ഇനി വൈ-ഫൈ കോളിംഗ് യുഗം

ഇനി വൈ-ഫൈ കോളിംഗ് യുഗം

വൈ-ഫൈ നെറ്റ്‌വര്‍ക്കിലൂടെ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഉപയോക്താവിനെ അനുവദിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണു വൈ-ഫൈ കോളിംഗ്. പരമ്പരാഗത രീതിയിലുള്ള സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളില്ലാതെ തന്നെ മൊബൈലില്‍ കോള്‍ ചെയ്യാമെന്നതാണ് ഈ ടെക്‌നോളജിയുടെ ഏറ്റവും വലിയ ഗുണം. ഇന്ത്യയിലെ പ്രധാന ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ഈ സേവനം ലഭ്യമാക്കി രംഗത്തുവന്നിരിക്കുകയാണ്. ബിഎസ്എന്‍എല്‍, വൊഡാഫോണ്‍ തുടങ്ങിയ ടെലികോം കമ്പനികളും ഉടന്‍ തന്നെ ഈ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

2020 ല്‍ മൊബൈല്‍ ഫോണ്‍ കോളിംഗ് വലിയൊരു മാറ്റത്തിനായിരിക്കും വിധേയമാവുക. ഇപ്പോള്‍ ഭൂരിഭാഗം ടെലികോം സേവനദാതാക്കളും മൊബൈല്‍ ഫോണ്‍ കോളിംഗിനായി എല്‍ടിഇ (LTE) നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് വൈ-ഫൈ കോളിംഗ് സംവിധാനത്തിലേക്ക് ഈ വര്‍ഷം തന്നെ മാറുമെന്നത് ഉറപ്പായിരിക്കുന്നു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ വൈ-ഫൈ കോളിംഗ് സേവനം ഇക്കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. വൈ-ഫൈ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാം. ഇതിന് പ്രത്യേക നിരക്ക് ഉപയോക്താക്കള്‍ നല്‍കേണ്ടതില്ലെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള വോയ്‌സ് കോള്‍ പ്ലാന്‍ ഉപയോഗിച്ചു തന്നെ വൈ-ഫൈ കോളിംഗ് സേവനം പ്രയോജനപ്പെടുത്താം. ജിയോ വൈ-ഫൈ കോളിംഗ് നടത്താന്‍ കസ്റ്റമേഴ്‌സിന് ഏതു വൈ-ഫൈ നെറ്റ്‌വര്‍ക്കും ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതായത്, എയര്‍ടെല്ലിന്റെയോ വൊഡാഫോണിന്റെയോ വൈ-ഫൈ ഉപയോഗിച്ചും റിലയന്‍സ് ജിയോയുടെ വൈ-ഫൈ കോളിംഗ് നടത്താമെന്നാണ്.
വൈ-ഫൈ കോളിംഗ് എന്നാല്‍ എന്താണ് ?

വൈ-ഫൈ നെറ്റ്‌വര്‍ക്കിലൂടെ ഫോണ്‍ കോള്‍ ചെയ്യുവാനും കോള്‍ സ്വീകരിക്കാനും ഉപയോക്താവിനെ അനുവദിക്കുന്ന, അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്ന ഒരു ഹൈ ഡെഫനിഷന്‍ (എച്ച്ഡി) വോയ്‌സ് സേവനമാണു വൈ-ഫൈ കോളിംഗ്. സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ ശക്തമല്ലാത്ത പ്രദേശങ്ങളിലാണ് പ്രധാനമായും വൈ-ഫൈ കോളിംഗ് ഉപകാരപ്പെടുക. വാട്‌സ് ആപ്പ് അല്ലെങ്കില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ പോലെയുള്ള ഓവര്‍-ദി-ടോപ് മെസേജിംഗ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്ന വോയ്‌സ് കോളില്‍നിന്നും വ്യത്യസ്തമല്ല വൈ-ഫൈ കോളിംഗ്. എന്നാല്‍ ഇവിടെ ഒരു നമ്പറില്‍നിന്നു മറ്റൊന്നിലേക്ക് കോള്‍ പോവുകയാണ്, അതും ഒരു ആപ്പ് ഉപയോഗിക്കാതെ. പരമ്പരാഗത സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളില്ലാതെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളായ വാട്‌സ് ആപ്പും, ഫേസ്ബുക്ക് മെസഞ്ചറും വോയ്‌സ് കോളിംഗ് സംവിധാനം ലഭ്യമാക്കുന്നത്. പകരം വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (VoIP) സംവിധാനമാണു വാട്‌സ് ആപ്പും ഫേസ്ബുക്ക് മെസഞ്ചറും ഉപയോഗിക്കുന്നത്. ട്രൂ കോളറും വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വൈ-ഫൈ കോളിംഗ് സംവിധാനത്തില്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ കോള്‍ നടത്താമെന്നതാണ് പ്രത്യേകത. കോളുകള്‍ വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുന്നതിനാല്‍, കോള്‍ ഡ്രോപ്പുകളോ മോശം സിഗ്നലുകളോ (poor signals) ഒരു പ്രശ്‌നമാകില്ല. വൈ-ഫൈ കോളിംഗ് നടത്താന്‍ എച്ച്ഡി വോയ്‌സ് എനേബിള്‍ഡ്, വൈ-ഫൈ കോളിംഗ് ശേഷിയുള്ള ഒരു ഫോണ്‍ സ്വന്തമാക്കുക എന്നതു മാത്രമാണ് ഉപയോക്താവിന് ആകെ ചെയ്യേണ്ടി വരുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും ഈ സവിശേഷതകളുള്ളവയാണ്. നിരവധി പ്രയോജനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയാണു വൈ-ഫൈ കോളിംഗ് സംവിധാനം. അതിലൊന്ന് ഇവ വേഗതയേറിയതാണെന്നതാണ്. വിശ്വസനീയവുമാണ്. കാരണം ഇവ പ്രവര്‍ത്തിക്കുന്നത് വയേഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെയാണ് (wired broadband connections). അതിനര്‍ഥം 4ജി കണക്റ്റിവിറ്റി നല്ലതല്ലെങ്കിലും കോളുകള്‍ മികച്ചതും, വ്യക്തവുമായിരിക്കുമെന്നാണ്. അതുപോലെ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്ക് റോമിംഗിന്റെ പേരില്‍ അധിക മൊബൈല്‍ ചാര്‍ജ് നല്‍കേണ്ടതായും വരില്ല.

