വനിതാസംരംഭകര്‍ക്ക് തിളങ്ങാന്‍ 2020 ല്‍ 15 മാസ്റ്റര്‍ പ്ലാനുകള്‍

വനിതാസംരംഭകര്‍ക്ക് തിളങ്ങാന്‍ 2020 ല്‍ 15 മാസ്റ്റര്‍ പ്ലാനുകള്‍

ബിസിനസില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. സംഘടനമികവ്, നേതൃപാഠവം, മികച്ച ആശയം, ഭരണ നൈപുണ്യം തുടങ്ങിയ ഘടകങ്ങള്‍ ഒത്തിണങ്ങി വരുന്ന ഏതൊരു വ്യക്തിയും ബിസിനസില്‍ വിജയം കൈവരിക്കും. അത്‌കൊണ്ട് തന്നെ ബിസിനസ് മേഖലയില്‍ മികച്ച രീതിയില്‍ സ്ത്രീ പുരുഷ സമത്വം നിലനിന്നു പോകുന്നു. തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് സംരംഭകത്വ രംഗത്ത് 2020 ല്‍ വെന്നിക്കൊടി പാറിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനിതാ സംരംഭകര്‍. സാഹചര്യങ്ങള്‍, സര്ക്കാര് ഫണ്ടിംഗ്, സീഡിംഗ് കേരളം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ പദ്ധതികള്‍ എന്നിവയെ മുന്‍നിര്‍ത്തി 2020 വനിതാ സംരംഭകരെ സംബന്ധിച്ച് ഒരു ഭാഗ്യവര്‍ഷം തന്നെയായിരിക്കുമെന്ന് സംരംഭക മേഖലയും വിധിയെഴുതുന്നു. ഏത് മേഖലയിലാണെങ്കിലും തീരുമാനങ്ങള്‍ എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കുന്നത്തില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍. സ്ത്രീകളുടെ ഈ സ്വഭാവ സവിശേഷത തന്നെയാണ് ബിസിനസ് വിജയത്തിനാധാരവും. 2020 നെ ബിസിനസിലെ തങ്ങളുടെ ഭാഗ്യവര്‍ഷമാക്കി മാറ്റുന്നതിനായി 15 മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പില്‍ വരുത്താം

സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കുകയാണ്. മാത്രമല്ല സ്റ്റാര്‍ട്ട് അപ്പുകളില്‍ ലാഭം കൊയ്യുന്നതിലും മുന്നിലെത്താന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.2012ന് മുമ്പ് വരെ സ്റ്റാര്‍ട്ട് അപ്പുകളില്‍ സ്ത്രീകളുടെ പങ്ക് വളരെ നിയന്ത്രിതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംരംഭകരംഗത്ത് സ്ത്രീകളുടെ പ്രാതിനിത്യത്തില്‍ വളരെ വലിയ വ്യത്യസം ഉണ്ടായിട്ടുണ്ട്. 2012 ല്‍ ഉള്ളതിന്റെ 50 ശതമാനത്തിലേറെ വനിതകള്‍ ഇന്ന് സംരംഭകരംഗത്ത് സജീവമാണ്. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഭാഗമായാണ് വനിതകള്‍ സംരംഭകത്വത്തിലേക്ക് എത്തുന്നത്. വളരെ ചെറിയൊരു ശതമാനം വനിതകള്‍ കുടുംബ ബിസിനസിന്റെ ഭാഗമായും സംരംഭകത്വത്തിലേക്ക് എത്തുന്നു. ഏത് രീതിയില്‍ ഈ മേഖല തെരെഞ്ഞെടുത്തലും വിജയം കൈവരിക്കുക എന്നതാണ് പ്രധാനം. . വളരെ വേഗത്തില്‍ മുന്നോട്ടു പായുന്ന സ്റ്റാര്‍ട്ട് അപ്പ് ലോകത്തെ മത്സരത്തില്‍ പങ്കാളികളാകാന്‍ സ്ത്രീകളും പരിശ്രമിക്കുന്നുണ്ട്. ഇത്തരം പരിശ്രമങ്ങള്‍ക്ക് തയ്യാറാകുകയും വെല്ലുവിളകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുകയും ചെയ്യുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പൊതുവെ പുരുഷ പ്രാധിനിത്യം കൂടുതലുള്ള ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനും ആവശ്യമായ ഫണ്ട് ലഭിക്കാനും കൃത്യമായ ദിശാബോധം അനിവാര്യമാണ്. വനിതാ സംരംഭകരെ വിജയത്തിലേക്ക് നയിക്കുന്ന ലക്ഷ്യബോധം സ്വന്തമാക്കുന്നതിനും മാനസികമായ തടസ്സങ്ങളെ മറികടക്കുന്നതിനും ഈ 15 ഇന കര്‍മപദ്ധതികള്‍ സഹായകമാകും

