വിരാമാര്‍ദ്ധവിരാമങ്ങളുടെ വിരഹഭാവങ്ങള്‍

വിരാമാര്‍ദ്ധവിരാമങ്ങളുടെ വിരഹഭാവങ്ങള്‍

ഫേസ്ബുക് അല്‍ഗോരിതത്തില്‍ വരുത്തിയ മാറ്റം കാരണം ഒരാളുടെ പോസ്റ്റുകളില്‍ കമന്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ അയാളുടെ ഭാവി പോസ്റ്റുകള്‍ കാണുവാന്‍ പറ്റൂ എന്ന സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മലയാളികളുടെ ഇടയിലായിരുന്നു പ്രധാനമായും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു മാസ്സ് ഹിസ്റ്റീരിയ പടര്‍ന്നു പിടിച്ചതോടെ മറ്റു പല ജനകീയ പ്രശ്‌നങ്ങളും പിന്നോട്ടടിച്ചെന്നതാണ് വാസ്തവം

‘ഉം?’ ഒരു ചോദ്യം.
‘ഉം ഉം.’ ഒരു നിഷേധം.
അവിടെവെച്ചു വര്‍ത്തമാനങ്ങള്‍ അവസാനിക്കുന്നു.

-ഉറൂബ്, ‘സുന്ദരികളും സുന്ദരന്മാരും’

മധ്യ കാലഘട്ടം. ഫ്രാന്‍സിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ ഒരു കന്യാസ്ത്രീ പൂച്ച കരയുന്നത് പോലെ മ്യാവൂ മ്യാവൂ എന്ന് കരയാന്‍ തുടങ്ങി. അല്‍പ്പ നേരത്തിനുള്ളില്‍ എല്ലാ കന്യാസ്ത്രീകളും ഒന്നിച്ച് മ്യാവൂ കരച്ചില്‍. എന്ന് മാത്രമല്ല, പിന്നീടങ്ങോട്ട് എല്ലാ ദിവസവും കുറെ മണിക്കൂറുകള്‍ അവരെല്ലാം ഒന്നിച്ച് പൂച്ച കരയും. കൂട്ടപ്പൂച്ചക്കരച്ചിലില്‍ ആദ്യം അയല്‍വാസികളായ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒന്ന് അന്ധാളിച്ചു. പിന്നീട് അത് അത്ഭുതമായി മാറി. അല്‍പ്പ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പൂച്ച ശബ്ദം അവര്‍ക്ക് അസഹനീയമായി മാറാന്‍ തുടങ്ങി. അവര്‍ പൊലീസില്‍ പരാതി അറിയിച്ചു. പൊലീസെത്തി വടിയുമായി മഠത്തിന് പുറത്ത് നിലയുറപ്പിച്ചു. ഇനിയൊരിക്കല്‍ പൂച്ച കരച്ചില്‍ കേട്ടാല്‍ കരഞ്ഞയാളെ പോലീസ് വടികൊണ്ട് അടിക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അയല്‍വാസികള്‍ ശല്യത്തില്‍ നിന്ന് രക്ഷ നേടിയത്. പുരുഷനേക്കാളേറെ സ്ത്രീകളുടെ ഭാവനാലോകം ആവേശകരവും ശക്തവും തീവ്രവുമാണ്. സന്യാസ ജീവിതത്തില്‍ ഇന്ദ്രിയ സൗഖ്യങ്ങള്‍ വിലക്കപ്പെടുന്നതിനാല്‍ ശരീരം ചെയ്യാനാഗ്രഹിക്കുന്നത് മനസ്സ് വിലക്കുന്നതിനാലും അത്തരം വിലക്ക് സ്വേച്ഛയാല്‍ അല്ലാത്തതിനാലും ആ വിലക്കിനോടുള്ള മാനസിക പ്രതികാരമെന്നവണ്ണം അവര്‍ അവരുടെ പരിമിതികള്‍ക്കകത്ത് നില്‍ക്കുന്ന മറ്റ് എല്ലാ തെറ്റുകളും ചെയ്യുന്നു. അവരിലൊരാള്‍ ചെയ്യുന്നത് അനുകരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരും ചേരുന്നു. അതീന്ദ്രിയ മനസ്സിന്റെ ഒരു പ്രതിഷേധ ഭാവവിഹ്വലതയാണ് പൂച്ച കരച്ചിലിലൂടെ അവര്‍ പ്രകടമാക്കിയത് എന്നാണ് The Epidemics of Middle Ages (പുറം 118) എന്ന പുസ്തകത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മന്‍ വൈദ്യശാസ്ത്ര ഗ്രന്ഥകാരനായിരുന്ന ജെഎഫ്സി ഹെക്കര്‍, മാസ്സ് ഹിസ്റ്റീരിയ എന്ന പ്രതിഭാസത്തെ വിശദീകരിച്ച് പറയുന്നത്.

