ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500 നിര്‍ത്തി

ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500 നിര്‍ത്തി

റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്ന് ബൈക്കുകള്‍ നീക്കം ചെയ്തു

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്ന് ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്‌സ് മോഡലുകള്‍ നീക്കം ചെയ്തു. ഈ ബൈക്കുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി ഡീലര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുകയാണ്.

500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ആഭ്യന്തര വിപണിയിലെയും കയറ്റുമതിയും സംബന്ധിച്ച വില്‍പ്പന കണക്കുകളില്‍ ഇടിവ് പ്രകടമാണ്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍ പുറത്തിറക്കിയതും 500 സിസി മോഡലുകളുടെ വില്‍പ്പനയെ ബാധിച്ചിരിക്കാം. 500 സിസി ബൈക്കുകളേക്കാള്‍ 40,000 രൂപയോളം അധികം നല്‍കിയാല്‍ മികച്ച പാക്കേജാണ് 650 സിസി ഇരട്ടകള്‍.

350 സിസി, 650 സിസി ബൈക്കുകള്‍ക്കിടയിലെ വലിയ അന്തരം റോയല്‍ എന്‍ഫീല്‍ഡ് വൈകാതെ നികത്തും. പുതു തലമുറ ക്ലാസിക്, തണ്ടര്‍ബേര്‍ഡ് മോഡലുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല, ബിഎസ് 6 എന്‍ജിന്‍ നല്‍കി 2020 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. പുതിയ പെയിന്റ് സ്‌കീമുകള്‍, മെക്കാനിക്കള്‍ മാറ്റങ്ങള്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.-

Comments

comments

Categories: Auto