1 ബി സീരിയസ്

വീട്ടമ്മയായിരുന്നു ബോറടിച്ചപ്പോള്‍ ബിസിനസിലേക്ക് ഇറങ്ങി എന്ന് വളരെ ലാഘവത്തോടെ പറയുന്ന ചില സംരംഭകരുണ്ട്. അവരുടെ വിജയം ഭാഗ്യം കൊണ്ട് മാത്രം ഉണ്ടായതാണെന്നേ പറയാനാകൂ. ഏത് വിധത്തില്‍ ബിസിനസ് തുടങ്ങിയാലും പിന്നീട് അതിനെ ഗൗരവമായി കാണുക എന്നതാണ് പ്രധാനം. ബിസിനസ് ഒരിക്കലും ഒരു ഹോബിയല്ല. സ്വന്തം ഹോബി ബിസിനസാക്കി വളര്‍ത്താനാകും നിങ്ങള്‍ ചിലപ്പോള്‍ സ്ഥാപനം ആരംഭിച്ചത്. പക്ഷെ അത് ഒരു സ്ഥാപനമാക്കി വികസിപ്പിക്കുന്നതോടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിച്ചു എന്ന് മനസിലാക്കണം. അതെ പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ വിജയം കണ്ട് അതേ ബിസിനസ് തുടങ്ങരുത് എന്നത്. മറ്റുള്ളവരുടെ വിജയത്തെ പ്രചോദനമാക്കാം. എന്നാല്‍ വ്യക്തമായ പ്രോജക്റ്റ് പഠനവും സാമ്പത്തിക വിശകലനവും വിപണി പഠനവും നടത്തിയശേഷമേ ബിസിനസിലേക്കിറങ്ങാവൂ.

2 മറ്റുള്ളവരെ അനുകരിക്കണ്ട

നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക. വനിതാ സംരംഭകയെന്ന ലേബല്‍ ഒരു അവസരമായോ ഭാരമായോ കാണാതിരിക്കുക. ഏത് മേഖലയിലും എന്ന പോലെ ഇവിടെയും സമത്വത്തില്‍ വിശ്വസിക്കുക. സ്ത്രീ ആയാലും പുരുഷനായാലും ഉള്ളിലെ കരുത്തിനെ ഫലപ്രദമായി വിനിയോഗിക്കുകയാണ് വേണ്ടത്.ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടാല്‍ അത് മാറി കടക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക. സ്വന്തം നിലക്ക് ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് ഒരു സംരംഭകയുടെ വിജയം

3 തിടുക്കം നന്നല്ല

നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടാകുക എന്നത് ഏറെ പ്രധാനമാണ്. എന്ന് കരുതി ബിസിനസിലേക്ക് ഇറങ്ങി ഉടന്‍ തന്നെ വിജയം വേണമെന്ന് ആഗ്രഹിക്കരുത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നു മനസിലാക്കണം. പെട്ടന്നുള്ള വിജയം ശാശ്വതമല്ല. പ്രത്യേകിച്ച് കുടുംബ സംരംഭങ്ങളില്‍ ചുമതലയേല്‍ക്കുമ്പോള്‍ ബഹുമാനവും ആദരവും പെട്ടെന്നൊരു ദിവസം ലഭിച്ചെന്നു വരില്ല. വ്യക്തമായ പദ്ധതികളിലൂടെയും വിജയത്തിലൂടെയും മാത്രമേ നിങ്ങള്‍ക്കത് നേടിയെടുക്കാന്‍ കഴിയൂ. അതിനാല്‍ എന്ന്‌നും ബിസിനസ് എന്നതിന് പ്രാധാന്യം കൊടുത്ത പ്രവര്‍ത്തിക്കുക