കിംവദന്തികളെ യഥാര്‍ത്ഥമെന്ന് വിശ്വസിച്ച് സമൂഹത്തിലെ ഒരു കൂട്ടം ആളുകള്‍ ഭയത്തിന്റെ ഒരു മായാലോകത്ത് സ്വയം എത്തി, അല്ലെങ്കില്‍ സ്വയം സൃഷ്ടിച്ച്, ആ ഭയത്തെ മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നതിനെയാണ് സാമൂഹ്യ ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും മാസ്സ് ഹിസ്റ്റീരിയ എന്ന് വിശദീകരിക്കുന്നത്. നിഷ്‌കളങ്കരായ ആളുകള്‍ കൂട്ടത്തോടെ അയഥാര്‍ത്ഥമായ ഒരേ കാര്യത്തില്‍ മാത്രം വ്യാപൃതരാവുന്ന ഒരു പ്രതിഭാസം. ഇതിന്റെ രാഷ്ട്രീയ സാധ്യതകള്‍ വളരെ വിശാലവും വളരെയധികം ഉപയോഗിക്കപ്പെട്ടതുമാണ്. ഈ മാനസിക സങ്കേതത്തിന്റെ ഊടുവഴികള്‍ ഉപയോഗിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ കെല്യന്‍ എലിസബത്ത് കോണ്‍വേ എന്ന വനിത 2017 ജനുവരി 29 ന് കോസ്‌മോപോളിറ്റന്‍ വാരികയ്ക്കും തേര്‍ട്ടി മൈല്‍ സോണ്‍ എന്ന വാര്‍ത്താധിഷ്ഠിത വെബ്‌സൈറ്റിനും നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഓഹിയോ പ്രവിശ്യയിലെ ബൗളിംഗ്രീന്‍ എന്ന സ്ഥലത്ത് രണ്ട് ഇറാഖി തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ മരിച്ചതായി അറിയിച്ചു. സാധാരണഗതിയില്‍ ക്രമസമാധാന വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദോഗസ്ഥരാണ് ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളെ അറിയിക്കേണ്ടത്. ഇവിടെ ഒരു ഉപദേഷ്ടാവാണ് രംഗത്ത് വന്നത്. അതും ടാബ്ലോയിഡ് വിഭാഗത്തില്‍ വരുന്ന ഒരു മാസികയോടും ഒരു ഇന്റര്‍നെറ്റ് പ്രസിദ്ധീകരണത്തിനോടും. പ്രധാന പത്രങ്ങളെ ഒന്നും വിളിച്ചില്ല എന്ന് മാത്രമല്ല, ഒരു അഭിമുഖത്തിലാണ് ഇങ്ങനെ ഉദ്വേഗജനകമായ ഒരു വാര്‍ത്ത അറിയിച്ചത്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കന്‍ വിസ നിഷേധിക്കുവാനും തീരുമാനമായി. ലോകമാകെ സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന വാര്‍ത്ത പറന്നുപരന്നു. എന്നാല്‍ സത്യത്തില്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുവാനുള്ള തീരുമാനത്തിന് ലോക പിന്തുണ ലഭിക്കുവാനായിരുന്നു ഈ സാങ്കല്‍പ്പിക കൂട്ടക്കൊലയുടെ വാര്‍ത്ത കോണ്‍വേ ആസൂത്രണം ചെയ്തത്. അത് ഒരു പരിധി വരെ ഫലിച്ചു. അതിന് ശേഷം ഫെബ്രുവരി ഏഴിന് ഒരു സിഎന്‍എന്‍ അഭിമുഖത്തില്‍, ബൗളിംഗ്രീന്‍ കൂട്ടക്കൊല എന്ന് തുടര്‍ച്ചയായി തെറ്റായ വിവരം പറഞ്ഞതിന് അവര്‍ മാപ്പ് പറഞ്ഞു. തോന്നിയത് പറയുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്നത് കാലിക സമ്പ്രദായമാണല്ലോ.

