പശ്ചിമേഷ്യയില്‍ വിപണി വികസനം പദ്ധതിയിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

പശ്ചിമേഷ്യയില്‍ വിപണി വികസനം പദ്ധതിയിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട് ബോയിംഗ് 737 800 എന്‍ജി ശ്രേണിയിലുള്ള വിമാനങ്ങള്‍ തന്നെ തെരഞ്ഞെടുത്തേക്കും

അബുദാബി: പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ മൂന്ന് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയ്ക്ക് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചെന്നും ഇതിനായി ഉടന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുമെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിമാനങ്ങള്‍ ഉപയോഗിച്ച് ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരേ വിഭാഗത്തിലുള്ള (സിംഗിള്‍ ഫഌറ്റ്) വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനിയായി തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ ബോയിംഗ് 737 800 എന്‍ജി ശ്രേണിയിലുള്ള വിമാനങ്ങള്‍ തന്നെയാകും എയര്‍ ഇന്ത്യ എക്‌സ്പ്രസ് തെരഞ്ഞെടുക്കുകയെന്നാണ് കരുതുന്നത്. അതേസമയം പുതിയ വിമാനങ്ങള്‍ അടിയന്തരമായതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് ബോയിംഗ് 737 800 എന്‍ജി വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കേണ്ടി വരുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ ശ്രേണിയിലുള്ള വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍ ബോയിംഗ് കമ്പനിയില്‍ കെട്ടിക്കിടക്കുന്നതാണ് അതിനുള്ള കാരണം.

തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് 737 മാക്‌സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ നിലത്തിറക്കിയതിനാല്‍ മാക്‌സ് വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയ പല കമ്പനികളും അവയ്ക്ക് പകരമായി 737 800 എന്‍ജി വിമാനങ്ങള്‍ ആവശ്യപ്പെട്ട് ഓര്‍ഡര്‍ പരിഷ്‌കരിച്ചിരുന്നു. ഈ വസ്തുത കൂടികണക്കിലെടുക്കുമ്പോള്‍ മുന്‍ ഓര്‍ഡറുകള്‍ പ്രകാരമുള്ള ഡെലിവറി പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കും.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന ഭൂരിഭാഗം സര്‍വീസുകളും പശ്ചിമേഷ്യന്‍ മേഖലയിലേക്കുള്ളതാണ്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പദ്ധതിയിട്ടിരുന്ന വികസന പദ്ധതികള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ബന്ധിതരായിരുന്നു. എയര്‍ ഇന്ത്യയില്‍ നിന്നും വിഭിന്നമായി രാജ്യത്തെ ലാഭത്തിലോടുന്ന വിമാനക്കമ്പനികളിലൊന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2019-2020 സാമ്പത്തിക വാര്‍ഷത്തില്‍ 74 മില്യണ്‍ ഡോളറിന്റെ അര്‍ദ്ധവാര്‍ഷിക വരുമാനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

എയര്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പ്രതിവര്‍ഷം 4.3 മില്യണ്‍ ആളുകള്‍ യാത്ര നടത്തുന്നുണ്ടെന്നാണ് കണക്ക്. അന്താരാഷ്ട്ര യാത്രയില്‍ ഇന്ത്യയില്‍ ഏതാണ് 6 ശതമാനം വിപണി പങ്കാളിത്തവും ഗള്‍ഫ് യാത്രയില്‍ രാജ്യത്ത് 13.3 ശതമാനം വിപണി പങ്കാളിത്തവുമാണ് കമ്പനി അവകാശപ്പെടുന്നത്.

Comments

comments

Categories: Arabia