വീഴ്ച വരുത്തിയ 24% ന് ഉണ്ടായിരുന്നത് മികച്ച ക്രെഡിറ്റ് റേറ്റിംഗ്

വീഴ്ച വരുത്തിയ 24% ന് ഉണ്ടായിരുന്നത് മികച്ച ക്രെഡിറ്റ് റേറ്റിംഗ്

റേറ്റിംഗുകള്‍ നല്‍കുന്നതില്‍ ഏജന്‍സികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശം

മുംബൈ: ബാങ്കുകളില്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയ വായ്പക്കാരില്‍ 24 ശതമാനത്തിനും വീഴ്ച വരുത്തുന്നതിനുമുമ്പ് ഒരു പാദം മുമ്പ് വരെ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടായിരുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എഎഎ മുതല്‍ ബിബിബി വരെയുള്ള നിക്ഷേപ ഗ്രേഡ് എന്നു വിളിക്കാവുന്ന റേറ്റിംഗുകളാണ് ഈ വായ്പാക്കാര്‍ക്ക് ഉണ്ടായിരുന്നത്. മൂന്ന് മാസക്കാലയളവില്‍ ഇത് ഡി (ഡിഫോള്‍ട്ട്) എന്ന വിഭാഗത്തിലേക്ക് എത്തി.

റേറ്റിംഗുകള്‍ എല്ലായ്‌പ്പോഴും വായ്പക്കാരുടെ ആസ്തി ഗുണനിലവാരം സമയബന്ധിതമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ബാങ്കുകള്‍ റേറ്റിംഗുകള്‍ നല്‍കുന്നതിലെ കാലതാമസത്തില്‍ ആശങ്കകളുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പരിമിതികള്‍ക്കിടയിലും, നിയന്ത്രണ ചട്ടക്കൂടില്‍ബാഹ്യ റേറ്റിംഗുകള്‍ പരിഗണിക്കുന്നത് അനിവാര്യമാണ്. റേറ്റിംഗുകള്‍ നല്‍കുന്നതില്‍ ഏജന്‍സികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ട വകുപ്പില്‍ നിന്നുള്ള സുഖ്ബീര്‍ സിങ്ങും പല്ലവി ചവാനും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 560 വലിയ വായ്പക്കാരുടെ വിവരങ്ങളാണ് ഇതിനായി പരിശോധിച്ചത്. മൊത്തം നിഷ്‌ക്രിയാസ്തികളില്‍ ഏകദേശം 21 ശതമാനം ഈ എക്കൗണ്ടുകളില്‍ നിന്നുള്ള സംഭാവനയാണ്. പരിധോനയക്ക് വിധേയമാക്കിയ വായ്പക്കാരില്‍ 24 ശതമാനത്തിനും നിക്ഷേപ ഗ്രേഡ് റേറ്റിംഗ് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

5 കോടിയോ അതിനു മുകളിലോ ബാങ്കുകളില്‍ നിന്ന് വായ്പ സ്വന്തമാക്കിയിട്ടുള്ള വലിയ വായ്പാക്കരുടെ വിവരങ്ങള്‍ സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ലാര്‍ജ് ഇന്‍ഫൊര്‍മേഷന്‍ ഓഫ് ലാര്‍ജ് ക്രെഡിറ്റ്‌സ് ( സിആര്‍ഐഎല്‍സി) വഴി 2014 മുതല്‍ ആര്‍ബിഐ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ അക്രഡിറ്റേഷന്‍ ഉള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗുകളില്‍ ഉണ്ടാകുന്ന വീഴ്ച അന്താരാഷ്ട്ര തലത്തില്‍ ഉള്ളതിനേക്കാള്‍ വലുതാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ബാങ്കുകളിലെ മൂലധന നിലവാരത്തെ കുറിച്ചുള്ള ധാരണകളില്‍ പിശകുവരാന്‍ ഇത് ഇടയാക്കും. വായ്പക്കാരുടെ സാമ്പത്തിക നിലവാരം താഴുന്നത് യഥാസമയത്ത് കണ്ടെത്തുന്നതില്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy