കൊട്ടാര ജീവിതം മടുത്തു; ഇനി സാധാരണ ജീവിതം നയിക്കുമെന്ന് ഹാരിയും മേഗനും

കൊട്ടാര ജീവിതം മടുത്തു; ഇനി സാധാരണ ജീവിതം നയിക്കുമെന്ന് ഹാരിയും മേഗനും

രാജകീയ പാരമ്പര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാനും പതിവുകള്‍ ഉപേക്ഷിക്കാനും ആഗ്രഹിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സസെക്‌സിലെ ഡ്യൂക്കും ഡച്ചസസുമായ ഹാരിയും ഭാര്യ മേഗനും. കൊട്ടാരത്തെ ഞെട്ടിച്ച തീരുമാനത്തിനു പിന്നില്‍ എന്തായിരിക്കാം കാരണം? രാജകുടുംബാംഗമെന്ന നിലയില്‍ പൊതുസമൂഹത്തിനു മുന്നില്‍ ലഭിച്ച താരപരിവേഷം ദോഷം ചെയ്‌തെന്നു ഹാരി രാജകുമാരന്‍ ഒരിക്കല്‍ പറയുകയുണ്ടായി. സ്വന്തം അമ്മയെ നഷ്ടപ്പെട്ടതടക്കം ജീവിതത്തിലെ അമൂല്യമെന്നു കരുതുന്ന പലതും നഷ്ടപ്പെട്ടതിന്റെ ദുഖം ലോകത്തോടു തുറന്നു പറയാന്‍ ഹാരി മടി കാണിച്ചില്ല. ഇപ്പോള്‍ കൊട്ടാരം വിട്ടിറങ്ങാന്‍ തീരുമാനിച്ചതും താരപരിവേഷം ഒഴിവാക്കാനുള്ള ശ്രമമാണോ ?

ബ്രെക്‌സിറ്റിനു (Brexit) ശേഷം 2020 ല്‍ മെഗ്‌സിറ്റ് (Megxit) അവതരിച്ചിരിക്കുകയാണ്. മെഗ്‌സിറ്റ് എന്ന പദം ബുധനാഴ്ച (ജനുവരി 8) വൈകുന്നേരം ട്വിറ്ററിലാണ് ഹാഷ്ടാഗ് ആയി ആദ്യം പ്രചരിച്ചു തുടങ്ങിയത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന പദവിയില്‍നിന്നും പിന്മാറുന്നുവെന്നും സാമ്പത്തിക സ്വാശ്രയത്തിനു വേണ്ടി പരിശ്രമിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും സൂചിപ്പിച്ചു കൊണ്ടു സസെക്‌സിലെ പ്രഭു ഹാരിയും, പ്രഭു പത്‌നി മേഗനും ചേര്‍ന്ന് പ്രസ്താവന പുറപ്പെടുവിച്ചതോടെയാണു മെഗ്‌സിറ്റ് എന്ന ഹാഷ്ടാഗില്‍ ഇതുസംബന്ധിച്ച വാര്‍ത്തയും അഭിപ്രായങ്ങളും പ്രചരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ കുറിക്കാനാണ് ബ്രെക്‌സിറ്റ് എന്ന പദം ഉപയോഗിച്ചത്. ബ്രിട്ടന്‍, എക്‌സിറ്റ് എന്നീ പദങ്ങളില്‍നിന്നാണ് ബ്രെക്‌സിറ്റ് രൂപപ്പെട്ടത്. ഇവിടെ മെഗ്‌സിറ്റ് രൂപപ്പെട്ടത് മേഗന്‍, എക്‌സിറ്റ് എന്നീ പദങ്ങളില്‍നിന്നാണ്. അഥവാ മേഗന്‍ കൊട്ടാരം വിട്ട് പുറത്തേയ്ക്ക് ഇറങ്ങുന്നതിനെ സൂചിപ്പിക്കാനാണ്. ബുധനാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണു ഹാരിയും മേഗനും ഈ വാര്‍ത്ത ആദ്യം പുറംലോകത്തെ അറിയിച്ചത്. അതാകട്ടെ ലോകത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഹാരിയും മേഗനും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സൂചനകളുണ്ട്. ഇനിയുള്ള കാലം യുകെയിലും കാനഡ ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയിലും സമയം ചെലവഴിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നാണു 35-കാരനായ ഹാരിയും 38 കാരിയായ മേഗനും അറിയിച്ചിരിക്കുന്നത്. അതിലൂടെ മകനായ ആര്‍ച്ചി ഹാരിസന് അവന്റെ അമേരിക്കന്‍, ഇംഗ്ലീഷ് വേരുകളെ കുറിച്ചു മനസിലാക്കുവാനും സാധിക്കുമെന്നും ദമ്പതികള്‍ കരുതുന്നുണ്ട്. മേഗന്‍ മെര്‍ക്കല്‍ കറുത്ത വംശജയാണെങ്കിലും അമേരിക്കന്‍ പൗരത്വമുള്ള വ്യക്തിയായിരുന്നു. ഹാരിക്ക് ഇംഗ്ലണ്ടിന്റെ പൗരത്വവും. ഒരു പുതിയ ചാരിറ്റി സ്ഥാപനത്തിനു തുടക്കമിടാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊട്ടാരം ജീവിതം ഉപേക്ഷിക്കുകയാണെന്ന ഹാരി-മേഗന്‍ ദമ്പതികളുടെ പ്രഖ്യാപനത്തോട് എലിസബത്ത് രാജ്ഞി തികച്ചും മൂര്‍ച്ചയില്ലാത്തത് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് പ്രതികരിച്ചത്. ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ കുഴപ്പം പിടിച്ചത് അഥവാ ‘കോംപ്ലിക്കേറ്റഡ്’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ‘വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ മനസിലാക്കുന്നു, പക്ഷേ ഇത് സങ്കീര്‍ണമായ പ്രശ്‌നമാണ്, അവ കൈകാര്യം ചെയ്യാന്‍ സമയമെടുക്കുമെന്നും’ രാജ്ഞിയുടെ വക്താവ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ സൂചിപ്പിച്ചു.

