ഓഫിസ് സ്‌പേസ് പാട്ടത്തിനു നല്‍കുന്നതില്‍ 25% വര്‍ധന

ഓഫിസ് സ്‌പേസ് പാട്ടത്തിനു നല്‍കുന്നതില്‍ 25% വര്‍ധന

ബെംഗളൂരു, ഹൈദരാബാദ്, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), മുംബൈ എന്നിവയാണ് ഓഫീസ് പാട്ടത്തില്‍ മേധാവിത്വം വഹിക്കുന്നത്

ന്യൂഡെല്‍ഹി: മെച്ചപ്പെട്ട ആവശ്യകതയുടെയും വിതരണത്തിന്റെയും സാഹചര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഒമ്പത് പ്രധാന നഗരങ്ങളിലായി ഓഫീസ് സ്‌പേസ് പാട്ടത്തിന് നല്‍കലില്‍ 25 ശതമാനം വളര്‍ച്ച പ്രകടമായെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട്. 61.6 മില്യണ്‍ ചതുരശ്ര അടിയാണ് ഈ നഗരങ്ങള്‍ മൊത്തമായി പാട്ടത്തിന് നല്‍കപ്പെട്ടിട്ടുള്ള ഓഫിസ് സ്‌പേസ്.
നേരത്തെ, എട്ട് നഗരങ്ങളെ കുറിച്ച് നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ പഠനത്തില്‍, 2019ല്‍ ഓഫീസ് സ്‌പേസ് പാട്ടത്തിനു നല്‍കല്‍ 27 ശതമാനം വര്‍ധന രേഖപ്പെടുത്തി 60.6 മില്യണ്‍ ചതുരശ്ര അടിയില്‍ എത്തിയെന്നാണ് കണ്ടെത്തിയത്. ജെഎല്‍എല്‍ ഇന്ത്യ ഏഴ് പ്രധാന നഗരങ്ങളെ കുറിച്ച് നല്‍കുന്ന കണക്ക് പ്രകാരം ് ഓഫീസ് സ്‌പേസ് പാട്ടത്തിന് നല്‍കല്‍ 40 ശതമാനം ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്ന 46.5 മില്യണ്‍ ചതുരശ്ര അടി.

ആഗോള ബഹുരാഷ്ട്ര കമ്പനികള്‍, ആഭ്യന്തര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യകത മൂലം ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മികച്ച വളര്‍ച്ച കൈവരിച്ചുവെന്ന് സിബിആര്‍ഇ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളൂരു, ഹൈദരാബാദ്, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), മുംബൈ എന്നിവയാണ് ഓഫീസ് പാട്ടത്തില്‍ മേധാവിത്വം വഹിക്കുന്നത്. മൊത്തം പാട്ടത്തിന് നല്‍കപ്പെട്ടിട്ടുള്ളതിന്റെ 75 ശതമാനവും ഈ നഗരങ്ങളിലായാണ്. കൊച്ചി ഒഴികെയുള്ള ബാക്കി എട്ടു നഗരങ്ങളിലും പാട്ടത്തിന് നല്‍കിയിട്ടുള്ള മൊത്തം സ്ഥലം വര്‍ധിച്ചു. പുതുതായി ഈ വിപണിയിലേക്ക് എത്തിയ സ്ഥലത്തിന്റെ കാര്യത്തില്‍ 2019ല്‍ 50 ശതമാനത്തോളം വളര്‍ച്ചയുണ്ടായെന്നാണ് കണക്കാക്കുന്നത്. 52.4 മില്യണ്‍ ചതുരശ്രയടിയാണ് പുതുതായി വിതരണത്തിന് എത്തിയത്.

രാജ്യവ്യാപകമായി ഓഫീസ് പാട്ടത്തിനെടുക്കല്‍ കഴിഞ്ഞ വര്‍ഷം 69.4 മില്യണ്‍ ചതുരശ്ര അടിയിലെത്തിയെന്നും 40 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്നും കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. പ്രീലീസിംഗ് പ്രവര്‍ത്തനവും റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു. ശക്തമായ വിതരണമുണ്ടായിട്ടും ഒഴിഞ്ഞു കിടക്കുന്ന സ്‌പേസുകള്‍ കുറവാണ്. ഓഫിസ് സ്‌പേസ് വാടകയും വര്‍ധിച്ചിട്ടുണ്ട്. കോവര്‍ക്കിംഗ് സ്‌പേസ് ഏറ്റെടുക്കല്‍ 2018 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 1.43 മടങ്ങ് ഉയര്‍ന്നുവെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫഌക്‌സിബ്ള്‍ വര്‍ക്ക്‌പ്ലേസുകളുടെ വിഭാഗത്തില്‍ 7 മില്യണ്‍ ചതുരശ്ര അടിയില്‍ അധികം കഴിഞ്ഞ വര്‍ഷം പാട്ടത്തിനു നല്‍കപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബിസിനസ് പ്രോസസ്സ് മാനേജ്‌മെന്റ് (ഐടിബിപിഎം) മേഖല 2019ലും ഓഫിസ് സ്‌പേസുകള്‍ക്കുള്ള ആവശ്യകതയില്‍ മുന്നില്‍ നിന്നു. പുതുതായി ഓഫിസ് സ്‌പേസ് വിപണിയിലേക്കെത്തിയ സ്‌പേസിന്റെ കാര്യത്തില്‍ 27 ശതമാനം സംഭാവനയുമായി രാജ്യ തലസ്ഥാന മേഖല മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. നയപരമായ പരിഷ്‌കാരങ്ങളും ബിസിനസ് പ്രക്രിയ എത്രത്തോളം സുഗമമാണെന്നതിന്റെ ലോകബാങ്ക് റാങ്കിംഗില്‍ ഇന്ത്യ മുന്നേറ്റം നടത്തിയതും കോര്‍പ്പറേറ്റുകളെ വിപുലീകരണത്തിന് പ്രേരിപ്പിച്ചുവെന്നും ഓഫിസ് സ്‌പേസുകള്‍ക്കായുള്ള ആവശ്യകത 2020ലും വര്‍ധിക്കുമെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy