കുറുന്തോട്ടി നടാം, സംരംഭകത്വത്തിലേക്ക് ചുവട് വെക്കാം

കുറുന്തോട്ടി നടാം, സംരംഭകത്വത്തിലേക്ക് ചുവട് വെക്കാം
  • ഏകദേശം രണ്ട് ലക്ഷം ടണ്‍ കുറുന്തോട്ടിയുടെ ആവശ്യമാണ് ഇന്ന് കേരളത്തിലുള്ളത്
  •  ശാസ്ത്രീയമായി കുറുന്തോട്ടി കൃഷിയെ സമീപിച്ചാല്‍ ഇതിനേക്കാള്‍ വലിയ സാധ്യതയില്ലെന്നാണ് ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാതാക്കള്‍ പറയുന്നത്

ആയുര്‍വ്വേദ മരുന്നുകള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. ആയുര്‍വേദ ചികിത്സയ്ക്കായി മാത്രം കേരളത്തിലേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ എറെയാണ്. ആയുര്‍വേദ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് ആവശ്യമായ ഔഷധ സസ്യങ്ങളുടെ ലഭ്യത കുറവ്. ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ വിപണിയില്‍ മുതല്‍ മുടക്കിയാല്‍ നിങ്ങള്‍ക്കും സംരംഭകനാകാം. കുറുന്തോട്ടിയില്‍ നിന്ന് വരെ വരുമാനം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ മികച്ച വരുമാനം നല്‍കും കുഞ്ഞന്‍ കുറുന്തോട്ടി. കൃഷി ചെയ്യപ്പെടാതെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ ധാരാളമായി കണ്ട് വന്നിരുന്നു. 25 സെന്റീ മീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം വരെ ഉയരത്തില്‍ ശാഖോപ ശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടിയാണ് കുറുന്തോട്ടി. ‘മാല്‍വേസീ’ എന്ന കുടുംബത്തില്‍പ്പെട്ടതാണ്. കുറുന്തോട്ടിയുടെ ശാസ്ത്രനാമം ‘സൈഡ റെറ്റിയുസ’ എന്നാണ്. വിവിധ ഇനം കുറുന്തോട്ടികള്‍ ഉണ്ടെങ്കിലും ചെറിയ പച്ച ഇലകളോട് കൂടിയതിനാണ് ഔഷധ ഗുണം ഏറ്റവും കൂടുതലുളളത്.

ശാസ്ത്രീയമായി കുറുന്തോട്ടി കൃഷിയെ സമീപിച്ചാല്‍ ഇതിനേക്കാള്‍ വലിയ സാധ്യതയില്ലെന്നാണ് ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാതാക്കള്‍ പറയുന്നത്. ജൈവ രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന കുറുന്തോട്ടിക്ക് ഔഷധ ഗുണം കൂടും. മടിച്ച് നില്‍ക്കാതെ, തരിശായി കിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്ത് കുറുന്തോട്ടി കൃഷി ആരംഭിച്ചാല്‍ ഏത് സംരംഭകനും ലാഭം കൊയ്യാം. കിലോക്ക് 1000 രൂപയാണ് കുറുന്തോട്ടി വിത്തിന്റെ വിപണി വില. വാത രോഗത്തിന് നല്‍കുന്ന ആയുര്‍വേദ മരുന്നിലെ പ്രധാന ഔഷധ സസ്യം കുറുന്തോട്ടിയാണ്. അനുദിനം ആവശ്യം വര്‍ദ്ധിക്കുന്നുണ്ട്. എങ്കിലും കുറുന്തോട്ടി പോലെയുള്ള ഔഷധ സസ്യങ്ങള്‍ വേണ്ടത്ര കിട്ടാതെ പോകുന്നുണ്ട്. അല്‍പ്പം സ്ഥലം ഉണ്ടെങ്കില്‍ ചെറിയ മുതല്‍ മുടക്കി കുറുന്തോട്ടി വളര്‍ത്തി മികച്ച വരുമാനം നേടാന്‍ കഴിയും. ഒരു കിലോ കുറുന്തോട്ടിക്ക് 100 രൂപയില്‍ കൂടുതലാണ് വില. വിവിധ സൊസൈറ്റികളിലൂടെ കുറുന്തോട്ടി തൈകള്‍ ലഭ്യമാണ്.

മണ്ണിര കമ്പോസ്റ്റ്, പച്ചില വളം, ആട്ടിന്‍ കാഷ്ഠം എന്നിവ മാത്രമാണ് കുറുന്തോട്ടിക്ക് വളമായി ഉപയോഗിക്കേണ്ടത്. കാടുകളില്‍ നിന്നും പറമ്പുകളില്‍ നിന്നുമാണ് ഔഷധ നിര്‍മ്മാണത്തിനായി കുറന്തോട്ടി ശേഖരിക്കുന്നത്. ഏതു തരം മണ്ണിലും വളരുമെങ്കിലും ചരല്‍ കലര്‍ന്ന നീര്‍വാഴ്ചയുളള മണ്ണാണ് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായത്. ശുദ്ധബല, ക്ഷീരബല, ബലാരിഷ്ടം, മഹാരാസ്നാദി, ധന്വന്തരം, ബലാതൈലം തുടങ്ങി എണ്ണയിലും, കഷായത്തിലും, കുഴമ്പിലും, ഗുളികകളിലുമായി എണ്‍പതോളം ആയുര്‍വേദ മരുന്നകളുടെ നിര്‍മ്മാണത്തിനായി കുറുന്തോട്ടിയുടെ വേര് ഉപയാഗിച്ച് വരുന്നു. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിനു ഗുണമേന്മയുളള കുറുന്തോട്ടി വേര് ആവശ്യത്തിന് ലഭിക്കാത്തത് മൂലം പലപ്പോഴും ഗുണമേന്മ കുറഞ്ഞ മരുന്ന് ചെടികളുടെ വേരാണ് ഉപയോഗിച്ച് വരുന്നത്. കൃത്യമായി കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കാന്‍ ആളുകള്‍ കുറവായതിനാലാണ് കുറുന്തോട്ടി ശേഖരിച്ച് ഔഷധ ശാലകളില്‍ എത്തിക്കേണ്ടി വരുന്നത്. ഏകദേശം രണ്ട് ലക്ഷം ടണ്‍ കുറുന്തോട്ടിയുടെ ആവശ്യമാണ് ഇന്ന് കേരളത്തിലുള്ളത്. ഔഷധി, സീതാറാം ആയുര്‍വേദ ഫാര്‍മസി, കേരള ആയുര്‍വേദ ഫാര്‍മസി, കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല, തൈക്കാട്ടുശേരി വൈദ്യരത്‌നം ഔഷധശാല, തുടങ്ങി നിരവധി ആയുര്‍വേദ നിര്‍മ്മാണ യൂണിറ്റുകളാണ് കുറുന്തോട്ടി വാങ്ങുന്നത്.

Comments

comments

Categories: Entrepreneurship
Tags: Herb, Kurunthotti