4 കുടുംബത്തിനും തുല്യ പ്രാധാന്യം

ബിസിനസിലേക്ക് വന്നു എന്ന് കരുതി കുടുംബ കാര്യങ്ങള്‍ നോക്കാന്‍ സമയം ലഭിക്കാതെ വരുന്ന അവസ്ഥ നല്ലതല്ല. എന്ന് കരുതി വീട്ടിനുള്ളില്‍ പാചകവും ശുദ്ധീകരണമാവുമായി കൂടണം എന്നല്ല.നിങ്ങളുടെ ക്വാളിറ്റി ടൈം വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം വിനിയോഗിക്കാന്‍ കഴിയുന്നു എന്ന് ഉറപ്പുവരുത്തുക. ബിസിനസില്‍ വിജയം കൈവരിക്കുമ്പോള്‍ അതാഘോഷിക്കാന്‍ കുടുംബവും കൂടെ വേണ്ടത് അനിവാര്യമാണ്. അതിനാല്‍ ബിസിനസിനും കുടുംബത്തിനും തുല്യ പ്രാധാന്യം നല്‍കുക. എത്ര സമയം കുടുംബത്തോടൊപ്പം ചെലവഴിച്ചു എന്നതിലല്ല കാര്യം. എത്ര ഫലവത്തായി നിങ്ങള്‍ സമയം ചെലവഴിച്ചു എന്നതിലാണ് കാര്യം.

5 സിഎസ്ആര്‍ തുടക്കം മുതല്‍ക്കേ

നിങ്ങളുടെ ബിസിനസ് ചെറുതോ വലുതോ ആവട്ടെ, കാലാകാലങ്ങള്‍ നിങ്ങള്‍ തുടങ്ങിയ സംരംഭം നിലനില്‍ക്കണം എന്ന ആശയുണ്ടെങ്കില്‍ തുടക്കം മുതല്‍ക്ക് സിഎസ്ആര്‍ പദ്ധതികള്‍ നടപ്പാക്കണം. വേണം സിഎസ്ആര്‍ നടപ്പാക്കാന്‍ ധാരാളം പണം ചെലവിടണമെന്നില്ല. എളിയതലത്തിലായിരുന്നാലും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക.നിങ്ങള്‍ സമൂഹത്തില്‍ നിന്നും നേടുന്നതിന്റെ ഒരു പങ്ക് സമൂഹത്തിനും മടക്കി നല്‍കുക.

6 ഫണ്ടില്‍ സ്വയം പര്യാപ്തത

ബിസിനസിനായി ഫണ്ട് കണ്ടെത്തുമ്പോള്‍ കഴിവതും മറ്റുള്ള കുടുംനഗങ്ങളെ ആശ്രയിക്കാതിരിക്കുക. പറഞ്ഞു വരുന്നത്, പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങാതിരിക്കുക എന്നാണ്.ഇപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പലിശരഹിത ലോണുകള്‍ നല്‍കുന്നുണ്ട്. അവ സ്വീകരിക്കാം. കാരണം ലോണുകള്‍ എടുക്കുമ്പോള്‍ ഉത്തരവാദിത്വം വര്‍ധിക്കും. ഏത് വിധേനയും സംരംഭം വിജയിപ്പിക്കണമെന്ന വാശിയോടെ പ്രവര്‍ത്തിക്കാന്‍ സ്വന്തം നിലയില്‍ മൂലധനം കണ്ടെത്തുന്നതാണ് നല്ലത്.

7 സമചിത്തതയോടെയുള്ള പെരുമാറ്റം

ഓഫീസിനകത്തും പുറത്തും സമചിത്തത അനിവാര്യമാണ്. സമയമില്ലെന്ന കാരണത്താല്‍ പലപ്പോഴും ഒഴിവാക്കുക വ്യക്തിപരമായ അല്ലെങ്കില്‍ കുടുംബ പരമായ കാര്യങ്ങളാകാം. ഇത് ആവര്‍ത്തിക്കപ്പെടുന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തുല്യപ്രാധാന്യത്തോടെ കാര്യങ്ങള്‍ ചെയ്യുക. ഓഫീസ് കാര്യങ്ങള്‍ നാളേക്ക് മാറ്റിവയ്ക്കുന്നതും തൊഴിലാളികളോട് അകാരണമായി കോപിക്കുന്നതും നെഗറ്റിവ് ഫലമുണ്ടാക്കുന്ന കാര്യങ്ങളാണ്. ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പോലും സമവായത്തോടെ പെരുമാറുക,

