ചരിത്രപരമായ താഴ്ച്ചയിലേക്ക് പതിക്കരുത്

ചരിത്രപരമായ താഴ്ച്ചയിലേക്ക് പതിക്കരുത്

അഞ്ച് ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാം സാധാരണ നിലയിലാണെന്ന മട്ട് ഇനിയെങ്കിലും ഉപേക്ഷിക്കണം

ഇന്നലെ ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രമാണ്. നേരത്തെ ആറ് ശതമാനമെങ്കിലുമെത്തുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. ഇതിന് തൊട്ടുമുമ്പ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അഞ്ച് ശതമാനം തന്നെയാണ്. അതായത് 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ് രാജ്യം. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 5.8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെന്നത് ആശ്വാസം.

വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര വലിയ രീതിയിലൊന്നും നഷ്ടവേഗം തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് എന്‍എസ്ഒയുടെയും ലോകബാങ്കിന്റെയും എല്ലാം കണക്കുകള്‍ വ്യക്തമാക്കുന്നത്. നോമിനല്‍ ജിഡിപി (
നിലവിലെ വിപണിവിലകളെ മാത്രം അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച കണക്കാക്കല്‍ രീതി. ഇതില്‍ പണപ്പെരുപ്പവും പണച്ചുരുക്കവും പരിഗണിക്കപ്പെടില്ല) വളര്‍ച്ച 7.5 ശതമാനത്തിലേക്ക് താഴുമെന്നും പ്രവചിച്ചിട്ടുണ്ട്. നേരത്തെ ഇത് 12.5 ശതമാനമാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ 1978ന് ശേഷമുള്ള ഏറ്റവും മോശം കണക്കായിരിക്കുമിത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെല്ലുവിളികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്നതായി അനുമാനിക്കേണ്ടി വരും.

ഈ പ്രതിസന്ധിയെ അതിജീവിക്കണമെങ്കില്‍ അത്ര സാധാരണ നിലയിലല്ല ഇപ്പേങറ്റ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അത്തരമൊരു ആത്മാര്‍ത്ഥമായ സമീപനത്തിലൂടെ മാത്രമേ മാന്ദ്യത്തെ അതിജീവിക്കാന്‍ സാധിക്കൂ. നിക്ഷേപവും ഉപഭോഗവുമെല്ലാം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ ചെലവിടലില്‍ ഇതിനോടകം തന്നെ വമ്പന്‍ ഇടിവാണ് നേരിട്ടത്. പൊതുചെലവിടലും കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നികുതിവരുമാനത്തിലും ആശങ്കപ്പെടുത്തുന്ന ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയാതെ സമഗ്രമായ പരിഷ്‌കരണ പദ്ധതികളാണ് സര്‍ക്കാര്‍ ഈ അവസരത്തില്‍ ആവിഷ്‌കരിക്കേണ്ടത്.

Categories: Editorial, Slider