ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്കെല്ലാം പണം സമ്മാനിക്കാനൊരുങ്ങി ജാപ്പനീസ് കോടീശ്വരന്‍

ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്കെല്ലാം പണം സമ്മാനിക്കാനൊരുങ്ങി ജാപ്പനീസ് കോടീശ്വരന്‍

ടോക്യോ: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലിംഗ് രംഗത്തെ കോടീശ്വരനാണു യുസാകു മെയ്‌സാവാ. ഇദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്കെല്ലാം സന്തോഷിക്കാന്‍ ഒരു വക ലഭിച്ചിട്ടുണ്ട്. തന്നെ ഫോളോ ചെയ്ത 1,000 പേര്‍ക്ക് 9100 ഡോളര്‍ വീതം സമ്മാനിക്കുമെന്നാണ് മെയ്‌സാവാ അറിയിച്ചിരിക്കുന്നത്. സമ്മാനം ലഭിക്കാന്‍ അവര്‍ ചെയ്യേണ്ടത് അദ്ദേഹത്തെ റീട്വീറ്റ് ചെയ്യുക എന്നതു മാത്രമാണ്. യു ട്യൂബിലൂടൊണ് ഇക്കാര്യം മെയ്‌സാവാ പ്രഖ്യാപിച്ചത്. ഗൗരവമേറിയ ഒരു സാമൂഹിക പരീക്ഷണം എന്നും അദ്ദേഹം ഈ തീരുമാനത്തെ വിശേഷിപ്പിച്ചു.

പണം സമ്മാനമായി നല്‍കുമ്പോള്‍ അത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്ത് സ്വാധീനമായിരിക്കും ചെലുത്തുകയെന്ന് അറിയാന്‍ വേണ്ടിയാണു താന്‍ സമ്മാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നടത്തുന്ന മത്സരത്തിന്റെ വിശദാംശങ്ങള്‍ ഒരു ട്വീറ്റിലൂടെയാണ് മെയ്‌സാവാ പുറത്തുവിട്ടത്. ജനുവരി ഏഴിനകം ഇത് റീ ട്വീറ്റ് ചെയ്യുവാനും അദ്ദേഹം ട്വിറ്ററിലെ ഫോളോവേഴ്‌സിനോടു നിര്‍ദേശിച്ചു. ട്വീറ്റ് ഷെയര്‍ ചെയ്ത നാല് ദശലക്ഷത്തിലധികം വരുന്ന ഫോളോവേഴ്‌സില്‍നിന്ന് 1,000 ഭാഗ്യശാലികളെ ഒരു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. തുടര്‍ന്നാണ് ഏകദേശം 9100 ഡോളര്‍ വീതം സമ്മാനമായി നല്‍കുക. സമ്മാനത്തിന് അര്‍ഹരാകുന്നവരെ നേരിട്ട് അറിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. സമ്മാനം ലഭിച്ചവര്‍ അതും വാങ്ങിച്ചു വീട്ടില്‍ പോകാമെന്നു ധരിക്കരുത്. അവരെ മെയ്‌സാവാ ഇടയ്ക്കിടെ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമ്മാനമായി ലഭിച്ച തുക എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ കുറിച്ചും പണം അവരുടെ ജീവിതത്തെ യഥാര്‍ഥത്തില്‍ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് അറിയുവാനും വേണ്ടിയാണ് നിരീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോബ്‌സിന്റെ കണക്ക് അനുസരിച്ച് മെയ്‌സാവായുടെ മൂല്യം രണ്ട് ബില്യന്‍ ഡോളറാണ്.

Comments

comments

Categories: World