കേരളത്തിനായി സാധ്യതകള്‍ മുതലെടുക്കാം

കേരളത്തിനായി സാധ്യതകള്‍ മുതലെടുക്കാം

സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ആഗോള നിക്ഷേപക സംഗമത്തില്‍ നടത്തിയിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുമത്

ഇന്നലെ സമാപിച്ച അസെന്‍ഡ് ആഗോള നിക്ഷേപക സംഗമം കേരളത്തിന്റെ സംരംഭകത്വ യാത്രയ്ക്ക് പുതിയ ദിശ നല്‍കുമോയെന്നതാണ് വ്യവസായലോകം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ പി ജയരാജനും ഉള്‍പ്പടെ ഭരണനേതൃത്വത്തിലിരിക്കുന്നവര്‍ സംരംഭകനും നിക്ഷേപകനും ആവേശം നല്‍കുന്ന വാക്കുകളാണ് പറഞ്ഞിരിക്കുന്നത്. തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നതുള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളും നടത്തി.

ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു വരുത്തി 250 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള, 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്ഥലത്തിന്റെ പരിധിയില്‍ ഇളവ് നല്‍കും, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതിയ്ക്ക് നല്‍കുന്ന ഡീംഡ് ലൈസന്‍സ് മാതൃക പ്രകാരം വൈദ്യുതി കണക്ഷനുള്ള അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണം തുടങ്ങി ബിസിനസിന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിദേശത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമായി പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് അസാധാരണമായ തലത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്നതാണ് പ്രവാസികളുടെ പലതലങ്ങളിലുള്ള ശേഷി. അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് നമ്മള്‍ ഇതുവരെ വിന്യസിച്ചത്.

കേരളത്തെ ഇന്ത്യയിലെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കണമെങ്കില്‍ ഭൂപരിഷ്‌കരണ നിയമം, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ഫാക്റ്ററി നിയമം എന്നിവയില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആഗോളാടിസ്ഥാനത്തില്‍ വിജയം കൈവരിച്ച മലയാളി സംരംഭകര്‍ സമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതില്‍ക്കല്‍ ലോകമെത്തി നില്‍ക്കുന്ന സമയത്ത് ടൂറിസത്തിലും ആരോഗ്യസേവനത്തിലും ഉല്‍പ്പാദനത്തിലും ഐടിയിലുമെല്ലാം കേരളത്തിനുള്ള സാധ്യതകള്‍ പുതുസങ്കേതങ്ങളുടെ പശ്ചാത്തലത്തില്‍ കൃത്യമായി അനാവരണം ചെയ്യാന്‍ അസെന്‍ഡ് ശ്രമിക്കുകയുണ്ടായി. സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയ്ല്‍ പാത പോലുള്ള വലിയ പദ്ധതികളും ഇലക്ട്രിക് മൊബിലിറ്റിയുടെ സാധ്യതകളും പൊതുഗതാഗതരംഗത്തുണ്ടാക്കുന്ന മാറ്റങ്ങളുമെല്ലാം വിശദമാക്കപ്പെട്ടു. അപാരമായ സാധ്യതകളാണ് കേരളത്തിന് ഇലക്ട്രിക് മൊബിലിറ്റി പോലുള്ള രംഗങ്ങളിലുള്ളത്. എന്നാല്‍ അതിന്റെ വിന്യാസത്തിലെ വേഗതയാണ് പ്രാവര്‍ത്തികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വെല്ലുവിളിയായി മാറുന്നത്.

ഏതാണ്ട് 36 ലക്ഷം തൊഴില്‍ രഹിതരാണ് സംസ്ഥാനത്തുള്ളത്. അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെങ്കില്‍ സംരംഭങ്ങള്‍ ഉണ്ടായേ തീരൂ. ജീവനക്കാരുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും സംരംഭങ്ങള്‍ അനുവദിക്കുന്നത്. പത്തു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാണ് ശ്രമം-അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തിന്റെ ആദ്യദിനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണിത്. സംസ്ഥാനത്തിന്റെ അടുത്തഘട്ട വികസനത്തിന് സംരംഭകത്വം ജനകീയവല്‍ക്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ വാക്കുകള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംരംഭകത്വത്തിന്റെ മുഖ്യധാരാവല്‍ക്കരണം ഇപ്പോള്‍ ദൃശ്യമാണെന്നത് വലിയ മാറ്റമാണ്. വിരലിലെണ്ണാവുന്ന വന്‍കിട സംരംഭങ്ങളേക്കാള്‍ കേരളം ശ്രദ്ധയൂന്നേണ്ടത് ആയിരക്കണക്കിന് പുതിയ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സൃഷ്ടിക്കാനാണ്.

Categories: Editorial, Slider