തിരിച്ചുവരവ് മൂന്നാം പാദത്തില്‍

തിരിച്ചുവരവ് മൂന്നാം പാദത്തില്‍
  • ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-VI നടപ്പാക്കുന്നിനാലാണ് തിരിച്ചുവരവ് മൂന്നാം പാദം വരെ നീളുക
  • ബിഎസ്-VI നോട് ആദ്യ രണ്ട് പാദങ്ങളില്‍ ജാഗ്രതയോടെയാവും ഉപഭോക്താക്കള്‍ പ്രതികരിക്കുക

ന്യൂഡെല്‍ഹി: പ്രതിസന്ധിയില്‍ വീണ വാഹന മേഖലയുടെ തിരിച്ചുവരവ് ഈ വര്‍ഷം മൂന്നാം പാദത്തോടെയെന്ന് അനുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-VI നടപ്പാക്കുന്ന സാഹചര്യത്തിലാണ് തിരിച്ചുവരവ് മൂന്നാം പാദം (ജൂലൈ-സെപ്റ്റംബര്‍) വരെ നീളുന്നത്. നിലവില്‍ മെച്ചപ്പെടലിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ബിഎസ്-VI ന്റെ വരവോടെ ഇത് താല്‍ക്കാലികമായി വീണ്ടും പിന്നോട്ടടിക്കാനാണ് സാധ്യതയെന്ന് പ്രമുഖ വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നു. ബിഎസ്-VI നിര്‍ദേശങ്ങളോട് ആദ്യത്തെ രണ്ട് പാദങ്ങളില്‍ വളരെ ജാഗ്രതയോടെയാവും ഉപഭോക്താക്കള്‍ പ്രതികരിക്കുക. പുതിയ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരായിക്കഴിഞ്ഞാല്‍ പിന്നീട് കച്ചവടം മെച്ചപ്പെടുമെന്നാണ് ഓട്ടോ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

2019 ല്‍ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വില്‍പ്പന മാന്ദ്യത്തിനാണ് വാഹന വ്യവസായം സാക്ഷ്യം വഹിച്ചത്. എല്ലാ വാഹന വിഭാഗങ്ങളിലും മാന്ദ്യം ദൃശ്യമായി. വാഹനങ്ങളുടെ ആകെ വില്‍പ്പന 13.77 ശതമാനം ഇടിഞ്ഞ് 2,30,73,438 യൂണിറ്റുകളായി മാറി. 2018 ല്‍ 2,67,58,787 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. വിവിധ വാഹനങ്ങളുടെ ബിഎസ്-VI വേരിയന്റുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ കമ്പനികള്‍. പുതിയ സാങ്കേതിക വിദ്യയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ചെലവഴിച്ച വന്‍ തുക, ഉപഭോക്താക്കളിലേക്ക് തുടക്കത്തില്‍ തന്നെ അടിച്ചേല്‍പ്പിക്കാന്‍, നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ തയാറല്ലെന്നാണ് സൂചന. വാഹന വില്‍പ്പന ഉയരുന്നതിനനുസരിച്ച് ക്രമമായി വിലയും മറ്റും ഉയര്‍ത്താനാണ് സാധ്യതയെന്ന് കമ്പനികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഏറ്റവും കുറഞ്ഞത്, ആദ്യ രണ്ടു പാദങ്ങളിലെങ്കിലും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുന്നതിലാകും ഉപഭോക്താക്കളുടെ ശ്രദ്ധ. അടിസ്ഥാനം ശക്തമാണ്. മൂന്നാം പാദത്തോടെ വില്‍പ്പന ശക്തമാകും

-നവീന്‍ സോണി, വൈസ് പ്രസിഡന്റ്, ടൊയോട്ട കിര്‍ലോസ്‌കര്‍

ഓട്ടോ എക്‌സ്‌പോ: 60 ലോഞ്ചുകള്‍

ഉപഭോക്തൃ താല്‍പ്പര്യം തിരികെപ്പിടിക്കാന്‍ ലോഞ്ച് മഹാമഹത്തിനൊരുങ്ങി നോയ്ഡ ഓട്ടോ എക്‌സ്‌പോ 2020. ഫെബ്രുവരി ഏഴ് മുതല്‍ 12 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ വിവിധ വിഭാഗങ്ങളിലായി 60 പുതിയ വാഹനങ്ങളാവും പുറത്തിറക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-VI നടപ്പാക്കുന്നതിനാല്‍ നിലവിലെ പല മേഡലുകളുടെ ബിഎസ്-VI വേരിയന്റുകള്‍ മേളയുടെ മുഖ്യ ആകര്‍ഷകമാവും. വാഹന നിര്‍മാതാക്കള്‍ക്ക് പുറമെ റിലയന്‍സ് ജിയോയും ഫേസ്ബുക്കും ഇത്തവണ വാഹന മേളയുടെ ഭാഗമാകുന്നുണ്ട്. ഇന്റര്‍നെറ്റ് അധിഷ്ഠിത കാര്‍, എംബഡഡ് സിം ടെക്‌നോളജി തുടങ്ങിയ ആശയങ്ങളവതരിപ്പിച്ചുകൊണ്ടാണ് റിലയന്‍സ് ജിയോയുടെ വരവ്. ഫേസ്ബുക് വിവിധ സാങ്കേതിക ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കും. ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാതാക്കളടക്കം 15 ലേറെ സ്റ്റാര്‍ട്ടപ്പുകളും എക്‌സ്‌പോയില്‍ അണി നിരക്കും.

Categories: FK News, Slider
Tags: Auto sector