എന്തു കൊണ്ട് ഇപ്പോള്‍ ?

കാനഡയിലും യുകെയിലും ആറ് ആഴ്ച കുടുംബവുമായി അവധി ആഘോഷിച്ചതിനു ശേഷമാണു ഹാരിയും മേഗനും കൊട്ടാരം വിട്ട് ഇറങ്ങുകയാണെന്ന് അറിയിച്ചത്. കൊട്ടാര ജീവിതം സമ്മാനിച്ച താരപരിവേഷത്തിന്റെ ദോഷം അനുഭവിച്ചിട്ടുള്ള വ്യക്തിയാണു താനെന്നു നേരത്തേ ഹാരി അറിയിച്ചിട്ടുള്ളതാണ്. അമ്മ ഡയാന രാജകുമാരി പാപ്പരാസികളുടെ ശല്യത്തെ തുടര്‍ന്നാണു കാര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ടത്. ബാല്യം മുതല്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ചില്ലറയല്ല. അതിന്റെ ഭാരം ഇറക്കി വയ്ക്കാന്‍ താന്‍ ഒരാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും ഹാരി സമീപകാലത്ത് പറയുകയുണ്ടായി. തന്റെ ഭാര്യയാണെന്ന കാരണത്താല്‍ ഇപ്പോള്‍ മേഗനും ഈ അവസ്ഥയുണ്ടെന്നു ഹാരി പറഞ്ഞു. ഹാരിക്കും മേഗനും മകന്‍ ജനിച്ചതോടെ വീണ്ടും ജനശ്രദ്ധ നേടുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്ന് ഇരുവരും ആഗ്രഹിക്കുന്നുണ്ട്. മകന്‍ ആര്‍ച്ചിയുടെ ജനനം ഇരുവര്‍ക്കും പുതിയ തീരുമാനമെടുക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തിരിക്കുന്നു. വാസ്തവത്തില്‍, ആര്‍ച്ചിയുടെ പേരിടല്‍ ചടങ്ങ് തന്നെ ഈ നീക്കത്തെ കുറിച്ചു സൂചന നല്‍കുന്നതായിരുന്നു. കാരണം ആര്‍ച്ചിക്ക് ഔദ്യോഗിക പദവി നല്‍കേണ്ടതില്ലെന്നു ഹാരിയും മേഗനും തീരുമാനിച്ചിരുന്നു. ആര്‍ച്ചിക്ക് ഒരു സ്വകാര്യ ജീവിതത്തിനുള്ള അവകാശമാണ് ആ തീരുമാനത്തിലൂടെ ഹാരിയും മേഗനും അനുവദിച്ചു നല്‍കിയത്.

ഹാരിക്കും മേഗനും പദവി നഷ്ടപ്പെടുമോ ?

