സ്റ്റാര്‍ട്ടപ്പുകളില്‍ ജീവനക്കാരുടെ വെട്ടിച്ചുരുക്കല്‍ ഉയരുന്നു

സ്റ്റാര്‍ട്ടപ്പുകളില്‍ ജീവനക്കാരുടെ വെട്ടിച്ചുരുക്കല്‍ ഉയരുന്നു
  • ആനുകൂല്യങ്ങളിലും വേതന വര്‍ധനവിലും കത്തിവെപ്പ്
  • ബിസിനസ് വിപുലീകരണത്തിന് ഊന്നല്‍
  • വാള്‍മാര്‍ട്ട് മുംബൈ കേന്ദ്രം അടച്ചുപൂട്ടും

ബെംഗളുരു: അതിവേഗ വളര്‍ച്ചയുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. കമ്പനിയുടെ ചെലവ് ഉയരുന്നത് നിക്ഷേപക താല്‍പ്പര്യം കുറയാനിടയാക്കുന്നതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും അധിക ജീവനക്കാരെയും വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍. അടുത്തിടെ ഒയോ, ഒല, പേടിഎം, ക്വിക്കര്‍, സൊമാറ്റോ, റിവിഗോ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഈ നിരയില്‍ ഏറ്റവും പുതിയത് വാള്‍മാര്‍ട്ടില്‍ നിന്നുള്ള വാര്‍ത്തയാണ്.

ലോകത്തിലെ തന്നെ പ്രമുഖ റീട്ടെയ്‌ലറായ വാള്‍മാര്‍ട്ട് ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറോളം മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെയാണ് വെട്ടിച്ചുരുക്കുന്നത്. ഒപ്പം തന്നെ അവരുടെ മുംബൈ കേന്ദ്രം അടച്ചുപൂട്ടാനും തീരുമായിട്ടുണ്ട്. കമ്പനിയുടെ മൊത്ത വ്യാപാരം നഷ്ടത്തിലായതോടെ ഇന്ത്യയിലെ വാള്‍മാര്‍ട്ടിന്റെ ബിസിനസ് വിപുലീകരണം തല്‍ക്കാലം നിര്‍ത്തിവെക്കാനും പദ്ധതിയിട്ടിരിക്കുന്നു. വാള്‍മാര്‍ട്ടിന്റെ ഗുരുഗ്രാം ഓഫീസിലെ അഗ്രി ബിസിനസ്, എഫ്എംസിജി വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ജോലിക്കാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്. കമ്പനിയില്‍ കൂടുതല്‍ ആളുകള്‍ ഏപ്രിലോടെ പുറത്തു പോകുമെന്നും സൂചനയുണ്ട്.

പ്രമുഖ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി കമ്പനിയായ ഒയോയില്‍ നിന്നും ഈ മാസം 2000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ഡിസംബറില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. കമ്പനിയുടെ നഷ്ടം കൂടിവരുന്നത് കണക്കിലെടുത്ത് ഇന്ത്യയിലും ചൈനയിലും വെട്ടിക്കുറയ്ക്കല്‍ നടത്തുന്നുണ്ട്. പ്രകടനം മോശമായതിനെ തുടര്‍ന്ന് ഒയോയുടെ ചൈനയിലെ 12,000 ജോലിക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ പിരിച്ചുവിടാന്‍ കമ്പനി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും 10,000 ജോലിക്കാരില്‍ 12 ശതമാനം പേരെയാണ് കമ്പനി വെട്ടിച്ചുരുക്കാന്‍ പദ്ധതിട്ടിരിക്കുന്നത്. അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ 1200 പേരെ ഇന്ത്യയില്‍ നിന്നും പിരിച്ചുവിടാനാണ് നീക്കം. ഇരു രാജ്യങ്ങളിലും ഒയോ കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുനര്‍ക്രമീകരണം നടപ്പാക്കി ജോലിക്കാരെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

യാത്രാ സേവന സ്റ്റാര്‍ട്ടപ്പായ ഒല 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് നല്‍കിവന്ന ആനുകൂല്യങ്ങള്‍ 20ശതമാനം വെട്ടിക്കുറച്ച് 414 കോടി രൂപയാക്കി മാറ്റുകയും, എട്ട് ശതമാനം ജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ പേമെന്റ് കമ്പനി പേടിഎം 5-7 ശതമാനം ജോലിക്കാരെ വെട്ടിക്കുറയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമോറ്റോ 600 എക്‌സിക്യൂട്ടിവുകളെയാണ് ഒഴിവാക്കിയത്. റിവിഗോ 70-100 ജോലിക്കാരെ പുറത്താക്കി. കഴിഞ്ഞ മാസം ക്വിക്കറിലും വെട്ടിനിരത്തല്‍ ആയിരത്തോട് അടുത്തതായാണ് സൂചന.

ജോലിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, അവരുടെ ആനുകൂല്യത്തിലും വേതന വര്‍ധനവിലും സ്റ്റാര്‍ട്ടപ്പുകള്‍ കത്തി വെക്കുന്നുണ്ട്. മിക്ക കമ്പനികളിലും ശരാശരി 7-10 ശതമാനം മാത്രമാണ് വേതന നിരക്ക് വര്‍ധന. ബിസിനസ് വിപുലികരണത്തിലേക്ക് കടക്കാനും കൂടുതല്‍ ബിസിനസുകള്‍ ഏറ്റെടുക്കുന്നതിന്റെയും ഭാഗമായാണ് ചെലവ് കുറയ്ക്കാന്‍ ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകളും വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനൊപ്പം തന്നെ സെയില്‍സ്, ഉപഭോക്തൃ പിന്തുണ വിഭാഗത്തില്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത് ജീവനക്കാരുടെ ജോലി കുറയാനും കാരണമാകുന്നുണ്ട്.

Comments

comments

Categories: Entrepreneurship