മാസ്സ് ഹിസ്റ്റീരിയ എന്ന മാര്‍ഗ്ഗം ഉപയോഗിച്ച് വാര്‍ത്തകള്‍ വായില്‍ കുത്തിത്തിരുകുന്നത് അതിന് പുറകിലെ കുല്‍സിത കുശാഗ്രബുദ്ധികളാണ്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ തുറന്ന് കാണിക്കുന്ന ഒരു പംക്തിയുണ്ട്. അത് വായിച്ചാലും ഇല്ലെങ്കിലും ഹിസ്റ്റീരിയയുടെ പ്രഭാവം മൂലം നമ്മള്‍ അവയെല്ലാം കണ്ടതായി ഭാവിക്കാതെ വീണ്ടും ഭയപ്പാടുകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ‘പ്രതിധ്വനി അറ’ എന്നാണ് പറയുന്നത്. ഹിസ്റ്റീരിയയുടെ ‘പല അവസ്ഥാന്തരങ്ങള്‍ കാണാറുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒരു വേര്‍ഷന്‍’ വേറെയില്ല. നുണയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്വയം വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്ന അസത്യങ്ങളുടെ ഒരു തടവറയില്‍ കയറിയിരുന്ന് ആ അസത്യം വിളിച്ച് പറഞ്ഞ് അത് മറ്റുള്ളവരുടെ ശബ്ദത്തില്‍ പ്രതിധ്വനിച്ച് വരുമ്പോള്‍ കിട്ടുന്ന മിഥ്യാഹ്ലാദം. അതാണ് എക്കോ ചേംബര്‍ അഥവാ പ്രതിധ്വനി അറ എന്ന മാനസികാവസ്ഥയുടെ പ്രത്യേകത.