കൊട്ടാരം വിട്ട് ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഹാരിക്കും മേഗനും പദവി നഷ്ടപ്പെടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോള്‍ ഇരുവരും ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് സസെക്‌സ് ആണ് അഥവാ സസെക്‌സിലെ പ്രഭുവും പ്രഭുപത്‌നിയുമാണ്. കീഴ്‌വഴക്കം അനുസരിച്ച് ടൈറ്റില്‍ അഥവാ പദവി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പദവി നിലനില്‍ക്കുമോ അതോ നഷ്ടപ്പെടുമോ എന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരം എലിസബത്ത് രാജ്ഞിക്കാണ്. രാജകൊട്ടാരം വിട്ടിറങ്ങാന്‍ ഹാരിയും മേഗനും തീരുമാനിച്ചത് രാജ്ഞിയോട് ആലോചിച്ചതിനു ശേഷമായിരുന്നില്ല. ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനത്തെ തുടര്‍ന്നു കൊട്ടാരത്തിലുള്ളവര്‍ കടുത്ത നിരാശയിലാണെന്നു വാര്‍ത്തയുമുണ്ട്. മറ്റൊരു കാര്യം മേഗന്‍ കൊട്ടാരത്തിലെ പതിവുകള്‍ അല്ലെങ്കില്‍ പരമ്പരാഗത രീതി പിന്തുടര്‍ന്നു ജീവിക്കാന്‍ താല്‍പര്യപ്പെടുന്നൊരു വ്യക്തിയല്ലെന്നതാണ്. ഇക്കാര്യം അടിവരയിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹാരിയുമായുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്തുനിന്നും വിട്ടു നിന്നെങ്കിലും സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തനം തുടരുമെന്ന് മേഗന്‍ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്നും മേഗന്‍ അറിയിച്ചിരുന്നു.

സാമ്പത്തിക സ്വാശ്രയത്തിനു വേണ്ടി പരിശ്രമിക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം വിജയിക്കുമോ ?

കൊട്ടാരം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഹാരിയും മേഗനും പറഞ്ഞത് തങ്ങള്‍ സാമ്പത്തിക സ്വാശ്രയത്തിനു (financial independence) വേണ്ടി പരിശ്രമിക്കുമെന്നാണ്. അതിനര്‍ഥം ഇരുവരും ജോലി ചെയ്ത് വരുമാനം കണ്ടെത്തുമെന്നാണ്. പക്ഷേ, രാജുകുമാരന്‍ എന്ന പദവി വഹിക്കുന്ന ഹാരി എന്ത് ജോലി ചെയ്യും ? ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതൊരു വരുമാന മാര്‍ഗമല്ല. പിന്നെ എങ്ങനെയായിരിക്കും വരുമാനം കണ്ടെത്തുക ? ഏതെങ്കിലുമൊരു രൂപത്തില്‍ വരുമാനം നേടുന്നതില്‍നിന്ന് ഹാരിക്കും മേഗനും വിലക്കുണ്ട്. ഇരുവരുടെയും ഔദ്യോഗിക ചെലവുകളുടെ അഞ്ച് ശതമാനം വഹിച്ചിരുന്നത് സോവറിന്‍ ഗ്രാന്റില്‍നിന്നാണ് (Sovereign Grant) അഥവാ ചെലവ് വഹിച്ചിരുന്ന് യുകെ സര്‍ക്കാരാണ്. യുകെ സര്‍ക്കാര്‍ അനുവദിക്കുന്ന വാര്‍ഷിക തുകയാണു സോവറിന്‍ ഗ്രാന്റ്. ഹാരിയുടെയും മേഗന്റെയും സ്വകാര്യ, പ്രഫഷണല്‍ ചെലവുകള്‍ക്കുള്ള 95 ശതമാനം പണം കണ്ടെത്തുന്നത് ഹാരിയുടെ പിതാവ് ചാള്‍സില്‍നിന്നാണ്. പിതാവ് ചാള്‍സ് രാജകുമാരനില്‍നിന്ന് പണം സ്വീകരിക്കുന്നത് തുടരുമെന്നു ഹാരി പറഞ്ഞിട്ടുണ്ട്. ചാള്‍സ് രാജകുമാരനു വരുമാനം ലഭിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ എസ്റ്റേറ്റായ ഡച്ചി ഓഫ് കോണ്‍വാലില്‍ (Duchy of Cornwall) നിന്നാണ്. പക്ഷേ, ഹാരിയും മേഗനും സര്‍പ്രൈസ് പ്രഖ്യാപനത്തിലൂടെ രാജകുടുംബത്തെ വേദനിപ്പിച്ചതു കണക്കിലെടുക്കുമ്പോള്‍, പിതാവ് ചാള്‍സ് ഇരുവര്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കാന്‍ തീരുമാനമെടുത്താല്‍ ചാള്‍സില്‍നിന്നും ഹാരിക്ക് ഇതുവരെ ലഭിച്ചിരുന്ന ധനസഹായം തുടരുമോ എന്നതും സംശയമാണ്. അമ്മ ഡയാന രാജകുമാരിയില്‍നിന്നും ഹാരിക്ക് ദശലക്ഷക്കണക്കിന് സ്വത്തുക്കളും സമ്പാദ്യങ്ങളും ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഇവരുടെ ജീവിത രീതിയില്‍ ജീവിക്കാന്‍ ആ സ്വത്തും സമ്പാദ്യവും പര്യാപ്തമല്ലെന്നത് വേറൊരു കാര്യം. 30 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21,44,15,400.00 രൂപ) ഹാരിയും മേഗനും അവരുടെ വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലുള്ള ഔദ്യോഗിക വസതിയായ ഫ്രോഗ് മോര്‍ കോട്ടേജിന്റെ നവീകരണത്തിനായി ചെലവഴിച്ചത്. ഈ തുക ബ്രിട്ടനിലെ നികുതിദായകരില്‍നിന്നുമാണ് ഈടാക്കുന്നത്.