8 നിങ്ങള്‍ക്കായി സമയം കണ്ടെത്തുക

ബിസിനസ് തുടങ്ങി, നന്നായി നടത്തുന്നുണ്ട്. ഒപ്പം വീട്ടുകാര്യവും നോക്കുന്നു. വീട്ടുകാരുമായി സമയം ചെലവിടുന്നു. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ സമയമില്ല. ഈ അവസ്ഥയില്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരു പരാജയമാകുമെന്നതില്‍ ഒരു സംശയവും വേണ്ട. കാരണം ഒരു വ്യക്തിയുടെ വ്യക്തിപരമായ വികസനത്തിന് ഒറ്റയ്ക്കിരിക്കാന്‍ കുറച്ചുസമയം കണ്ടെത്തുക എന്നത് അനിവാര്യമാണ്. ഒഴിവുസമയങ്ങളില്‍ ബിസിനസുമായി ബന്ധമില്ലാത്ത ഹോബികളില്‍ ഏര്‍പ്പെടുക. മാനസിക പിരിമുറുക്കത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനാകും

9 ബിസിനസിനപ്പുറവും സൗഹൃദങ്ങള്‍

ബിസിനസിന്റെ ഭാഗമാകുമ്പോള്‍ ബിസിനസ് നെറ്റ്‌വര്‍ക്കുകളുടെ കൂടെ ഭാഗമായിത്തീരുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ബിസിനസ് വികസനത്തിന് വേണ്ടി മാത്രമുള്ളതാകരുത് സൗഹൃദങ്ങള്‍. വ്യക്തിപരവും മനസികാപരവുമായ പ്രശ്‌നനങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന സൗഹൃദങ്ങള്‍ കൂടി കൂടെ വളര്‍ത്താന്‍ കഴിയണം. ജീവിതത്തിലേയും ബിസിനസിലെയും കയറ്റിറക്കങ്ങള്‍ക്കിടയില്‍ ആവശ്യമെങ്കില്‍ മാനസിക പിന്‍ബലം തരാന്‍ മികച്ച സൗഹൃദങ്ങള്‍ക്ക് കഴിയും

10 തിരിച്ചടികളെ പുഞ്ചിരിയോടെ നേരിടുക

ബിസിനസ് എന്നത് ഏറെ ചലഞ്ചിംഗായ ഒരു മേഖലയാണ്. ഇവിടെ ജയാ പരാജയങ്ങള്‍ സ്വായഭാവികമാണ്. പരാജയങ്ങളും തിരിച്ചടികളും ജീവിതത്തിലെ വലിയ പാഠപുസ്തകങ്ങളാണെന്ന് മനസിലാക്കുക. പരാജയങ്ങളുടെ കാരണങ്ങള്‍ വിലയിരുത്തി അവയില്‍ നിന്ന് പാഠം പഠിക്കുക. ബിസിനസില്‍ ആക്റ്റിവ് ആകുന്നതിനനുസരിച്ച് പ്രൊഫഷണല്‍ ശത്രുതകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.സമൂഹത്തില്‍ നിന്നും ചിലപ്പോള്‍ കുടുംബത്തില്‍ നിന്നും വനിതാ സംരംഭകര്‍ക്ക് അപവാദങ്ങളും നിരുല്‍സാഹപ്പെടുത്തലുകളുമൊക്കെ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ മനസ് മടുക്കാതിരിക്കുക എന്നതാണ് പ്രധാനം. എല്ലാത്തിനേയും പോസറ്റിവ് ആയി മാത്രം കാണുക.

