9 പ്രമുഖ നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 30% ഇടിവ്

9 പ്രമുഖ നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 30% ഇടിവ്

ബെംഗളൂരുവിലെ ഭവന വില്‍പ്പന 50 ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 9 പ്രമുഖ നഗരങ്ങളിലെ ഭവന വില്‍പ്പന കഴിഞ്ഞ പാദത്തില്‍ 30 ശതമാനം ഇടിഞ്ഞ് 64,000 ഫ്‌ളാറ്റുകളിലേക്ക് എത്തിയെന്ന് വിപണി ഗവേഷണ സ്ഥാപനമായ പ്രോപ് ടൈഗറിന്റെ റിപ്പോര്‍ട്ട്. ഭവന ആസ്തി വിപണിയിലെ വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ 13 ശതമാനം ഇടിഞ്ഞ് 2,63,294 യൂണിറ്റിലേക്ക് എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 228,220 യൂണിറ്റായിരുന്നു.

ഭവന ഉപഭോക്താക്കളുടെ മനോഭാവം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ സമീപകാലത്ത് നിരവധി നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ പാദത്തിലെ വിപണി ആവശ്യകതയില്‍ ഇത് പ്രകടമായിട്ടില്ലെന്നാണ് ‘റിയല്‍ ഇന്‍സൈറ്റ് ക്യു 3 എഫ്‌വൈ 20’ എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ 91,464 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 64,034 ഭവന യൂണിറ്റുകള്‍ മാത്രമാണ് 9 നഗരങ്ങളിലായി വിറ്റിട്ടുള്ളത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം (ഭിവാടി, ധരുഹേര, സോഹ്ന എന്നിവയുള്‍പ്പെടെ), ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ (നവി മുംബൈ, താനെ എന്നിവയുള്‍പ്പെടെ) , പൂനെ, നോയ്ഡ (ഗ്രേറ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് വേ ഉള്‍പ്പെടെ) എന്നീ നഗരങ്ങളിലെ ഭവന വിപണിയില്‍ നിന്നുള്ള കണക്കുകളാണ് പ്രോപ് ടൈഗര്‍ ശേഖരിക്കുന്നത്.

കണക്കുകള്‍ പ്രകാരം, ബെംഗളൂരുവിലെ ഭവന വില്‍പ്പനയില്‍ മൂന്നാംപാദത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,155 യൂണിറ്റിലേക്കെത്തി. ഹൈദരാബാദില്‍ 44 ശതമാനം ഇടിവ് രേഖപ്പെടുത്തി, 4,372 യൂണിറ്റ്. പൂനെയില്‍ 39 ശതമാനം ഇടിവോടെ 11,946 യൂണിറ്റായി. നോയിഡയ്‌ലെ ഭവന വില്‍പ്പന 38 ശതമാനം ഇടിഞ്ഞ് 2,830 യൂണിറ്റിലേക്കെത്തി. ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 33 ശതമാനം ഇടിവോടെ യഥാക്രമം 3,015 യൂണിറ്റിന്റെയു 2,566 യൂണിറ്റിന്റെയും വില്‍പ്പന നടന്നു.

Comments

comments

Categories: FK News
Tags: home loan