കേരളത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജദായകമിത്

കേരളത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജദായകമിത്

ഏകദേശം ഒരു ലക്ഷം കോടിയില്‍ പരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ അസെന്‍ഡ് കേരളയില്‍ ലഭിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരും. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളത്തെ മുന്നിലെത്തിക്കുന്നതിനാകണം ഇനിയുള്ള ശ്രമങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരളയുടെ രണ്ടാംപതിപ്പില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തുപകരുന്നതാണീ കണക്കുകള്‍. നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്താനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അസെന്‍ഡ് പോലുള്ള പരിപാടികള്‍ ഉപകാരപ്പെടുമെന്നത് തീര്‍ച്ച.

വ്യവസായികളെ കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയാറാകുന്നുവെന്നതുതന്നെ ക്രിയാത്മകമായ നിലപാടാണ്. അതനുസരിച്ച് മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രകടമാകുകയും ചെയ്യും. സമ്മേളനത്തില്‍ വച്ച് മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന രണ്ട് പേരുടെ നിക്‌ഷേപ പദ്ധതികളുടെ തുക കൂടി പരിഗണിച്ചാണ് ഒരു ലക്ഷം കോടി പിന്നിട്ടിരിക്കുന്നത്. നിക്ഷേപക സമ്മേളനത്തില്‍ 164 നിക്ഷേപ താല്‍പ്പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചിരിക്കുന്നത്. കിറ്റെക്‌സ്, ജോയ് ആലുക്കാസ്, ഡിഎം ഹെല്‍ത്ത്‌കെയര്‍, ആര്‍ പി ഗ്രൂപ്പ്, ഡിപി വേള്‍ഡ് തുടങ്ങി നിരവധി വന്‍കിട സ്ഥാപനങ്ങള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി തയാറായിട്ടുണ്ട്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കില്ലെന്ന സമീപനവും സ്വാഗതാര്‍ഹമാണ്. സംശുദ്ധ ഊര്‍ജത്തിലധിഷ്ഠിതമായ പദ്ധതികളെയാകണം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടത്.

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യകരമല്ലാത്ത, നിഷേധാത്മകമായ നിലപാടെടുക്കുന്നുവെന്ന നിക്ഷേപകരുടെ പരാതി സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നുവെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ആശ്വാസകരമാണ്. പലപ്പോഴും ഇതുപോലുള്ള ചുവപ്പുനാടകളാണ് സംരംഭകത്വത്തെ തകര്‍ത്തെറിയുന്നത്. ഉദ്യോഗസ്ഥരുടെ അനുഭാവമില്ലാത്ത സമീപനം കാരണം സംരംഭസ്വപ്‌നങ്ങള്‍ ചിന്നിച്ചിതറിയ നിരവധി പേരുടെ കഥകള്‍ വാര്‍ത്തകളായി വന്നത് നാം കണ്ടും കേട്ടും കഴിഞ്ഞു. ഇനിയുമതാവര്‍ത്തിക്കരുത്. അതിന് സഹായകമാകും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നയാള്‍ക്ക് സര്‍ക്കാരിനെ സമീപിക്കുന്നതിന് ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നിക്ഷേപകര്‍ക്ക് നേരിട്ട് സര്‍ക്കാരുമായി ബന്ധപ്പെടാമെന്നുമാണ് മുഖ്യമന്ത്രി സമ്മേളനത്തിന്റെ സമാപനദിവസം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിന് ഉതകുന്നതാകണം ഭാവി പദ്ധതികളും. അസെന്‍ഡിലെ പ്രഖ്യാപനങ്ങള്‍ പ്രായോഗികവല്‍ക്കരിക്കുകയെന്നത് പ്രഥമ മുന്‍ഗണനകളിലൊന്നായി മാറുകയാണ് അതിന് ആദ്യം വേണ്ടത്.

Categories: Editorial, Slider