ശ്രദ്ധേയ സാന്നിധ്യമായി സ്‌ട്രോം ആര്‍3

ശ്രദ്ധേയ സാന്നിധ്യമായി സ്‌ട്രോം ആര്‍3

സ്‌ട്രോം മോട്ടോഴ്‌സ് എന്ന മുംബൈയിലെ ഇവി സ്റ്റാര്‍ട്ടപ്പാണ് മൂന്നുചക്ര ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ചത്

ലാസ് വേഗസ്: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) ഇതാദ്യമായി ഒരു ഇന്ത്യന്‍ ഓട്ടോ കമ്പനിയുടെ സാന്നിധ്യം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോം മോട്ടോഴ്‌സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഈ വര്‍ഷത്തെ സിഇഎസില്‍ പങ്കെടുത്തത്. സ്‌ട്രോം മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച ആര്‍3 എന്ന മൂന്നുചക്ര ഇലക്ട്രിക് കാര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മുന്നില്‍ രണ്ട് ചക്രങ്ങളോടെയും പിന്നില്‍ ഒരു ചക്രത്തോടെയുമാണ് സ്‌ട്രോം ആര്‍3 വരുന്നത്. ഇലക്ട്രിക് കാറിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ അടുത്ത മാസം ആരംഭിക്കും.

വലുപ്പം സംബന്ധിച്ച അളവുകള്‍ പരിശോധിച്ചാല്‍, സ്‌ട്രോം ആര്‍3 ഇലക്ട്രിക് കാറിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2,907 എംഎം, 1,450 എംഎം, 1,572 എംഎം എന്നിങ്ങനെയാണ്. 2,012 മില്ലി മീറ്ററാണ് വീല്‍ബേസ്.

13 കിലോവാട്ട് (17.4 ബിഎച്ച്പി) കരുത്തും 48 എന്‍എം ടോര്‍ക്കുമാണ് ഇലക്ട്രിക് മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്റഗ്രേറ്റഡ് സിംഗിള്‍ സ്പീഡ് പ്ലാനറ്ററി ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. പിന്‍ ചക്രത്തിലേക്കാണ് കരുത്ത് കൈമാറുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാം. 15 ആംപിയര്‍ പ്ലഗ് പോയന്റില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ചാര്‍ജര്‍. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതി.

ക്ലൈമറ്റ് കണ്‍ടോള്‍ സഹിതം എയര്‍ കണ്ടീഷണര്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീലെസ് എന്‍ട്രി, പാര്‍ക്കിംഗ് അസിസ്റ്റ്, റിയര്‍ കാമറ, പവര്‍ വിന്‍ഡോകള്‍, 3 പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍ എന്നിവ സ്‌ട്രോം ആര്‍3 മൂന്നുചക്ര ഇലക്ട്രിക് കാറിന്റെ ഫീച്ചറുകളാണ്. 12 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto
Tags: Strom R3