ദിവസവും സുപ്രഭാതം ആശംസിച്ചുകൊണ്ട് ചിത്ര സന്ദേശങ്ങള്‍ പരസ്പരം അയയ്ക്കുന്നത് നടപ്പ് കാലത്ത് പതിവാണ്. ഈ സന്ദേശങ്ങള്‍ കാതലായ ഒരു സംവേദനവും നടത്തുന്നില്ല എന്ന് തോന്നാം. എന്നാല്‍, തിരക്കുകളുടെ വേഗത്തിനിടയില്‍ നഷ്ടപ്പെട്ടു പോകുന്ന സ്മരണകളുടെ പുറമ്പോക്കില്‍ നിന്നുകൊണ്ട് വീണ്ടും പരസ്പരം ഓര്‍മ്മിക്കുകയും ഓര്‍മ്മിപ്പിക്കുയും ചെയ്യുക എന്ന ലളിതകൃത്യം അവ നിര്‍വ്വഹിക്കുന്നുണ്ട്. ശല്യം എന്ന് വിചാരിച്ച് ഇത്തരം സന്ദേശങ്ങള്‍ വായിക്കാതെ ഡിലീറ്റ് ചെയ്യുന്നവര്‍ പോലും ആ നിമിഷത്തില്‍ അയച്ചയാളെ ഓര്‍മിക്കുന്നുണ്ട്. (ചിലര്‍ അയച്ചയാളുടെ പിതാവിനെയും സ്മരിച്ചേക്കാം എന്നത് വേറെ കാര്യം!). തന്റെ പരിചയത്തില്‍ ഉള്ള ഒരാള്‍ ഒരിടത്ത് ജീവിച്ചിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് രാവിലെ വാട്‌സ്ആപ്പില്‍ വരുന്നത്; ഫേസ്ബുക്കില്‍ കാണുന്നത്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുമ്പോള്‍ ഗുഡ്‌മോണിംഗ് സന്ദേശങ്ങളെ ബുദ്ധിമുട്ടായി കാണുന്നവര്‍ക്ക് ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലില്‍ തന്റെ പഴയ പരിചയക്കാരെ ഒരിക്കലെങ്കിലും കണ്ടുകിട്ടണേ എന്ന് പ്രാര്‍ത്ഥിക്കേണ്ട അവസ്ഥ പലപ്പോഴും വരാറുണ്ട്. ആധുനിക കാലത്ത് പരസ്പര ബന്ധങ്ങള്‍ ദൈനംദിനം നിലനിര്‍ത്തുവാന്‍ സുപ്രഭാത സന്ദേശങ്ങള്‍ ഒരു ചിലവില്ലാത്ത മാര്‍ഗ്ഗമാണ്. എന്നാല്‍ ആളുകള്‍ തമ്മില്‍ മരിക്കാത്ത ബന്ധം നിലനില്‍ക്കുന്നത് ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. പടിപടിയായി ജനമനസ്സുകളില്‍ അവരറിയാതെ വിഷം നിറച്ച്, ജനങ്ങള്‍ കൂട്ടായി നില്‍ക്കാതെ, അവരെ പ്രത്യേകം പ്രത്യേകം കള്ളികളില്‍ ഒതുക്കണമെങ്കില്‍ ആദ്യം അവരുടെ മുന്‍കാല വേരുകള്‍ അറുക്കണം. കള്ളികളില്‍ ഉള്ളവര്‍ അതേ കള്ളികളില്‍ ഉള്ളവരുമായി മാത്രമാണ് സംവദിക്കുന്നത് എന്ന് ഉറപ്പാക്കണമെങ്കില്‍ മറ്റ് സംവേദന ശീലങ്ങള്‍, ബന്ധങ്ങള്‍ മുറിച്ച് മാറ്റണം. ഇന്നയിന്ന ആളുകളുമായി മാത്രമേ നിങ്ങള്‍ ആശയവിനിമയ ബന്ധം പുലര്‍ത്താവൂ എന്ന് പറയുന്നത് അനുസരിച്ചുകൊള്ളണമെന്നില്ല. എന്ന് മാത്രമല്ല, സംശയം ജനിക്കുകയും ചെയ്യും. ചിലപ്പോള്‍ വിഷത്തെ തിരിച്ചറിയുകയും ചെയ്യും. അത് ഒഴിവാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഭീതിപ്പെടുത്തുകയാണ്. ചിത്രങ്ങള്‍ ഉള്ള ഗുഡ്‌മോണിംഗ് മെസേജുകള്‍ ചൈനയില്‍ നിന്നുള്ള വൈറസ് പരത്തുന്നവയാണെന്ന് ഭീതിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ആളുകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ മുറിയുമ്പോള്‍ അവര്‍ക്ക് വരുന്ന ഒറ്റപ്പെടലുകള്‍ അവരില്‍ ഉണ്ടാക്കുന്ന ശൂന്യതയില്‍ കയറിയിരിക്കുവാന്‍ അതേ കളത്തില്‍ നിന്നുള്ളവരെ ഇറക്കാം. അങ്ങനെ അവരുടെ തനത് സ്വതന്ത്രചിന്തകളില്‍ നിന്ന് അവരെ വേര്‍പെടുത്തി തങ്ങളുടേതായ രീതിയില്‍ ചിന്തിപ്പിക്കുവാന്‍ ഭീതി അഴിച്ചുവിടുന്നവര്‍ക്ക് കഴിയുന്നു. ഒരിക്കല്‍ അഴിച്ചുവിട്ടാല്‍ മാസ്സ് ഹിസ്റ്റീരിയയുടെ അടിമകള്‍ അത് ശതസഹസ്രമായി പ്രതിധ്വനിപ്പിച്ചുകൊള്ളും. കൂട്ടത്തില്‍ ബോണസ്സായി കുറച്ച് ചൈനാ വിരോധവും. പത്ത് വര്‍ഷം മുന്‍പ് വരെ നിറമില്ലാത്ത കണ്ണടകള്‍ ധരിച്ച് എല്ലാം അതാത് നിറങ്ങളില്‍ മനസ്സിലാക്കിയിരുന്ന പലരും ഇന്ന് എല്ലാം മഞ്ഞയായി കാണുന്ന മഞ്ഞക്കണ്ണടകള്‍ ധരിച്ച് നടക്കുവാന്‍ കാരണം മുന്‍പും ഇത്തരം മാസ്സ് ഹിസ്റ്റീരിയകള്‍ക്ക് അടിപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വ്യാപകമായി കോപ്പി പേസ്റ്റ് ചെയ്യപ്പെട്ട ഒരു സന്ദേശം, ഫേസ്ബുക് അല്‍ഗോരിതത്തില്‍ വരുത്തിയ മാറ്റം കാരണം ഒരാളുടെ പോസ്റ്റുകളില്‍ കമന്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ അയാളുടെ ഭാവി പോസ്റ്റുകള്‍ കാണുവാന്‍ പറ്റൂ എന്നതായിരുന്നു. മലയാളികളുടെ ഇടയിലായിരുന്നു പ്രധാനമായും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കുത്തോ കോമയോ തരൂ’ എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റ് പ്രചരിപ്പിച്ചവരുടെ പൊതുസ്വഭാവം നോക്കുമ്പോള്‍ അവരെല്ലാം ഒരേ തൂവല്‍പ്പക്ഷികള്‍ ആയിരുന്നു എന്ന് തോന്നാം. പക്ഷേ പിന്നീട് എക്കോ ചേംബര്‍ പോസ്റ്റ് ഏറ്റെടുത്തു. ഇതിനിടയില്‍ സത്യാന്വേഷികള്‍ ആയ ചിലര്‍, ചില പത്രങ്ങള്‍ അടക്കം, യാഥാര്‍ഥ്യം -അതായത് അങ്ങനെ ഒരു ഭീകരാക്രമണം ഇല്ലെന്ന്- പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം നിഷ്പ്രഭമായി. ഹിസ്റ്റീരിയ പടര്‍ന്ന് പിടിച്ചു. കാതലായ ചില പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജന ശ്രദ്ധ നൈസ് ആയി അങ്ങനെ രണ്ട് ദിവസം മാറ്റിനിര്‍ത്തുവാന്‍ ആ പ്രചാരണത്തിന് കഴിഞ്ഞു. ഇപ്പോള്‍ പത്രവായന തുലോം കുറഞ്ഞിരിക്കുന്നു. വാര്‍ത്തകള്‍ നോക്കാറേയുള്ളൂ, വായിക്കാറില്ല. ചാനല്‍ ന്യൂസ് ആണ് മറ്റൊരു മാധ്യമം. ചര്‍ച്ച കഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലാത്തത് കൊണ്ട് അതിന്റെ സ്ഥാനത്ത് വല്ല പാട്ട് മത്സരമോ മറ്റോ കണ്ടിരിക്കും. വാര്‍ത്തകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ആണ് ഉപായം. ആളുകള്‍ ഫേസ്ബുക്കില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നത് അതില്‍ നിന്ന് അപ്‌ഡേറ്റ് ആവാനാണ് എന്ന നില. അത് അപകടമാണ്. ജനങ്ങളുടെ ചിന്ത, പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടുകയേ നിവര്‍ത്തിയുള്ളൂ. അതിന് കുത്തും കോമയും ഒക്കെ ധാരാളം.