ഐപി അടിസ്ഥാനമാക്കിയ ആശയവിനിമയം

ഐപി അഥവാ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയ ആശയവിനിമയത്തിലേക്കാണ് (IP-Based communications) ആധുനിക ലോകം നടന്നുനീങ്ങുന്നത്. ഇതിന്റെ സ്വാഭാവിക പരിണാമമെന്ന നിലയില്‍ മിക്ക ടെലികോം ഓപറേറ്റര്‍മാരും വോയ്‌സ് ഓവര്‍ വൈ-ഫൈ(VoWiFi), VoLTE സേവനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വോയ്‌സ് ഓവര്‍ വൈ-ഫൈ വിപണി 2025 ല്‍ 8.17 ബില്യന്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ല്‍ ഇത് 1.92 ബില്യന്‍ ഡോളറായിരുന്നു. ഇന്ന് മൊബൈല്‍ ആശയവിനിമയത്തിന്റെ ഏകദേശം 71% വൈ-ഫൈയിലൂടെയാണു നടക്കുന്നത്. 80% സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അവരുടെ കവറേജിന്റെ പോരായ്മ നികത്തുന്നത് വൈ-ഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ്. ഇതാകട്ടെ, വോയ്‌സ് ഓവര്‍ വൈ-ഫൈ വിപണിയിലെ ആവശ്യം വളരെയധികം ഉയര്‍ത്തുകയും ചെയ്യുന്നു. വീടിനുള്ളിലോ, ഓഫീസിനുള്ളിലോ, ഉയര്‍ന്ന നിലകളിലുള്ള ഫഌറ്റുകളിലെ മുറികളില്‍ ഇരിക്കുമ്പോഴോ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ ചിലപ്പോള്‍ സാധിക്കാറില്ല. ഇതിന്റെ ഒരു കാരണം മോശം സിഗ്നലായിരിക്കാം. ചിലര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ അത്യാധുനിക ഉപകരണങ്ങളൊക്കെ സ്ഥാപിക്കാറുണ്ട്. മറ്റുചിലരാകട്ടെ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യും. എന്നാല്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ സേവനം ഈ പ്രശ്‌നം പരിഹരിക്കും.

ബലാബലം

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് പ്രമുഖ ടെലികോം കമ്പനികളാണ് വൈ-ഫൈ കോളിംഗ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെല്ലുമാണ് ആ കമ്പനികള്‍. 150 ഓളം ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ തങ്ങളുടെ വൈ-ഫൈ കോളിംഗ് സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിലയന്‍സ് ജിയോ അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ എയര്‍ടെല്ലിന്റെ സേവനം ആപ്പിള്‍, സാംസങ്, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍ ഉള്ള ഉപയോക്താക്കള്‍ക്ക് ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റുചെയ്യാത്തപ്പോള്‍ പോലും ഒരു വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വോയ്‌സ് കോളുകള്‍ ചെയ്യുന്നതിന് വൈഫൈ കോളിംഗ് സേവനത്തെ പ്രയോജനപ്പെടുത്താനാകുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു വൈ-ഫൈ നെറ്റ്‌വര്‍ക്കിലൂടെ വോയ്‌സ് കോളുകള്‍ ചെയ്യുന്നതിനൊപ്പം ജിയോ ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ചെയ്യാനും കഴിയുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന് പ്രത്യേക നിരക്കുകളൊന്നും ഉപയോക്താവ് നല്‍കേണ്ടതില്ല.

Categories: Top Stories
Tags: Wifi calling

Related Articles