11 സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കാണുക

സാമ്പത്തിക പ്രതിസന്ധി ഏവര്‍ക്കുമുണ്ടാകും. ഇക്കാലഘട്ടത്തില്‍ ജീവനക്കാരെ അതിന്റെ യാഥാര്‍ത്ഥസ്ഥിതി പറഞ്ഞ് മനസിലാക്കുക. വരവില്‍ കവിജ്ഞുള്ള ധനവിനിയോഗം ആപത്താണ് എന്ന് മനസിലാക്കുക. അതിനാല്‍ ഇപ്പോഴും ജീവനക്കാര്‍ക്കുള്ള ആറു മാസത്തെ ശമ്പളം അകൗണ്ടില്‍ സൂക്ഷിക്കുക. ജീവനക്കാരാണ് ഒരു സ്ഥാപനത്തിന്റെ നട്ടെല്ല്. അതിനാല്‍ അവരുടെ ക്ഷേമത്തില്‍ കൈ കടത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.കൂടെ നില്‍ക്കുന്ന തൊഴിലാളികളോട് പ്രത്യേക നന്ദിയും മമതയും പ്രകടിപ്പിക്കാന്‍ മടിക്കരുത്.

12 സ്വയം മോട്ടിവേറ്റഡ് ആകുക

സ്ഥാപനത്തികത്തും പുറത്തും സിസ്റ്റമാറ്റിക് ആകുക. സ്ഥാപനത്തില്‍ എന്നും രാവിലെ ഹ്രസ്വമായ പ്രാര്‍ത്ഥന, മോട്ടിവേറ്റ് ചെയ്യാനുതകുന്ന സംഭാഷണങ്ങള്‍ എന്നിവ കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരേ മനസോടെ മുന്നേറാനും അന്നത്തെ പ്രവര്‍ത്തനലക്ഷ്യം നേടാനും ടീമിന് പിന്‍ബലമേകും. അത് പോലെ തന്നെ പ്രൊഫഷണല്‍ തലത്തിലും വ്യക്തി ജീവിതത്തിലും ഒരു സിസ്റ്റമാറ്റിക് ഓര്‍ഡര്‍ കൊണ്ട് വരണം.വൃത്തി, അടുക്കും ചിട്ടയും, പെരുമാറുന്ന രീതി, ടെലിഫോണ്‍ മര്യാദ തുടങ്ങിയ കാര്യങ്ങളൊക്കെ നിലനിര്‍ത്തണം. ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ശ്രമിക്കണം

13 എന്നും പഠിച്ചുകൊണ്ടിരിക്കുക

സംരംഭകത്വത്തിലേക്ക് വന്നു എന്ന് കരുതി ചുമതലകള്‍ അവിടെ അവസാനിക്കുന്നില്ല. മികച്ച സംരംഭകയാകണം എന്നാണ് ആഗ്രഹമെങ്കില്‍ ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണം. മാത്രമല്ല, ബിസിനസ് വികസനത്തിന് വേണ്ട അതിനൂതനമായ നടപടികള്‍ സ്വീകരിക്കുകയും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളെപ്പറ്റി ബോധവതിയാകുകയും വേണം. ചിറക്കത്തില്‍ മാറ്റം നിങ്ങളില്‍ നിന്നും തുടങ്ങണം

14 വേണം ടീം സ്പിരിറ്റ്

നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘത്തെ കണ്ടെത്തി അവരുമായി നിങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുക. നിങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നവരില്‍ നിന്ന് അകലം പാലിക്കുക.നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടെ ടീമംഗങ്ങളുടെ സ്വപ്നം കൂടിയാക്കി മാറ്റുക. അതിന് അവരോട് തുറന്നു സംസാരിക്കുക. സ്ഥാപനത്തിനകത്ത് സ്വന്തം നേതൃത്വത്തില്‍ ഇത്തരം നടപടി യാഥാര്‍ഥ്യമാക്കുകയെന്നത് അത്ര ശ്രമകരമായ കാര്യമല്ല.

15 ലക്ഷ്യങ്ങളില്‍ ഉറച്ചു നില്‍ക്കുക

ലക്ഷ്യങ്ങള്‍ തീരുമാനിക്കപ്പെട്ടാല്‍ അതില്‍ ഉറച്ചുനില്‍ക്കുക.തീരുമാനങ്ങള്‍ എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന സ്ത്രീകളാണ് ബിസിനസില്‍ വിജയം കൊയ്യുന്നവരിലേറെയും. ആ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എത്തുന്ന തലത്തെ കുറിച്ച് മനസില്‍ വ്യക്തമായ ധാരണയുണ്ടാക്കിവയ്ക്കുക. എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും പാതിവഴിയില്‍ ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് പോരരുത്.

Categories: FK Special, Slider

Related Articles