മേഗന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ മിടുക്കിയെന്ന് പിയേഴ്‌സ് മോര്‍ഗന്‍

രാജകൊട്ടാരം ഞെട്ടലോടെയാണ് ജനുവരി ഏഴാം തീയതി ചൊവ്വാഴ്ചയിലെ സായാഹ്നത്തെ വരവേറ്റത്. കൊട്ടാര ജീവിതം വിട്ട് താന്‍ സ്വതന്ത്ര ജീവിതം നയിക്കാന്‍ പോവുകയാണെന്നു ഹാരിയും ഭാര്യ മേഗനും പ്രസ്താവിച്ചതോടെയാണ് രാജകൊട്ടാരത്തിലുള്ളവര്‍ ഞെട്ടിയത്. പൊതുസമൂഹത്തിലും ഈ വാര്‍ത്ത കേട്ട് ഞെട്ടിയവര്‍ ധാരാളം. പല കോണുകളില്‍നിന്നും തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുവന്നു. ഹാരിയുടെയും മേഗന്റെയും പ്രസ്താവന കേട്ടതിനു ശേഷം ഗുഡ് മോണിംഗ് ബ്രിട്ടന്‍ എന്ന ടിവി പരിപാടിയുടെ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മേഗനെതിരേ നിരവധി ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. ബന്ധങ്ങള്‍ നശിപ്പിച്ച ചരിത്രമാണു മേഗനുള്ളതെന്നാണു പിയേഴ്‌സ് പറഞ്ഞത്. ആദ്യം മേഗല്‍ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു. പിന്നീട് സ്വന്തം പിതാവിനെ ഒഴിവാക്കി. അതിനു ശേഷം മേഗന്‍ പഴയ സുഹൃത്തുക്കളെ ഒഴിവാക്കി. ഹാരിയെ സ്വന്തം ജ്യേഷ്ഠനായ വില്യമില്‍നിന്നും വേര്‍പ്പെടുത്തി. ഇപ്പോള്‍ ഹാരിയെ രാജകുടുംബത്തില്‍നിന്നും വേര്‍പെടുത്തിയിരിക്കുന്നു പിയേഴ്‌സ് പറഞ്ഞു. ഹാരി-മേഗന്‍ ദമ്പതികള്‍ കാപട്യത്തിന്റെ വക്താക്കളാണെന്നും പിയേഴ്‌സ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന പറയുകയും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്ന വിമാനത്തില്‍ യാത്ര ചെയ്യുകയും ചെയ്യുന്നവരാണ് ഹാരിയും മേഗനും. ഔദ്യോഗിക വസതിയായ ഫ്രോഗ്‌മോര്‍ കോട്ടേജ് പുതുക്കി പണിയാന്‍ ചെലവഴിച്ച ദശലക്ഷക്കണക്കിന് പണം പൊതുജനങ്ങള്‍ നല്‍കിയ നികുതിപ്പണമായിരുന്നു. എന്നാല്‍ പബ്ലിക് ഇവന്റായ വിബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെറീന വില്യംസിന്റെ മത്സരം കാണാനെത്തിയപ്പോള്‍ അവിടെ വച്ച് മേഗന്റെ ചിത്രമെടുക്കാനെത്തിയവരെ തടഞ്ഞു. രാജകുടുംബാംഗം എന്ന നിലയില്‍ സ്വകാര്യത ആവശ്യമാണെന്നും ചിത്രമെടുക്കരുതെന്നും അവിടെ കൂടിയവരോടു പറഞ്ഞു. ഇത് വലിയ വിവാദങ്ങള്‍ക്കു കാരണമായി തീര്‍ന്നിരുന്നു. പൊതുജനത്തിന്റെ പണം ഉപയോഗിച്ചു ജീവിക്കുകയും വീട് മോടി പിടിപ്പിക്കുകയും ചെയ്യുന്നവര്‍ പൊതുജനങ്ങളോട് ചിത്രമെടുക്കരുതെന്ന് ആജ്ഞാപിച്ചത് പലരിലും ഇഷ്ടക്കേടുണ്ടാക്കുകയും ചെയ്തു.

Categories: Top Stories