ചൈനയില്‍ ഫോര്‍ഡ് വില്‍പ്പന 26.1% ഇടിഞ്ഞു

ചൈനയില്‍ ഫോര്‍ഡ് വില്‍പ്പന 26.1% ഇടിഞ്ഞു
  • തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും വില്‍പ്പന താഴേക്ക്
  • മൂന്നു വര്‍ഷത്തിനുള്ളില്‍ മുപ്പത് പുതിയ മോഡലുകള്‍ പുറത്തിറക്കും
  •  ജീവനക്കാരില്‍ ചൈനീസ് പങ്കാളിത്തം വര്‍ധിപ്പിക്കും

ബെയ്ജിംഗ്: ഫോര്‍ഡ് മോട്ടോഴ്‌സിന് ചൈനയില്‍ വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും ഫോര്‍ഡ് വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ മികച്ച രണ്ടാമത്തെ വിപണിയായ ചൈനയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ 26.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫോര്‍ഡിന്റെ ബ്രാന്‍ഡ്, സ്‌പോര്‍ട്‌സി യൂട്ടിലിറ്റി വാഹന നിരയിലും ഇടിവുണ്ടായിട്ടുണ്ട്.

പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് നാലാം പാദത്തില്‍ ചൈനയില്‍ വിതരണം ചെയ്തത് 146,473 വാഹനങ്ങളാണ്. വര്‍ഷം തോറും 14.7 ശതമാനത്തിന്റെ കുറവ് വിതരണത്തിലുണ്ടായതായി കമ്പനി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റ മൊത്തം വാഹനങ്ങളുടെ എണ്ണം 567,854 ആണ്. 2017ല്‍ വാഹന വില്‍പ്പനയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് വില്‍പ്പന മെച്ചപ്പെടുത്തി വിപണി തിരികെ പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വരികയായിരുന്നു. എന്നാല്‍ 2017ല്‍ വില്‍പ്പനയില്‍ 6 ശതമാനം കുറവുണ്ടായപ്പോള്‍ 2018 ല്‍ അത് 37 ശതമാനമായി വീണ്ടും കുത്തനെ ഇടിഞ്ഞു. വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ഫോര്‍ഡ് ഗ്രേറ്റര്‍ ചൈന പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവുമായ ആനിംഗ് ചെന്‍ വ്യക്തമാക്കി. ഉന്നത, പ്രീമിയം നിരയിലുള്ള വാഹനങ്ങളുടെ വിപണി പങ്കാളിത്തം വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വില്‍പ്പന കുത്തനെ ഇടിയാനിടയായത്. കമ്പനിയുടെ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ഡീലര്‍മാര്‍ക്ക് മതിയായ പ്രോല്‍സാഹനം നല്‍കാനും ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം പുതിയ മോഡല്‍ വാഹനങ്ങള്‍ ചൈനയില്‍ പുറത്തിറക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. അവയില്‍ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. കൂടാതെ സംയുക്ത സംരംഭ പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കമ്പനിയുടെ മാനേജ്‌മെന്റ് ടീമില്‍ ചൈനീസ് സ്റ്റാഫുകളുടെ എണ്ണം കൂട്ടുന്നത് അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. അമേരിക്കന്‍ ഭീമന്‍ ടെസ്‌ലയുടെ ചൈനീസ് പ്രവേശനവും ഫോര്‍ഡിന് തിരിച്ചടി നേരിടാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞവാരം പുറത്തിറക്കിയ ടെസ്‌ലയുടെ പുതിയ മോഡല്‍ കാറിന് വന്‍ വരവേല്‍പ്പാണ് അവിടെ ലഭിച്ചിരുന്നത്.

Comments

comments

Categories: Top Stories
Tags: Ford

Related Articles