കാരണം നമ്മള്‍ ജീവിക്കുന്നത് വന്ന് വന്ന് വിരാമങ്ങളുടെയും അര്‍ദ്ധ വിരാമങ്ങളുടെയും ഇടയിലായി മാറി. അവ കൂടിയില്ലെങ്കില്‍ പൂര്‍ണ്ണ വിരഹം. ഇന്നത്തെ സുന്ദരികളും സുന്ദരന്മാരും പരസ്പര സംവേദനത്തില്‍ ‘ഉം’ ഒരു പൂര്‍ണ്ണ പദമായി ആണ് ഉപയോഗിക്കുന്നത്. അതും ‘um’ എന്ന് വാട്‌സ്ആപ്പില്‍. നിര്‍ത്തൂ നിര്‍ത്തൂ, വര്‍ത്തമാനങ്ങള്‍ അവസാനിച്ചിരിക്കുന്നു. കള്ളികളിലേക്ക് ഇറങ്ങി നില്‍ക്കുക. മുന്നോട്ട് പോട്ടെ, മുന്നോട്ട് പോട്ടെ. എക്കോ ചേംബറില്‍ നിന്ന് ഗ്യാസ് ചേംബറിലേക്ക്. അവിടെ ഇനിയും ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ.

Categories: FK Special, Slider