറവിയെടുത്ത ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന കമ്പനിയായ കാഫു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ഈ ഉദ്യമത്തിനായി കാഫു ഉപയോഗിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെമ്പാടും കാട്ടുതീ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കാഫു സ്ഥാപകനും സിഇഒയുമായ റാഷിദ് അല്‍ ഖുരൈര്‍ പറഞ്ഞു. ആദ്യമായി കാട്ടുതീയുടെ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നപ്പോഴാണ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചുതുടങ്ങിയതെന്ന് റാഷിദ് പറഞ്ഞു. കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ചാണ് കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ഈ പദ്ധതി കാഫു അവതരിപ്പിച്ചിരിക്കുന്നത്.

അറബിനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ഗാഫ് മരങ്ങളാണ് ഈ ഉദ്യമത്തിന്റെ ഭാഗമായി കമ്പനി വച്ചുപിടിപ്പിക്കുന്നത്. വളരെ പ്രതികൂലമായ കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുന്ന ഗാഫ് മരങ്ങള്‍ക്ക് വളരെ കുറച്ച് ജലമേ ആവശ്യമുള്ളു. പ്രതിവര്‍ഷം ഒരു ഗാഫ് മരം 34.65 കിലോഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുമെന്നാണ് കണക്ക്. മാത്രമല്ല 80 മീറ്റര്‍ ആഴത്തില്‍ വേരുകള്‍ ആഴ്ന്നിറങ്ങുമെന്നതും ഈ മരങ്ങളുടെ പ്രത്യേകതയാണ്.

ഡിസംബറില്‍ ഷാര്‍ജയില്‍ 4,000 മരങ്ങളുടെ വിത്തുകള്‍ പാകിക്കൊണ്ട് കാഫു ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മരംനടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു.

അജ്മന്‍, ഷാര്‍ജ,ദുബായ് മേഖലകളിലുള്ള കാറുകള്‍ക്കും, മോട്ടോര്‍ബൈക്കുകള്‍ക്കും ബോട്ടുകള്‍ക്കും ആവശ്യാനുസരണം പെട്രോള്‍ എത്തിച്ചുകൊടുക്കുന്ന മേഖലയിലെ ആദ്യ ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ ഡെലിവറി സേവന കമ്പനിയായ കാഫു 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞിടെ ഷാര്‍ജയിലെ ഇന്നവേഷന്‍ പാര്‍ക്കില്‍ കാഫു ഗവേഷണ വികസന കേന്ദ്രം ആരംഭിച്ചിരുന്നു.

Comments

comments

Categories: Arabia