വാള്‍മാര്‍ട്ട് ഇന്ത്യ നൂറോളം സീനിയര്‍ എക്‌സ്‌ക്യൂട്ടിവുകളെ പിരിച്ചുവിട്ടു

വാള്‍മാര്‍ട്ട് ഇന്ത്യ നൂറോളം സീനിയര്‍ എക്‌സ്‌ക്യൂട്ടിവുകളെ പിരിച്ചുവിട്ടു

വലിയ തോതില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി കമ്പനി നിര്‍ത്തിവെക്കുകയാണ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ വിഭാഗം നൂറോളം മുതിര്‍ന്ന എക്‌സിക്യൂട്ടിവുകളെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജ്യത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനഃ സംഘടിപ്പിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മൊത്തവ്യാപാര വിഭാഗം നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കല്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടി.

പിരിച്ചുവിട്ട ജീവനക്കാരില്‍ ഭൂരിഭാഗവും കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് വൃത്തങ്ങള്‍ ഏജന്‍സിയെ അറിയിച്ചു. വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളുടെ വിപുലീകരണത്തിന്റെ ചുമതല റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിനാണ്. വലിയ തോതില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി കമ്പനി നിര്‍ത്തിവെക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുംബൈയിലെ ഒരു ഫുള്‍ഫില്‍മെന്റെ സെന്റര്‍ അടച്ചുപൂട്ടുന്നതും കമ്പനി പരിഗണിക്കുകയാണ്.

ഗുര്‍ഗ്വാനിലെ ഇന്ത്യന്‍ ആസ്ഥാനത്ത് സോഴ്‌സിംഗ്, അഗ്രിബിസിനസ്, എഫ്എംസിജി ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും പുറത്തു പോകുന്നവരില്‍ ഉള്‍പ്പെടുന്നു. ഏപ്രിലോടു കൂടി ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുന്നതിനാണ് വാള്‍മാര്‍ട്ട് തയാറെടുക്കുന്നത്.

2018ല്‍ 16 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഇ-കൊമേഴ്‌സ് റീട്ടെയ്‌ലറായ ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷമാണ് ഫിസിക്കല്‍ സ്റ്റോറുകളിലൂടെയുള്ള തങ്ങളുടെ ബിസിനസ് വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ വാള്‍മാര്‍ട്ട് പരിഗണിക്കുന്നത്.

വാള്‍മാര്‍ട്ട് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് വാള്‍മാര്‍ട്ട് ഇന്ത്യ. രാജ്യത്ത് 28 ‘ബെസ്റ്റ് പ്രൈസ്’ മൊത്തവില്‍പ്പന സ്റ്റോറുകള്‍ കമ്പനി നടത്തുന്നു. ഭാരതി എന്റര്‍പ്രൈസസുമായുള്ള പങ്കാളിത്തത്തിലൂടെ 2007 ലാണ് വാള്‍മാര്‍ട്ട് ഇന്ത്യന്‍ വിപണിയിലേക്കെത്തിയത്. 2013ല്‍, വാള്‍മാര്‍ട്ട് ഇന്ത്യയില്‍ സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കുന്നതുമായി ഈ പങ്കാളിത്തം അവസാനിപ്പിച്ചു. ഇന്ത്യയില്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണമുള്ളതിനാലാണ് മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് കമ്പനി നീങ്ങിയത്.

Comments

comments

Categories: Business & Economy
Tags: Walmart