ഉത്തേജനത്തിന് വഴികാട്ടി വസ്ത്ര മേഖല

ഉത്തേജനത്തിന് വഴികാട്ടി വസ്ത്ര മേഖല

തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാറിന് മുറുകെ പിടിക്കാവുന്ന മേഖല

ന്യൂഡെല്‍ഹി: ലോകത്തിന് ചമഞ്ഞു നടക്കാന്‍ നല്ല വസ്ത്രങ്ങള്‍ നല്‍കുന്നതില്‍ പരമ്പരാഗതമായി തന്നെ ഗണ്യമായ പങ്കാളിത്തം വഹിച്ചിരുന്ന ഇന്ത്യ ഈ മേഖലയില്‍ പിന്നോട്ടു പോവുന്നെന്ന് ആശങ്ക. അടുത്തിടെയുണ്ടായ തിരിച്ചടികള്‍ വ്യവസായത്തെ അടിമുടി ഉലച്ചെന്ന് വസ്ത്ര നിര്‍മാണ, കയറ്റുമതി മേഖല പരാതിപ്പെടുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റടക്കം ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് വലിയ പ്രോല്‍സാഹനം ലഭിച്ചെങ്കിലും യഥാസമയം നികുതി ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു. കേന്ദ്ര സംസ്ഥാന നികുതി ലെവി റിബേറ്റായി 5,000 കോടി രൂപയുടെ റിബേറ്റാണ് മേഖലയ്ക്ക് ലഭിക്കാനുള്ളത്. ടെക്‌സ്റ്റൈല്‍ മന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരെ കണ്ട് പരാതി ബോധിപ്പിച്ചെന്നും അനുകൂല നടപടി ഉടനടി ഉണ്ടായില്ലെങ്കില്‍ വ്യവസായ തകര്‍ച്ചയുടെയും അടച്ചുപൂട്ടലുകളുടെയും പിരിച്ചുവിടലുകളുടെയും വാര്‍ത്തകളാവും മേഖലയില്‍ നിന്ന് ഇനി കേള്‍ക്കുകയെന്ന് ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കാര്‍ പറയുന്നു.

വമ്പന്‍ അവസരങ്ങള്‍

4 കോടി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന വസ്ത്ര മേഖല ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ്. 6,000 ല്‍ ഏറെ ചെറുകിട കയറ്റുമതിക്കാരാണ് മേഖലയിലുള്ളത്. 16 ബില്യണ്‍ ഡോളറാണ് ഇവര്‍ നേടിത്തരുന്ന വിദേശനാണ്യം. നന്നായി പരിപാലിച്ചാല്‍ ഈ മേഖല ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ഇനിയും തൊഴില്‍ നല്‍കുമെന്നും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലെ തളര്‍ച്ച കനത്ത തൊഴില്‍ നഷ്ടം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാറിന് മുറുകെ പിടിക്കാവുന്ന മേഖലയാണിത്. ചൈനയിലെയും വിയറ്റ്‌നാമിലെയും ഉല്‍പ്പാദന ക്ഷമത ഇന്ത്യയെക്കാള്‍ 30-40% കൂടുതലാണ്. ഇത് ഉയര്‍ത്താന്‍ ശ്രമങ്ങളുണ്ടാവണം. വ്യവസായ ഹബ്ബുകളും സംയോജിത സൗകര്യങ്ങളും സൃഷ്ടിക്കേണ്ടതും നിര്‍ണായകമാണ്.

അസൂയാവഹം ബംഗ്ലാദേശ്

ടെക്‌സ്റ്റൈല്‍ കയറ്റുമതി വിപണിയില്‍ ബംഗ്ലാദേശിന്റെ മുന്നേറ്റം ഇന്ത്യയെ അത്ഭുതപ്പെടുത്തുന്നതാണ്. 2018 ല്‍ ആഗോള വസ്ത്ര കയറ്റുമതിയുടെ 7.7% ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ത്യയുടെ വിഹിതം 3.3% മാത്രം. 2000 ല്‍ ബംഗ്ലാദേശിന്റെ വിഹിതം 2.6 ശതമാനവും ഇന്ത്യയുടേത് 3 ശതമാനവുമായിരുന്നെന്നോര്‍ക്കണം. രാജ്യത്തിന്റെ കയറ്റുമതിയുടെ 80% ഇന്ന് ടെക്‌സ്‌റ്റൈല്‍ മേഖല കൈയാളുന്നു. 6% ജിഡിപി വളര്‍ച്ച നേടാന്‍ ബംഗ്ലാദേശിനെ സഹായിച്ചതും ഈ മേഖല തന്നെ.

ഒരു ലക്ഷം രൂപയ്ക്ക് സൃഷ്ടിക്കാവുന്ന തൊഴിലവസരങ്ങള്‍

മേഖല തൊഴില്‍ സ്ത്രീകള്‍

ടെക്‌സ്റ്റൈല്‍ 24 8.2%

ലെതര്‍. ചെരിപ്പ് 7.1 3.4%

ഭക്ഷ്യ സംസ്‌കരണം 2.4 1.3%

വാഹന മേഖല 0.3 0.1%

Categories: FK News, Slider